ഇ-സ്കൂട്ടറുകൾ വർധിക്കുന്നു; സുരക്ഷയിൽ ആശങ്ക
text_fieldsമസ്കത്ത്: ഒമാനിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഓഫിസിൽ പോകുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് സ്ത്രീകളും ഇത്തരം സൈക്കിളുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ അപകടസാധ്യതയും ഉയരുന്നുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞതും സമയം ലാഭിക്കാൻ കഴിയുന്നതും ആയതിനാൽ നിരവധി പേരാണ് ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത്. റോഡുകളിലെ ഗതാഗത തിരക്ക് ഒഴിവാക്കാനും പാർക്കിങ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും നിരവധി പേർ ഇ-സ്കൂട്ടറുകളിലേക്ക് നീങ്ങുന്നുണ്ട്.
ഓഫിസ് അടക്കമുള്ള ദിനേന സഞ്ചരിക്കേണ്ട ചുരുങ്ങിയ ദൂരത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ സൗകര്യമാണെന്ന് ഉപയോഗിക്കുന്നവർ പറയുന്നു. നടന്നുപോകുന്നവർക്ക് സമയം ലാഭിക്കാനും പെട്ടെന്ന് ലക്ഷ്യത്തിലെത്താനും സഹായകമാവുമെന്ന് ഇവർ പറയുന്നു. നഗരത്തിലെ പകൽ സമയത്തും മറ്റുമുള്ള ഗതാഗത തിരക്ക് ഒഴിവാക്കാനും ഇ-സ്കൂട്ടറുകൾ ഗുണകരമാവും. ചെലവ് തീരെ കുറവായതിനാലാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്.
അന്തരീക്ഷ മലിനീകരണവും മറ്റ് പ്രശ്നങ്ങളും ഒഴിവാക്കാൻ ഇലക്ട്രിക് വാഹനങ്ങൾ സഹായകമായതിനാൽ അധികൃതർ ഇത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ, ഇ-സ്കൂട്ടറുകൾ വർധിക്കുന്നത് അപകടസാധ്യതയും ഉയർത്തുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരക്കുള്ള നിരത്തുകളിൽ സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് വാഹനം ഓടിക്കുന്നവർക്കു തന്നെയും വലിയ സുരക്ഷ ഭീഷണിയാണ്. യാത്ര ആവശ്യങ്ങൾക്ക് പുറമെ ചരക്കുകൾ എത്തിക്കാനും ഡെലിവറിക്കുമൊക്കെ പലരും ഇ-സ്കൂട്ടറുകളും ഉപയോഗിക്കുന്നുണ്ട്. കാൽനടക്കാർക്കും മറ്റു വാഹനങ്ങൾക്കും പ്രയാസമുണ്ടാക്കി ഇത്തരം വാഹനങ്ങൾ ഓടിക്കുന്നവരും നിരവധിയാണ്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും ഗതാഗത നിയമങ്ങൾ ലംഘിച്ചും സൈക്കിളും ഇ-സ്കൂട്ടറുകളും ഉപയോഗിക്കുന്നവരുമുണ്ട്.
സുരക്ഷ ജാക്കറ്റുകളിടാതെയും രാത്രികാലങ്ങളിൽ ലൈറ്റുകൾ കത്തിക്കാതെയുമാണ് പലരും യാത്ര ചെയ്യുന്നത്. ഇത് വൻ അപകടങ്ങൾ വിളിച്ചുവരുത്തും. ഇത്തരം സൈക്കിളുകൾ പ്രധാന നിരത്തുകളിൽ ഇറക്കരുതെന്നും ഗതാഗത നിയമങ്ങളും സുരക്ഷ നിയമങ്ങളും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഹെൽമറ്റും മറ്റ് സുരക്ഷ ഉപകരണങ്ങളും ഇവർ ഉപയോഗിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.