ഇ-പേമെന്റ് സംവിധാനം; നടപടി ശക്തമാക്കി വാണിജ്യ മന്ത്രാലയം
text_fieldsമസ്കത്ത്: വാണിജ്യ സ്ഥാപനങ്ങളിൽ പണമിടപാടിനായി ഇ-പേമെന്റ് സംവിധാനം ഒരുക്കാത്തതുമായി ബന്ധപ്പെട്ട് നടപടി ശക്തമാക്കി അധികൃതർ. മസ്കത്ത് ഗവർണറേറ്റിൽ രണ്ട് മാസത്തിനിടെ 444 കേസുകൾ രജിസ്റ്റർ ചെയ്തതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഇത്രയും കേസുകൾ എടുത്തിരിക്കുന്നത്. നിരവധി കടകളിൽ ഇ-പേമെന്റ് സംവിധാനം ലഭ്യമല്ലാത്തതുമായി ബന്ധപ്പെട്ട് ആളുകൾ സമൂഹമാധ്യമങ്ങളിൽ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിറകെയാണ് മന്ത്രാലയം വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
2022 ജനുവരിയിലാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേമെന്റ് സംവിധാനം അധികൃതർ നടപ്പാക്കിയത്. നിയമം നിലവിൽ വന്നതായും കഴിയുംവേഗം അതത് സ്ഥാപനങ്ങൾ നടപ്പാക്കണമെന്നും മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് പല സ്ഥാപനങ്ങളും ഇ-പേമെൻറ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടികൾ എടുത്തുകൊണ്ടിരിക്കുന്നത്.
ഫുഡ് സ്റ്റഫ് സ്ഥാപനങ്ങൾ, സ്വർണം-വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റാറൻറുകൾ, കഫേകൾ, പച്ചക്കറി പഴവർഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ-പേമെൻറ് സംവിധാനം നടപ്പാക്കിയത്. നിലവിൽ ചെറിയ സ്ഥാപനങ്ങൾ അധികവും ഇ-പേമെൻറ് സംവിധാനം നടപ്പാക്കിയിട്ടില്ല.
ഇത് നടപ്പിൽ വരുത്തുന്നത് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം അധികൃതരുടെ നടപടി. അതേസമയം, വ്യാപാരികൾക്ക് ഇ- പേമെന്റ് സംവിധാനത്തിനുള്ള ഉപകരണം നേടുന്നതിനുള്ള വെല്ലുവിളികൾ മറികടക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇത് വേഗത്തിൽ ലഭ്യമാക്കാൻ ബാങ്കുകളുമായും കമ്പനികളുമായും ഏകോപനം നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.