പെരുന്നാൾ അവധി അഞ്ചു ദിവസം ; ഓഫിസുകളിൽ ഹാജർ കുറയും
text_fieldsമസ്കത്ത്: പെരുന്നാൾ അവധി വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെയാക്കിയത് ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഹാജർ കുറയാൻ കാരണമാകും. ചൊവ്വാഴ്ച മുതൽ സർക്കാർ ഓഫിസുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും പൊതുവെ തിരക്ക് കുറവായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ പലരും മൂന്നു ദിവസം കൂടി അവധി എടുത്ത് ഞായറാഴ്ച മാത്രമാണ് വീണ്ടും ജോലിയിൽ പ്രവേശിക്കുക. എന്നാൽ, അവധി കുറഞ്ഞതിനാൽ ഒമാനിൽനിന്ന് പുറത്തേക്കുള്ള യാത്രകൾ കുറയും. സാധാരണ സ്വദേശികൾ ഒന്നാം പെരുന്നാൾ സ്വന്തം വീട്ടിലും രണ്ടാം പെരുന്നാൾ കുടുംബാംഗങ്ങളോടുമൊപ്പം തറവാട്ട് വീട്ടിലുമായിരിക്കും ആഘോഷിക്കുക.
ഇത് കഴിഞ്ഞാൽ ഒരു ദിവസം മാത്രമാണ് അവധി ലഭിക്കുന്നത്. അതിനാൽ പലരും പുറത്തേക്കുള്ള യാത്രകൾ കുറക്കും. ഇത് ദുബൈ അടക്കമുള്ള അയൽരാജ്യങ്ങളിലേക്കുള്ള ഒഴുക്ക് കുറയാൻ കാരണമാക്കും. വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ഒമ്പതു ദിവസത്തെ അവധി പ്രതീക്ഷിച്ചാണ് പലരും യാത്രകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അവധി പ്രതീക്ഷിച്ച് ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും നടത്തിയവരെല്ലാം മൂന്നു ദിവസം കൂടി അധിക അവധിയെടുത്ത് യാത്രകൾ തുടരും. ഇന്ത്യ അടക്കമുള്ള സെക്ടറിലേക്ക് ടിക്കറ്റെടുത്തവരും ഞായറാഴ്ച മാത്രമായിരിക്കും സ്ഥാപനങ്ങളിൽ തിരിച്ചെത്തുക. കേരളത്തിലേക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. അതിനാൽ നിരവധി പേർ പെരുന്നാൾ അവധിക്ക് നാട്ടിൽ പോവുന്നുണ്ട്.
കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വൺവേക്ക് 37 റിയാൽ മാത്രമാണ് ഈടാക്കുന്നത്. പെരുന്നാൾ അവധിക്കാലത്ത് പോലും വൺവേക്ക് 66 റിയാലാണ് കൂടിയ നിരക്ക്. കൊച്ചിയിലേക്ക് പെരുന്നാൾ അവധിക്കാലത്ത് നിരക്കുകൾ 134 റിയാൽ വരെ വർധിക്കുന്നുണ്ട്. ഒമാൻ എയറും സാധാരണ ദിവസങ്ങൾ കുറഞ്ഞ നിരക്കുകൾ തന്നെയാണ് ഈടാക്കുന്നത്. നിരക്കുകൾ കുറഞ്ഞതോടെ കുറഞ്ഞ വരുമാനക്കാരായ നിരവധി പേർ യാത്രക്കൊരുങ്ങുന്നുണ്ട്. പെരുന്നാൾ അവധി കുറഞ്ഞതും വ്യാഴാഴ്ച മുതൽ ആരംഭിക്കുന്നതും ഒമാനിലെ ആഭ്യന്തര ടൂറിസം മേഖലകളിൽ തിരക്ക് വർധിക്കാൻ സഹായിക്കും. പെരുന്നാളിന് ശേഷം രണ്ട് ദിവസം മാത്രം അവധി ലഭിക്കുന്നതിനാൽ അയൽരാജ്യങ്ങളിലക്ക് പോവുന്നവരുടെ എണ്ണം കുറയും.
സാധാരണ അവധിക്കാലത്ത് ഏറ്റവും കൂടുതൽ യാത്ര നടക്കുന്നത് യു.എ.ഇയിലേക്കാണ്. ഇത്തവണ യു.എ.ഇയിലേക്ക് പോവുന്നവരുടെ എണ്ണവും കുറയും. പുറത്ത് പോവുന്നവരുടെ എണ്ണം കുറവായതിനാൽ ഒമാനിലെ എല്ലാ വിനോദ സഞ്ചാര മേഖലകളിലും തിരക്ക് വർധിക്കും. പ്രധാന ബീച്ചുകളിലും പാർക്കുകളിലും നല്ല തിരക്ക് അനുഭവപ്പെടും. സംഘടനകളും കൂട്ടായ്മകളും ഈദ് സംഗമങ്ങളും ആഘോഷ പരിപാടികളും ടൂറുകളും സംഘടിപ്പിക്കുന്നുണ്ട്. ഏതായാലും അവധി കുറഞ്ഞത് ഒമാനിലെ ആഭ്യന്തര വിനോദ സഞ്ചാര മേഖലക്ക് അനുഗ്രഹമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.