വിശുദ്ധിയുടെ നിറവിൽ പെരുന്നാൾ ആഘോഷിച്ചു
text_fieldsമസ്കത്ത്: റമദാനിൽ നേടിയെടുത്ത വിശുദ്ധിയുടെ നിറവിൽ വിശ്വാസി സമൂഹം ചെറിയപെരുന്നാൾ ആഘോഷിച്ചു. പുലർച്ച തന്നെ മസ്ജിദുകളിലേക്കും ഈദ്ഗാഹുകളിലേക്കും ഒഴുകിയ ജനങ്ങൾ തക്ബീർ ധ്വനികളാൽ ഭക്തിസാന്ദ്രമാക്കി. റമദാനിൽ കൈവരിച്ച വിശുദ്ധിയും സൂക്ഷ്മതയും വരുംകാലങ്ങളിലുള്ള ജീവിതത്തിനും വഴികാട്ടാൻ ഉതകുന്നതായിരിക്കണമെന്ന് ഇമാമുമാർ പെരുന്നാൾ പ്രഭാഷണങ്ങളിൽ വിശ്വാസികളെ ഉണർത്തി.
പരസ്പരം ആശ്ലേഷിച്ചും ഈദ് ആശംസകൾ കൈമാറിയുമാണ് മസ്ജിദുകളിൽനിന്നും ഈദ്ഗാഹുകളിൽനിന്നും ആളുകൾ പിരിഞ്ഞുപോയത്. വിവിധ ഇടങ്ങളിൽ ലഘുവിഭവങ്ങളും മധുരപാനീയങ്ങളും വിതരണം ചെയ്തു.
മലയാളികളടക്കമുള്ളവർ ബന്ധുവീട്ടിലും മറ്റും സന്ദർശിച്ചു. പെരുന്നാൾ ആഘോഷിക്കാൻ ജനങ്ങൾ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഉച്ചയോടെ തന്നെ ഒഴുകാൻ തുടങ്ങിയിരുന്നു. സ്വദേശികളോടൊപ്പം വിദേശികളും എത്തിയതോടെ റോഡുകളിൽ പലയിടത്തും ഗതാഗത തടസ്സവും നേരിട്ടു. റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വേണ്ട ക്രമീകരണങ്ങളുമായി രംഗത്തുണ്ടായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ്ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങളായിരുന്നു ഒരുക്കിയത്. മസ്കത്ത് ഗവർണറേറ്റിലെ അൽഖോർ മസ്ജിദിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മമാരിയാണ് നമസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകിയത്.
രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സ്റ്റേറ്റ് കൗൺസിൽ ചെയർമാൻമാർ, സുൽത്താന്റെ സായുധസേനയുടെയും മറ്റു സൈനിക, സുരക്ഷ വിഭാഗങ്ങളുടെയും കമാൻഡർമാർ, ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളുടെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, ഉപദേശകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഈദ് പ്രാർഥനകൾക്കുശേഷം അൽ ആലം കൊട്ടാരത്തിൽ തിരിച്ചെത്തിയ സുൽത്താന് നിരവധി പേർ ആശംസ കൈമാറി.
രാജകുടുംബാംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരായിരുന്നു ആശംസകൾ കൈമാറിയത്. ആശംസകൾക്ക് നന്ദി പറഞ്ഞ സുൽത്താൻ തിരിച്ചും അഭിവാദ്യങ്ങൾ കൈമാറി.
റൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ എൻ. മുഹമ്മദ് അലി ഫൈസി, മത്ര ത്വാലിബ് മസ്ജിദിൽ ശൈഖ് അബ്ദുൽ റഹ്മാൻ മൗലവി, ബൗഷർ സുന്നി സെന്ററിന് കീഴിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് മദ്റസത്തുറഹ്മ പ്രിൻസിപ്പൽ ആശിഖുൽ ഹാദി വാഫി നേതൃത്വം നൽകി.
മബേല കെ.എം.സി.സിയുടെയും മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കൻഡറി ഖുർആൻ മദ്റസയുടെയും ആഭിമുഖ്യത്തിൽ മബേലയിൽ രണ്ടിടത്ത് പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു.
മബേല ബി.പിയിൽ ഒമാൻ ഓയിൽ പെട്രോൾ സ്റ്റേഷന് സമീപത്തെ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഷക്കീർ ഫൈസി തലപ്പുഴയും മബേല ഇന്ത്യൻ സ്കൂളിന് സമീപം ഹയാ മസ്ജിദിൽ മുഹമ്മദ് ഉവൈസ് വഹബിയും നേതൃത്വം നൽകി.
സലാല: സലാല സുൽത്താൻ ഖാബൂസ് മസ്ജിദ് ഉൾപ്പടെയുള്ള പള്ളികളിൽ നടന്ന ഈദ് നമസ്കാരത്തിന് ആയിരങ്ങളാണ് എത്തിയത്. വിവിധ മലയാളി കൂട്ടായ്മകൾ ഈദ് നമസ്കാരവും ഈദ്ഗാഹും ഒരുക്കിയിരുന്നു. ഐ.എം.ഐ സലാല മസ്ജിദ് ഉമർ റാവാസിൽ സംഘടിപ്പിച്ച നമസ്കാരത്തിന് കെ. ഷൗക്കത്തലി മാസ്റ്റർ നേതൃത്വം നൽകി. റമദാനിൽ കൈവരിച്ച വിശ്വാസ കരുത്ത് പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള കരുത്താകണമെന്ന് അദ്ദേഹം ഉണർത്തി.
സുന്നി സെന്റർ മസ്ജിദ് ഹിബ്റിൽ ഒരുക്കിയ ഈദ് നമസ്കാരത്തിന് അബ്ദുല്ലത്തീഫ് ഫൈസിയാണ് നേതൃത്വം നൽകിയത്. ഐ.സി.എഫ് സലാല മസ്ജിദ് ബാ അലവിയിൽ ഒരുക്കിയ ഈദ് നമസ്കാരത്തിന് അഷ്റഫ് ബാഖവിയും മസ്ജിദ് ഹഫീളിൽ നടന്ന നമസ്കാരത്തിന് റാഫി സഖാഫിയും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.