പെരുന്നാൾ ; ഹബ്ത മാർക്കറ്റുകളിൽ തിരക്കേറി
text_fieldsമസ്കത്ത്: റമദാൻ അവസാന പത്തിൽ എത്തിയതോടെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഈദ് ഹബ്തകൾ സജീവമായി. പെരുന്നാൾ സമയത്ത് കന്നുകാലികൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ, വിവിധ തരം ഭക്ഷണങ്ങൾ, മറ്റ് സാധനങ്ങൽ എന്നിവ വാങ്ങാൻ നിരവധി ആളുകളാണ് ഹബ്ത ചന്തകളിൽ എത്തുന്നത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ ഇത്തരം ചന്തകളിൽ കഴിഞ്ഞ വർഷം വേണ്ടത്ര ഉണർവുണ്ടായിരുന്നില്ല. എന്നാൽ, ഈ വർഷം കൂടുതൽ ആളുകൾ മാർക്കറ്റിലേക്ക് എത്തുന്നുണ്ട്. രാജ്യത്തിന്റെ തനത് പാരമ്പര്യങ്ങളിൽപെട്ട ഒന്നാണ് ഹബ്ത മാർക്കറ്റുകൾ.
നോമ്പ് അവസാന പത്തിലാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പെരുന്നാളിനോട് അനുബന്ധിച്ച് ഇത്തരം ചന്തകൾ ഉയരുക. കന്നുകാലികൾ അടക്കം പെരുന്നാളിന് ജനങ്ങൾക്കുവേണ്ട എല്ലാ വസ്തുക്കളും ഇവിടങ്ങളിൽ ലഭിക്കും. സൂര്യോദയം മുതൽ രാവിലെ പതിനൊന്ന് വരെയും ചിലയിടങ്ങളിൽ ഉച്ചക്ക് ഒരു മണി വരെയുമായിരിക്കും ഹബ്തയുണ്ടാവുക. ഹബ്ത നടക്കുന്ന വിലായത്തിൽനിന്ന് മാത്രമല്ല അയൽ വിലായത്തുകളിൽനിന്നും ജനങ്ങളെത്തും. കന്നുകാലികളെയും മറ്റും വളർത്തുന്നവർക്ക് നല്ല വിലയിൽ ഉരുക്കളെ വിൽക്കാനുള്ള അവസരം കൂടിയാണിത്. പണ്ടുമുതലേയുള്ള ശീലമായതുകൊണ്ട് റമദാൻ അവസാന ഘട്ടത്തിലാണ് ജനങ്ങൾ മാർക്കറ്റ് സന്ദർശിക്കാൻ കാത്തിരിക്കുകയെന്ന് പേരു വെളിപ്പെടുത്താത്ത സ്വദേശി പൗരൻ പറഞ്ഞു.
കുട്ടികൾക്ക് ഒമാനി പാരമ്പര്യങ്ങളെക്കുറിച്ച് ആധികാരികമായി മനസ്സിലാക്കിക്കൊടുക്കാനുള്ള അവസരം കൂടിയാണ് ഇത്തരം ഹബ്ത മാർക്കറ്റുകളെന്നും അദ്ദേഹം പറഞ്ഞു. സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കന്നുകാലികളെയും ആടുകളെയും പശുക്കളെയും ഒട്ടകങ്ങളെയും വാങ്ങാൻ ആളുകൾ എത്തും. കന്നുകാലികളെ വാങ്ങാൻ ഹബ്തയിൽ പോകുന്നത് ഒരു പ്രത്യേക അനുഭവമാണെന്ന് ഇബ്രി വിലായത്തിലെ ഇബ്രാഹിം അൽ സഈദി പറഞ്ഞു. ഈദ് ഹബ്തകളിൽ പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ നിരവധി കന്നുകാലികളെ തിരഞ്ഞെടുക്കാനാവും. പലപ്പോഴും വിലപേശി കന്നുകാലികളെ വാങ്ങിക്കാൻ കഴിയുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. തുറന്ന ഇടങ്ങളിലോ ഈന്തപ്പനകൾ, മാവ്, ഗാഫ് മരം എന്നിവയുടെ തണലിലോ കോട്ടകൾക്കും മാളികൾക്കും സമീപമോ ആണ് സാധാരണ ഹബ്ത മാർക്കറ്റുകൾ കണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.