സാമ്പത്തിക വളർച്ച; സ്വകാര്യ മേഖല വഹിക്കുന്നത് സുപ്രധാന പങ്ക് -സുൽത്താൻ
text_fieldsമസ്കത്ത്: രാജ്യത്തെ ബിസിനസ് ഉടമകളുമായി ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കൂടിക്കാഴ്ച നടത്തി. അൽ ബറക കൊട്ടാരത്തിൽ നടന്ന പരിപാടിയിൽ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വളർന്നുവരുന്ന കമ്പനികളുടെയും പ്രതിനിധികൾ സംബന്ധിച്ചു.
ഭരണകൂടവും സ്വകാര്യമേഖലയും തമ്മിലുള്ള ഫലപ്രദമായ പങ്കാളിത്തത്താൽ രാജ്യത്ത് കൈവരിച്ച നേട്ടങ്ങളെയും ഫലങ്ങളെയും കുറിച്ച് സുൽത്താൻ അവലോകനം ചെയ്തു.
രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിന്റെ തുടർച്ചയായ പുരോഗതി ബിസിനസുകാരുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും വിവിധ സാമ്പത്തിക മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന ആകർഷകമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാറും സ്വകാര്യമേഖലയും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ സുൽത്താൻ, സ്വകാര്യ മേഖലയുമായുള്ള ഇത്തരം തുടർച്ചയായ കൂടിക്കാഴ്ചകളും വ്യവസായികളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതും ഈ മേഖല നേരിടുന്ന വെല്ലുവിളികളും നിർദേശങ്ങളും ചർച്ചചെയ്യുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തെ സ്വകാര്യമേഖല കമ്പനികളുടെ ശ്രമങ്ങളെ പ്രകീർത്തിച്ച സുൽത്താൻ ഹൈതം ബിൻ താരിഖ്, ഒമാനിലെ സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിലും ബിസിനസ് അന്തരീക്ഷം രൂപപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു എന്നു പറഞ്ഞു. ആഗോള ബാങ്കിങ്, സാമ്പത്തിക നയങ്ങൾ എന്നിവയിൽ സംഭവിക്കുന്ന സംഭവവികാസങ്ങളുടെ വേഗം നിലനിർത്താൻ അദ്ദേഹം ഒമാനി ബാങ്കിങ് മേഖലയോടും നിർദേശിച്ചു.
ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പായി മാറുന്നതിനും ആഗോള വിപണിയിൽ മത്സരിക്കുന്നതിനും വേണ്ടി പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വികസിപ്പിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും സ്വകാര്യമേഖല കമ്പനികളോട് സുൽത്താൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.