പെരുന്നാൾ ആഘോഷം: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്
text_fieldsമസ്കത്ത്: പെരുന്നാൾ അവധി ആരംഭിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്. രാജ്യത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ചൊവ്വാഴ്ച വൈകീട്ട് മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മസ്കത്ത് മേഖലയിലെ മത്ര കോർണീഷ്, മസ്കത്ത് പാലസ്, റുസൈൽ പാർക്, ഖുറിയാത്ത് ഡാം തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലേക്കും ജനങ്ങൾ ഒഴുകുകയായിരുന്നു. ഇത്തരം മേഖലകളിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ഒമാന്‍റെ പല ഭാഗത്ത്നിന്നും മസ്കത്ത് മേഖലയിലേക്കും മസ്കത്തിൽനിന്നും മറ്റു ഭാഗങ്ങളിലേക്കും ജനങ്ങൾ അവധി ആഘോഷിക്കാൻ എത്തുന്നുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ മിക്കതും അർധരാത്രിവരെ തുറന്നുപ്രവർത്തിക്കുന്നുണ്ട്. അതിനാൽ, രാത്രിവരെ നഗരങ്ങളിൽ തിരക്കും അനുഭവപ്പെട്ടിരുന്നു. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്കും എളുപ്പത്തിൽ എത്താൻ കഴിയുന്നതിനാൽ മത്ര കോർണീഷിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ഫോട്ടോ എടുക്കാൻ നിരവധി പേരാണ് പാലസ് ഗ്രൗണ്ടിൽ എത്തുന്നത്. ഖുറിയാത്ത് ഡാമും സന്ദർശകരുടെ ഇഷ്ട കേന്ദ്രമാണ്. ഡാം അർധ രാത്രിവരെ തുറന്നുപ്രവർത്തിക്കുന്നതിനാൽ രാത്രി വൈകിയും വൻ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. ഭക്ഷണ സാധനങ്ങളുമായി മറ്റുമായി കുടുംബത്തോടെ എത്തി രാത്രി വൈകി തിരിച്ചുപോവുന്നവരും നിരവധിയാണ്. എന്നാൽ സ്വന്തമായി വാഹനം ഉള്ളവർക്ക് മാത്രം എത്താൻ കഴിയുന്നതിനാൽ ഇവിടെ തിരക്ക് അനുഭവപ്പെടുന്നില്ല. റൂസൈൽ പാർക്ക് ഏറെ വിശാലമായി കിടക്കുന്നതിൽ കുടുംബങ്ങളുടെ ഇഷ്ട കേന്ദ്രമാണിത്.
കുട്ടികൾക്കും മുതിർന്നവർക്കും കളിക്കാനും ഉല്ലസിക്കാനും ഇവിടെ സൗകര്യമുള്ളതിനാൽ നിരവധി കുടുംബങ്ങൾ വൈകീട്ട് മുതൽ ഇവിടെ തമ്പടിക്കാറുണ്ട്. രാത്രി പാർക്ക് അടക്കുന്നതോടെയാണ് പലരും തിരിച്ച് പോവുന്നത്. രണ്ടുവർഷത്തെ ഇടവേളക്കുശേഷം ലഭിച്ച അവധിയായതിനാൽ എല്ലാവരും വീട്ടിൽനിന്ന് പുറത്തിറങ്ങുന്നുണ്ട്. ചൂട് കൂടുതലാണെങ്കിലും കടുപ്പം കുറഞ്ഞതും രാത്രികാലങ്ങളിൽ പ്രയാസകരമല്ലാത്ത കാലാവസ്ഥ അനുഭവപ്പെടുന്നതും വിനോദ സഞ്ചാരികൾ വർധിക്കാൻ കാരണമായിട്ടുണ്ട്. പ്രധാന വിനോദസഞ്ചര കേന്ദ്രമായ നിസ്വയിലെ കോട്ട കാണാനും നിസ്വയുടെ സൗന്ദര്യം ആസ്വദിക്കാനും നിരവധി പേർ എത്തുന്നുണ്ട്. ബഹ്ല, നഖൽ, റുസ്താഖ്, വാദി ഹൊകൈൻ തുടങ്ങിയ കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
തിങ്കളാഴ്ച പെരുന്നാൾ പ്രാർഥനയും സൽക്കാരങ്ങളും തിരക്കുമായതിനാൽ മലയാളികൾ പലരും താമസയിടങ്ങളിൽ തന്നെ തങ്ങിയിരുന്നു. പിക്നിക്കുകളും ദൂര യാത്രകളുമൊക്കെ ചൊവ്വാഴ്ച മുതലാണ് പലരും ആരംഭിച്ചത്. അവധിയായതിനാൽ വരും ദിവസങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെടും. എന്തായാലും നീണ്ട കാലത്തിനുശേഷം ലഭിച്ച അവധി പരമാവധി ആഘോഷമാക്കാനുള്ള തിരക്കിലാണ് മലയാളികൾ അടക്കമുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.