സമ്പദ്വ്യവസ്ഥ കോവിഡ്ബാധയിൽ നിന്ന് കരകയറി -മന്ത്രാലയം
text_fieldsമസ്കത്ത്: കോവിഡ് പ്രതികൂലമായി ബാധിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറിയതായി ധനകാര്യ മന്ത്രാലയം. രാജ്യത്ത് സമ്പദ്വ്യവസ്ഥയുടെ പ്രകടനവും മന്ത്രാലയത്തിന്റെ കഴിഞ്ഞ വർഷത്തെ പരിപാടികളും സംരംഭങ്ങളും അവലോകനം ചെയ്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അധികൃതർ. പത്താം പഞ്ചവത്സര പദ്ധതിയിലെ വികസന പദ്ധതികൾ നടപ്പാക്കുന്നതിലെ പുരോഗതിയും മന്ത്രാലയം വിലയിരുത്തി. മൂന്ന് പ്രാഥമിക ഘടകങ്ങളിൽ ഒമാൻ സാമ്പത്തിക വ്യവസ്ഥ പ്രയോജനം ഉണ്ടാക്കുന്നുണ്ട്. ഭരണം, നയങ്ങളിലെ വ്യക്തത, പത്താം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ പദ്ധതികൾ നടപ്പാക്കൽ എന്നിവയാണവ. രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം കഴിഞ്ഞ രണ്ടുവർഷമായി ഉയരുകയാണ്. 2021ൽ വളർച്ച മൂന്നു ശതമാനവും 2022ൽ 4.3 ശതമാനവുമാണ് ആഭ്യന്തര ഉൽപാദന വളർച്ച. പൊതുകടം ആഭ്യന്തര ഉൽപാദനത്തിന്റെ 37 ശതമാനം കുറഞ്ഞു. ഇത് രാജ്യത്തിന്റെ വായ്പ റേറ്റിങ്ങിൽ പ്രതിഫലിക്കും.
പൊതു കടം കുറക്കുക, വികസന കാര്യത്തിൽ കൂടുതൽ ചെലവഴിക്കുക, നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്നിവ സാമ്പത്തിക വ്യവസ്ഥക്ക് വലിയ സംഭാവനയാണ് നൽകുക. നിലവിൽ നിരവധി വെല്ലുവിളികൾ ഉണ്ടെങ്കിലും സാമ്പത്തിക വ്യവസ്ഥ ശരിയായ രീതിയിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഈ വർഷം ആദ്യ പകുതിയിൽ ആഭ്യന്തര ഉൽപാദന മൂല്യത്തിൽ 2.1 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ വർഷം ആദ്യ പകുതിയേക്കാൾ ഒരു ശതകോടി റിയാലിന്റെ നേട്ടമാണുണ്ടായത്. ഈ വർഷം 2.3 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഐ.എം.എഫ് 1.7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഐ.എം എഫ് 1.9 ശതമാനം പണപ്പെരുപ്പമാണ് പ്രതീക്ഷിക്കുന്നതെങ്കിലും രാജ്യത്തെ പണപ്പെരുപ്പം ഈ വർഷം ഒരു ശതമാനം വർധിക്കുമെന്നാണ് കരുതുന്നത്.
നിക്ഷേപങ്ങളിൽ നിന്നുള്ള ചെലവിടൽ ഈ വർഷം 4.5 ശതകോടിയായി ഉയരും. ഈ വർഷം ആദ്യ പകുതിയിൽ പൊതു കടം 16.3 ശതകോടിയായി കുറഞ്ഞു. ഈ കാലയളവിൽ പൊതുകടം 23.2 ശതകോടി റിയാലാവുമെന്നാണ് പ്രതീക്ഷിച്ചത്. ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ പദ്ധതികൾക്കായി എട്ട് ശതകോടി റിയാലാണ് ഈ വർഷം ജൂലൈ വരെ ചെലവഴിച്ചത്. വിവിധ ഗവർണറേറ്റുകളിലെ 606 പദ്ധതികൾക്കായി 20 ദശലക്ഷം വീതവും നൽകിയിരുന്നു.
പണപ്പെരുപ്പം പിടിച്ചുനിർത്താൻ നിരവധി പദ്ധതികളും സർക്കാർ നടപ്പാക്കുന്നുണ്ട്. എണ്ണവില സ്ഥിരപ്പെടുത്തൽ, ഇലക്ട്രിസിറ്റി സബ്സിഡിക്കുള്ള കാലാവധി 10 വർഷമായി ദീർഘിപ്പിക്കൽ, വാറ്റ് ഒഴിവാക്കിയ ഉൽപന്നങ്ങളുടെ എണ്ണം 513 ആയി ഉയർത്തൽ, ഗോതമ്പ് കൃഷി പ്രോത്സാപ്പിക്കാൻ കൃഷിക്കാരിൽനിന്നും ഗോതമ്പ് വാങ്ങൽ എന്നിവ ഇതിൽ ഉൾപ്പെടും. മന്ത്രാലയങ്ങളിലും സർക്കാർ ഏജൻസികളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നടപ്പാക്കാൻ പത്ത് ദശലക്ഷം റിയാലും വകയിരുത്തിയിരുന്നു. ഒമാനും മറ്റു ലോക രാജ്യങ്ങളുമായി നിക്ഷേപ മേഖലയിൽ 34 പരസ്പര സഹകരണ കരാറുകളും ഒപ്പിടുകയും ചെയ്തെന്ന് സാമ്പത്തിക മന്ത്രി ഡോ. സഈദ് മുഹമ്മദ് അൽ സഖ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.