പടിവാതിൽക്കൽ പെരുന്നാൾ; തിരക്കിലലിഞ്ഞ് നാടും നഗരവും
text_fieldsമത്ര: സീസണ് കച്ചവടം പുരോഗമിക്കാതെ നിരാശയിലാണ്ട വ്യാപാരമേഖലക്ക് ആശ്വാസമായി പെരുന്നാള്‍ മാർക്കറ്റുകള്‍ സജീവമായി. വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരുടെ ഈ മാസത്തെ ശമ്പളം അക്കൗണ്ടുകളിലെത്തിയതോടെയാണ് വിപണി ആലസ്യം വിട്ട് സജീവമായത്. കഴിഞ്ഞ ദിവസങ്ങളില്‍ മത്ര സൂഖുകളിലും മറ്റ് വിപണനകേന്ദ്രങ്ങളിലും അഭൂത പൂർവമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ചെറിയ പെരുന്നാൾപോലുള്ള തിരക്ക് ബലിപെരുന്നാളിന് അനുഭവപ്പെടുക സാധാരണമല്ലെങ്കിലും എല്ലാ മേഖലകളിലും ഇത്തവണ തിരക്ക് ദൃശ്യമായി. ഹോള്‍സെയില്‍-റീട്ടെയില്‍ രംഗത്തുള്ളവര്‍ക്കൊക്കെ വിപണിയിലെ മാറ്റം പ്രകടമാണ്. ചൂടും കഴിഞ്ഞ മാസങ്ങളിലെ സാലറി നേരത്തെ വാങ്ങിയതുമൊക്കെയാണ് വിപണിയെ തളര്‍ത്താന്‍ കാരണം. പിന്നെ സാമ്പത്തിക മാന്ദ്യവും വില്ലനായി ഉണ്ടായിരുന്നു. ബുധനാഴ്ച വരെ വിപണിയിൽ കാര്യമായ ചലനമോ ഓളങ്ങളോ ദൃശ്യമാകാതെ വന്നപ്പോള്‍ ഈ വര്‍ഷത്തെ സീസണ് നഷ്ടമാകുമോ എന്ന ഭീതി നിലനിന്നിരുന്നു.
സകല ആശങ്കകളെയും അസ്ഥാനത്താക്കിയാണ് പെരുന്നാളിനെ വരവേല്‍ക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയത്. മത്രയുടെ എക്കാലത്തേയും ശാപമായ നീണ്ട ട്രാഫിക്കുകളെയും വാഹന ബാഹുല്യത്തെയും കത്തിക്കാളുന്ന ചൂടിനെയും അതിജീവിച്ച് മണിക്കൂറുകള്‍ വാഹനങ്ങളില്‍ കറങ്ങിയാണ് ജനങ്ങള്‍ എത്തിയത്. പെരുന്നാള്‍ സമയങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള തെരുവുകച്ചവടത്തിന് പതിവിന് വിപരീതമായി ഈ പെരുന്നാളിന് അനുമതി നല്‍കാത്തത് സൂഖിന്റെ ഉത്സവച്ഛായക്ക് മങ്ങലേറ്റുവെങ്കിലും വരും ദിവസങ്ങളിലും സൂഖ് സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.