ഇക്കണോമിക് സോൺ: മന്ത്രിതല സംഘം ബുറൈമി സന്ദർശിച്ചു
text_fieldsമസ്കത്ത്: ബുറൈമി ഗവർണറേറ്റിലെ മഹാദ വിലായത്തിലെ അൽറൗദയിൽ 'സാമ്പത്തിക മേഖല' (ഇക്കണോമിക് സോൺ) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശത്തെതുടർന്നാണ് ഇവിടെ സാമ്പത്തിക മേഖല ഒരുങ്ങുന്നത്. ഹെലികോപ്ടറിൽ എത്തിയ സംഘം അൽ റൗദ പൊലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. കേണൽ സെയ്ഫ് റാഷിദ് അൽ കൽബാനി അൽ റൗദയെയും സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളെ കുറിച്ച് വിശദീകരിച്ചു.
കാർഷിക മേഖലയിൽ നിക്ഷേപം നടത്താൻ നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളും സംഘം സന്ദർശിച്ചു. ഈ മേഖലയിൽ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിക്കുകയും ചെയ്തു. അൽ റൗധ ബോർഡർ പോസ്റ്റ് (ബി) സന്ദർശിച്ച സംഘം കസ്റ്റംസുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു.
ധനകാര്യ മന്ത്രി സുൽത്താൻ സലിം അൽ ഹബ്സി, പ്രത്യേക സാമ്പത്തിക മേഖലകൾക്കും ഫ്രീസോണുകൾക്കുമുള്ള പബ്ലിക് അതോറിറ്റി ചെയർമാൻ ഡോ. അലി മസൂദ് അൽ സുനൈദി (ഒപാസ്), കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സി, ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ സഈദ് അൽ ഷുവൈലി, സാമ്പത്തിക മന്ത്രി ഡോ. സഈദ് മുഹമ്മദ് അൽ സഖ്രി എന്നിവരാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്. ബുറൈമി ഗവർണർ സയ്യിദ് ഡോ. ഹമദ് അഹമ്മദ് അൽ ബുസൈദി, മഹാദയിലെ വാലി ശൈഖ് അബ്ദുല്ല സലിം അൽ ഫാർസി, ഗവർണറേറ്റിലെ ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.