പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ ആഘോഷം
text_fieldsമസ്കത്ത്: പ്രത്യാശയുടെ സന്ദേശം പകർന്ന് ഒമാനിലെ ദേവാലയങ്ങളിൽ ഈസ്റ്റർ ആഘോഷിച്ചു. ക്രിസ്തുവിന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും ശേഷമുള്ള പുനരുദ്ധാനം മാനവരാശിക്ക് നൽകുന്ന സന്ദേശം പ്രത്യാശയുടെയും പ്രതീക്ഷയുടേതുമാണ്. ജീവിതം അസ്തമിച്ചെന്ന് കരുതുന്നവർക്കും വേദനാജനകമായ അനുഭവങ്ങളിൽനിന്നും പ്രതിസന്ധികളിൽനിന്നുമുള്ള അതിജീവനവും ഉയിർത്തെഴുന്നേൽപുമാണ് ഈസ്റ്റർ നൽകുന്ന സന്ദേശമെന്ന് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചവർ പറഞ്ഞു.
ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി ദേവാലയങ്ങളിൽ നടന്ന ഉയിർപ്പ് പെരുന്നാൾ ആരാധനകൾക്ക് മെത്രാപ്പോലീത്തമാരും വൈദികരും കാർമികത്വം വഹിച്ചു.
മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർന്നബാസ്, ഗാലാ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ അഹ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തിയോഫിലോസ്, ഗാലാ മൊർത്ത്ശ്മൂനി യാക്കോബായ സുറിയാനി പള്ളിയിൽ ഒമാൻ പാട്രിയാർക്കൽ വികാരി സഖറിയ മാർ ഫിലക്സിനോസ് തുടങ്ങിയ മെത്രാപ്പോലീത്തമാരും വൈദികരുമാണ് വിവിധ പള്ളികളിൽ നടന്ന ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്.
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്നുവർഷവും വിശ്വാസികളുടെ പങ്കാളിത്തം പരിമിതമായിരുന്നെങ്കിലും ഇത്തവണ നൂറുകണക്കിന് വിശ്വാസികളാണ് ഓരോ പള്ളിയിലും വിശുദ്ധവാര ആരാധനകളിൽ പങ്കെടുത്തത്.
മത്സ്യ, മാംസാദികൾ വർജിച്ചുള്ള 50 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളുടെ പൂർത്തീകരണം കൂടിയാണ് വിശ്വാസികൾക്ക് ഉയിർപ്പ് പെരുന്നാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.