പെരുന്നാള്‍: മത്ര സൂഖ് ഉണർന്നു
text_fieldsതെരുവിലും കടകളിലും ഒരുപോലെ ഉപഭോക്താക്കള്‍ വരുന്നുണ്ട്
അഷ്റഫ് കവ്വായി
മത്ര: പെരുന്നാള്‍ ആഘോഷത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മത്ര സൂഖ് ഉണര്‍ന്നു. വിവിധ ഭാഗങ്ങളില്‍ തെരുവ് കച്ചവടക്കാർ കൂടി രംഗം കൈയടക്കിയതോടെ വിപണി പൂര്‍ണതോതില്‍ സജീവമായി. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് വരുത്തിവെച്ച വ്യാപാര നഷ്ടങ്ങളൊക്കെ നികത്തതക്കവിധം കച്ചവടം പൊടിപൊടിച്ചതോടെ വ്യപാരികളുടെ പരിഭവങ്ങളും അലിഞ്ഞില്ലാതായിരിക്കുകയണ്.
നോമ്പിന്‍റെ തുടക്കത്തിലുണ്ടായ പതിവ് മാന്ദ്യം റമദാന്‍ പകുതി പിന്നിട്ടതോടെ മെല്ലെ നീങ്ങിയിരുന്നു. സ്വദേശികള്‍ക്ക് ശമ്പളം കൂടി ലഭിച്ചതോടെ ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടുംബസമേതം കൂട്ടത്തോടെ സൂഖുകളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. പെരുന്നാൾ തലേന്നുവരെ ഇനി തിരക്ക് നിലനില്‍ക്കും.
പകല്‍ നേരങ്ങളില്‍ ചൂട് കനത്തതിനാല്‍ രാത്രിയാണ് നല്ല തിരക്ക് അനുഭവപ്പെടുന്നത്. എല്ലാ വിഭാഗം കച്ചവടക്കാര്‍ക്കും വിപണിയിലെ ഇളക്കം അനുഗ്രഹമായി. പെരുന്നാൾ സമയങ്ങളില്‍ മാത്രം മുനിസിപ്പാലിറ്റി മൗനാനുവാദം നല്‍കുന്നതിനാല്‍ തെരുവുകളില്‍ വിവിധതരം കച്ചവടക്കാരെ കൊണ്ട് നിറഞ്ഞു. സൂഖ് ദര്‍വാസയിൽ നിന്നുതിരിയാന്‍ പറ്റാത്ത വിധം ജനബാഹുല്യമാണ്. ഉപ്പിലിട്ട മാങ്ങ മുതല്‍ ചുട്ട ഇറച്ചിവരെ വേണ്ടതെല്ലാം ഈ തെരുവിലെ രാത്രി വിപണിയില്‍ ലഭ്യമായതിനാല്‍ പൂരപ്പറമ്പിന്‍റെ പ്രതീതിയാണ്.
കൂടാതെ പാദരക്ഷകള്‍ മുതല്‍ ഫാഷന്‍ ആഭരണങ്ങളുടെ വിപണികളും തെരുവിലെ ആകര്‍ഷക ഇനങ്ങളാണ്. രാത്രി സൂചികുത്താന്‍ പറ്റാത്ത വിധം പുരുഷാരങ്ങള്‍ ഇവിടെ നിറഞ്ഞു കവിയും. മത്ര സൂഖിന്‍റെ പഴയ പ്രതാപം തിരിച്ചെത്തിയെന്ന ആശ്വാസം എല്ലാ വിഭാഗം ജനങ്ങളിലും പ്രകടമാണിപ്പോള്‍.
തെരുവിലും കടകളിലും ഒരുപോലെ ഉപഭോക്താക്കള്‍ നിറയുന്നുണ്ട്. തെരുവില്‍ വിലകുറഞ്ഞ സാധനങ്ങളും കടകളില്‍ വില പേശിയും സാധനങ്ങള്‍ സ്വന്തമാക്കാന്‍ സൗകര്യമുള്ളതു കൊണ്ടാണ് സൂഖില്‍ വര്‍ധിച്ച തോതില്‍ ജനങ്ങള്‍ ഇരമ്പിയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.