ഭൗമ മണിക്കൂർ ആചരണം: പരിപാടികൾ സംഘടിപ്പിക്കും
text_fieldsമസ്കത്ത്: ഭൗമ മണിക്കൂർ ആചരണം ഇൗ വർഷവും വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഒമാൻ പരിസ്ഥിതി സൊസൈറ്റി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘കണക്ട് ടു എർത്ത്’ എന്നതാണ് ഇൗ വർഷത്തെ ദിനാചരണത്തിെൻറ വിഷയം. ആഗോള ജൈവ വൈവിധ്യ വ്യവസ്ഥയുടെയും ആവാസ വ്യവസ്ഥയിൽ അതിെൻറ പ്രാധാന്യത്തെയും കുറിച്ച അവബോധം പകരുകയാണ് ഇൗ വർഷത്തെ ഭൗമമണിക്കൂർ ആചരണത്തിെൻറ പ്രധാന വിഷയം. ഇൗ മാസം 24ന് രാത്രി 8.30 മുതലാണ് ഭൂമിക്കായി ഒരു മണിക്കൂർ നേരം വിളക്കണക്കുക. ആഗോള വിഷയത്തിന് ഒപ്പം ഒമാനിൽ അറേബ്യൻ കൂനൻ തിമിംഗലങ്ങളുടെ സംരക്ഷണത്തിെൻറ പ്രാധാന്യം മനസ്സിലാക്കി നൽകുന്നതിനായുള്ള പരിപാടിയും അന്നേദിവസം സംഘടിപ്പിക്കും.
‘എസ്കേപ്പ് മസ്കത്തു’മായി ചേർന്ന് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന മത്സരമാണ് ഇതിൽ പ്രധാനപ്പെട്ടത്. പരിസ്ഥിതിപരമായ തെളിവുകളും വിവരങ്ങളും ഉപയോഗിച്ച് ഒളിഞ്ഞുകിടക്കുന്ന നിധി കണ്ടെത്തൽ മത്സരമാണ് ഒരുക്കുക. ഇതോടൊപ്പം ലൈവ് സംഗീത പരിപാടി, കുട്ടികൾക്കായി ചിത്രരചന മത്സരം, ഭക്ഷണ സ്റ്റാളുകൾ എന്നിവയും നടക്കും. ഭൗമമണിക്കൂർ ആചരണം നടക്കുന്ന സമയം പരിസ്ഥിതി ഡോക്യുമെൻററി പ്രദർശനവും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഏഴുവർഷമായി ഭൗമമണിക്കൂർ ആചരണം ഒമാനിൽ നടന്നുവരുന്നു. ഒാരോ വർഷവും കൂടുതൽ പേർ പരിപാടികളുടെ ഭാഗമാകുന്നുണ്ടെന്ന് പ്രോഗ്രാം വിഭാഗം ഡയറക്ടർ സുവാദ് അൽഹാർത്തി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.omanearthour.org സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.