പെരുന്നാൾ ആഘോഷം: വിദേശത്തേക്ക് പറന്നത് 35,000ൽ അധികം സ്വദേശികൾ
text_fieldsമസ്കത്ത്: പെരുന്നാൾ ആഘോഷിക്കാനായി വിദേശത്തേക്ക് പോയത് 35,000 ഒമാനികളും അവരുടെ കുടുംബങ്ങളുമെന്ന് കണക്കുകൾ. മസ്കത്ത് എയർപോർട്ടിലെയും അതിർത്തി ചെക്ക് പോസ്റ്റുകളിലെയും സ്ഥിതി വിവരകണക്കുകളുടെയും അടിസ്ഥാനത്തിലാണ് അധികൃതർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ഒമ്പത് ദിവസത്തെ അവധി ലഭിച്ചതോടെയാണ് ഇത്രയും പേർ യാത്ര നടത്തിയത്.
യുനൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി, തായ്ലൻഡ്, ടാൻസനിയ, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങളായിരുന്നു കൂടുതൽ ആളുകൾ സന്ദർശിച്ചത്. ദേശീയ വിമാനക്കമ്പനികളായ ഒമാൻ എയറും സലാം എയറും അവധിക്കാലത്ത് മിക്കവാറും ദിവസങ്ങളിൽ മുഴുവൻ യാത്രക്കാരുമായാണ് സേവനം നടത്തിയിരുന്നത്. വാഹനമോടിച്ച് അതിർത്തി രാജ്യങ്ങളായ ദുബൈയിലേക്കും അബൂദബിയിലേക്ക് പോയവരും ഏറെയാണ്. അതുകൊണ്ടു തന്നെ അതിർത്തികളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. അവധിക്കാലം കൂടുംബത്തോടൊപ്പം ടാൻസനിയിൽ നല്ല ഒരു അനുഭവമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയത്തിൽ സിവിൽ എൻജിനീയറായി ജോലിചെയ്യുന്ന അലി അൽ-മഹ്റൂക്കി പറഞ്ഞു.
പലപ്പോഴും ഒമ്പതു ദിവസം ഈദ് അവധിക്കായി ലഭിക്കാറില്ല. അതുകൊണ്ടുതന്നെ, ഈ അവധി പരമാവധി പ്രയോജനപ്പെടുത്താൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷവും കോവിഡിെൻറ പിടിയിലമർന്നതിനാൽ പെരുന്നാൾ ആഘോഷങ്ങൾ നാല് ചുമരുകൾക്കുള്ളിലായിരുന്നു നടന്നിരുന്നത്. എന്നാൽ, ഈ വർഷം കേസുകൾ കുറഞ്ഞതോടെ കോവിഡ് നിയന്ത്രണങ്ങളിൽ രാജ്യം ഇളവുവരുത്തിയിട്ടുണ്ട്. കോവിഡ് കേസുകൾ കുറഞ്ഞതും നിയന്ത്രണങ്ങൾ ഇല്ലാത്തതുമായ രാജ്യങ്ങളിലേക്കായിരുന്നു ആളുകൾ യാത്ര നടത്തിയിരുന്നത്. സ്വദേശികളെപോലെ തന്നെ പ്രവാസികളും വിദേശരാജ്യങ്ങളിലേക്കും സ്വന്തം നാട്ടിലേക്കുമായി പെരുന്നാൾ ആഘോഷിക്കാനായി തിരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.