ബലിമൃഗം: സുഹാർ മാർക്കറ്റിൽ തിരക്ക് വർധിച്ചു
text_fieldsസുഹാർ: ബലിപെരുന്നാൾ ആഗതമായതോടെ സൂഖുകളിൽ തിരക്ക് വർധിച്ചു. ബലി അറുക്കാനുള്ള ആടുമാടുകൾക്കാണ് ഡിമാൻഡ് കൂടുതൽ. സുഹാർ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മാർക്കറ്റിന് മുന്നിലെ ഗ്രൗണ്ടിലാണ് വിൽപന. രാവിലെ മുതൽ വാഹനങ്ങളുടെയും വാങ്ങാൻ എത്തുന്നവരുടെയും തിരക്കാണിവിടെ. പിക്കപ് വാഹനങ്ങളിൽ കൊണ്ടുവരുന്ന ആടുകൾ നിമിഷം കൊണ്ടാണ് വിറ്റുപോകുന്നത്. ദൂര ദിക്കുകളിൽനിന്നാണ് കന്നുകാലികളെ മാർക്കറ്റിലെത്തിക്കുന്നത്. ആടുകളാണ് കൂടുതൽ വിറ്റഴിഞ്ഞ് പോകുന്നത്. നാടൻ മുതൽ വിവിധ തരം ആടുകളെ വിൽപനക്കെത്തിച്ചിട്ടുണ്ട്. കോവിഡിന്‍റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ടുവർഷവും ഇതുപോലുള്ള വിൽപന അധികൃതർ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇപ്രാവശ്യം നിയന്ത്രണങ്ങൾ ഇല്ല. അതുകൊണ്ടുതന്നെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ബലി അർപ്പിക്കുന്നതിനാവശ്യമായ കത്തി, അനുബന്ധ ഉപകരണങ്ങൾ, പായ, വല്ലം, ഇറച്ചി ചുട്ടെടുക്കാനുള്ള കമ്പ്, കരി, ഗ്രിൽ ഇവയൊക്കെ വിറ്റഴിഞ്ഞ് പോകുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. സ്വദേശികൾ മാത്രമല്ല, വിദേശികളും ബലി അറുക്കാൻ താൽപര്യം കാട്ടാറുണ്ട്. അതിൽ ബംഗ്ലാദേശികളും പാകിസ്താനികളുമാണ് മുന്നിൽ. ഇക്കൂട്ടർ പാർപ്പിട സ്ഥലത്ത് കൂട്ടമായി ചേർന്നാണ് ബലി അറുക്കുക. മലയാളികളും വലിയ മാടുകളെ ഷെയർ വിഹിതം വാങ്ങിച്ച് ബലി അറുക്കുന്നുണ്ട്. വലിയ അറവുമാടിന് 200 മുതൽ 250 റിയാൽ വരെ വിലവരും. അഞ്ചുപേർ ചേർന്ന് വാങ്ങിയാണ് അറവ് നടത്തുന്നത്. ഒമാനികളുടെ ഇഷ്ടഭക്ഷണമായ ഷുവ ഉണ്ടാക്കാനും ആടുകളെ വാങ്ങിക്കും. അറുത്ത് കഷണങ്ങളാക്കി മസാല പുരട്ടി വലിയ കുഴിയിൽ കനലിൽവെച്ച് ഒരു ദിവസത്തിനു ശേഷം പുറത്തെടുക്കുന്ന വിഭവമാണ് ഷുവ. പെരുന്നാൾ പോലുള്ള വിശേഷ അവസരത്തിൽ മാത്രമേ ഷുവ പാകം ചെയ്യുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.