തുർക്കിയയിലെ ഭൂകമ്പം; കരുതലിന്റെ കരങ്ങളുമായി ഒമാൻ
text_fieldsമസ്കത്ത്: ഭൂകമ്പം കശക്കിയെറിഞ്ഞ തെക്കുകിഴക്കൻ തുർക്കിയയിലെ വിവിധ സ്ഥലങ്ങളിൽ കരുതലിന്റെ കരങ്ങളുമായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീം.
പരിക്കേറ്റവർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കിയുള്ള രക്ഷാപ്രവർത്തനങ്ങളാണ് സേന നടത്തിക്കൊണ്ടിരിക്കുന്നത്. തുർക്കിയയിലെത്തിയ സേനയുടെ പ്രവർത്തനങ്ങൾക്ക് സി.ഡി.എ.എയിലെ ഓപറേഷൻസ് ആൻഡ് ട്രെയിനിങ് ഡയറക്ടർ ജനറൽ മുബാറക് ബിൻ സലിം അൽ അറൈമിയാണ് നേതൃത്വം നൽകുന്നത്. ബുധനാഴ്ച അദാനയിൽ എത്തിയ ടീം ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ അഡ്വൈസറി ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തതിനുശേഷം ഉടൻതന്നെ കർമനിരതരാകുകയായിരുന്നുവെന്ന് അൽ അറൈമി പറഞ്ഞു. തുർക്കിയയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ഹതയ്യിൽ ആണ് ടീം ക്യാമ്പ് സ്ഥാപിച്ചിട്ടുള്ളത്. അത്യാധുനിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെയാണ് തിരച്ചിലിലും മറ്റും പങ്കാളികളാകുന്നത്.
മറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതോടൊപ്പം, പ്രാദേശിക അധികാരികളുടെ ഏകോപനത്തിൽ പരിക്കേറ്റവർക്ക് വൈദ്യസഹായവും നൽകുന്നുണ്ട്. തുർക്കിയയിൽ ഭൂകമ്പം നടന്ന ഉടൻതന്നെ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ അഡ്വൈസറി ഗ്രൂപ്പുമായി ആശയവിനിമയം നടത്തുകയും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സേന പൂർണ സജ്ജമാണെന്ന് അറിയിക്കുകയുമായിരുന്നു. ഒമാനടക്കം വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള കാൽലക്ഷത്തോളം ദൗത്യസേനാംഗങ്ങളാണ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തുള്ളത്.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശത്തെ തുടർന്നായിരുന്നു സേന തുർക്കിയയിലെത്തിയത്. കൂടുതൽ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി അവശ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും മറ്റുമായി ഒമാന്റെ വിമാനങ്ങൾ കഴിഞ്ഞ ദിവസം തുർക്കിയയിലെത്തിയിട്ടുണ്ട്.
ഒമാൻ റോയൽ എയർഫോഴ്സുമായി സഹകരിച്ചാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളും മറ്റും എത്തിക്കുന്നത്. അവശ്യവസ്തുക്കളുമായി സിറിയൻ മണ്ണിലേക്കും ഒമാനിൽനിന്ന് വിമാനങ്ങൾ പറന്നിരുന്നു. ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ കുറക്കാനുള്ള തുർക്കിയ, സിറിയ രാജ്യങ്ങളുടെ നടപടികൾക്ക് ഒമാന്റെ പൂർണ പിന്തുണ സുൽത്താൻ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.