സ്വദേശി സ്കൂളുകളിൽ അധ്യയനം ആരംഭിച്ചു
text_fieldsമസ്കത്ത്: നീണ്ട മാസങ്ങളുടെ ഇടവേളക്കുശേഷം രാജ്യത്തെ സ്വദേശി സ്കൂളുകളിൽ അധ്യയനം പുനരാരംഭിച്ചു. 2020 മാർച്ചിലാണ് കോവിഡ് മഹാമാരിമൂലം ആദ്യമായി സ്കൂളുകൾ അടക്കുന്നത്. പിന്നീട് ഓൺലൈൻ ക്ലാസുകളായിരുന്നു. 2020 നവംബർ ഒന്നിന് ഉയർന്ന ക്ലാസുകളിലെ കുട്ടികൾക്ക് അടക്കം ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ പുനരാരംഭിച്ചെങ്കിലും രണ്ടാം തരംഗം മൂലം വീണ്ടും അടച്ചിരുന്നു. സാധാരണ വേനലവധി കഴിഞ്ഞ് രാജ്യത്തെ സ്വദേശി സ്കൂളുകൾ തുറക്കുന്നത് സെപ്റ്റംബറിൽ തന്നെയാണ്. കഴിഞ്ഞ മാസങ്ങളിൽ വാക്സിനേഷൻ നടപടികൾ ഊർജിതമാക്കിയതോടെ ഒമാൻ വിദ്യാർഥികളെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. 12നും 17നുമിടയിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് ഒമാൻ രണ്ട് ഡോസ് വാക്സിനും നൽകിയത്. ഏഴ് ലക്ഷത്തിലധികം വിദ്യാർഥികളാണ് പുതിയ അക്കാദമികവർഷത്തിൽ സ്കൂളുകളിലേക്ക് തിരികെയെത്തിയത്. ഏഴ് മുതലുള്ള ക്ലാസുകാർക്കാണ് റെഗുലർ ക്ലാസുകൾ ഉള്ളത്. സ്കൂളിൽ വന്ന ഭൂരിഭാഗം കുട്ടികളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരായിരുന്നു. രണ്ടാം ഡോസ് ഇതുവരെ ലഭിക്കാത്ത വിദ്യാർഥികൾക്ക് ഇനി സ്കൂളിൽ എത്തി വാക്സിൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
കർശനമായ സുരക്ഷാമുൻകരുതലുകളോടെയാണ് ക്ലാസുകൾ പുനരാരംഭിച്ചത്. അധ്യാപകർ അടക്കം ജീവനക്കാർ കഴിഞ്ഞ ആഴ്ചതന്നെ സ്കൂളുകളിൽ എത്തിയിരുന്നു. പ്രവേശനകവാടത്തിൽ വാക്സിൻ സർട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമേ അകത്തേക്ക് കടത്തിവിട്ടുള്ളൂ. ആദ്യ ദിവസമായതിനാൽ മിക്ക കുട്ടികൾക്കൊപ്പം രക്ഷിതാക്കളും വന്നിരുന്നു. സ്കൂളിൽ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നില്ല. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഏറെ ആഹ്ലാദത്തിലും ആവേശത്തിലുമായിരുന്നു. ശാരീരികാസ്വാസ്ഥ്യം ഉള്ളവരെ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്ന് മുതൽ ആറുവരെ ക്ലാസുകളിൽ ഓൺലൈൻ-ഓഫ്ലൈൻ വിദ്യാഭ്യാസരീതിയായിരിക്കും പിൻതുടരുക. ഒരു ക്ലാസിൽ 20ൽ താഴെ കുട്ടികൾ മാത്രമുള്ള സ്കൂളുകളിൽ ക്ലാസുകൾ പതിവുപോലെ നടക്കും. 12ാം ക്ലാസുകാർക്ക് പതിവുപോലെ ക്ലാസുകൾ ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.