മത്സ്യബന്ധന യാനങ്ങളിൽ ഇ-ട്രാക്കിങ് സംവിധാനം
text_fieldsമസ്കത്ത്: മത്സ്യബന്ധന യാനങ്ങളിൽ ഓട്ടോമാറ്റിക് ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം തുടക്കമിട്ടു. മത്സ്യബന്ധന പ്രവർത്തനങ്ങളുടെ നിരീക്ഷണം വർധിപ്പിക്കുന്നതിനും ഈ വ്യവസായത്തിന്‍റെ സുരക്ഷയെ പിന്തുണക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ മത്സ്യബന്ധന ബോട്ടുകളിലും രണ്ടാം ഘട്ടത്തിൽ മത്സ്യബന്ധന കപ്പലുകളിലും ഓട്ടോമാറ്റിക് ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഒരു സ്ഥാപനവുമായി മന്ത്രാലയം അടുത്തിടെ കരാർ ഒപ്പിട്ടിരുന്നു. ഇത് ഘടിപ്പിച്ചിരിക്കുന്ന ബോട്ടുകളിലേക്കും കപ്പലുകളിലേക്കും ഉപഗ്രഹം വഴി ബേസ് സ്റ്റേഷനുകളിൽനിന്നുള്ള വിവരങ്ങൾ കൈമാറാനും സ്വീകരിക്കാനും സാധിക്കുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ബോട്ടുകളെയും കപ്പലുകളെയും കുറിച്ചുള്ള ആവശ്യമായ വിവരങ്ങൾ ഓപറേറ്റിങ് റൂമുകളിലേക്ക് ഉപഗ്രഹങ്ങൾ വഴി ലഭ്യമാകും. ഇങ്ങനെ ലഭിക്കുന്ന ഡേറ്റകളും മറ്റും സ്പെഷലിസ്റ്റുകൾ വിശകലനം ചെയ്യുകയും ആവശ്യമുള്ളിടത്ത് ഉചിതമായ നടപടിയെടുക്കാൻ മാരിടൈം സെക്യൂരിറ്റി സെന്ററിലെ (എം.എസ്‌സി) ബന്ധപ്പെട്ട അധികാരികൾക്ക് വിവരങ്ങൾ കൈമാറുകയും ചെയ്യും. നൂതനമായ ഹാർഡ്‌വെയറുകളും സോഫ്‌റ്റ്‌വെയറുകളുമാണ് ഇതിന്‍റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരണങ്ങൾ നൽകാനും ഈ സംവിധാനം സഹായകമാകും. നിയമവിരുദ്ധമായ മത്സ്യബന്ധനം പെട്ടെന്ന് തിരിച്ചറിയാനും ഉപകരിക്കും. അതുകൊണ്ടുതന്നെ ഇത് മത്സ്യ ഉൽപാദനത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.