മനുഷ്യസ്നേഹത്തിന്റെ മഹോത്സവമായ ഈദ് പ്രാർഥനകൾ
text_fieldsഒമാനിലെന്റെ ജീവിതാനുഭവങ്ങളിൽ സൗമ്യതയുടെ മുഖവുമായെത്തുന്ന റമദാൻ ഓർമകൾക്ക് ഇരുപതാണ്ടുകളുടെ പ്രായമായി. റമദാനും ഈദും പോലുള്ള ഒത്തുചേരലുകളെത്തുമ്പോൾ അകന്നു പോയ സുഹൃത്തുക്കളെ ചേർത്ത് നിർത്താനുള്ള ആഘോഷങ്ങളായത് മാറുകയാണ്. സന്തോഷം നിറഞ്ഞ ഈയവസരങ്ങളിലൊരുമിക്കുന്ന ഒമാനിലെ മലയാളി സമൂഹം സത്യത്തിലൊരു കുടുംബമായി മാറിക്കഴിഞ്ഞിരിക്കുന്നു. നാട്ടിലും, മറുനാട്ടിലുമായി കണ്ട് പിരിഞ്ഞവർ തമ്മിലുള്ള സ്നേഹ സംഗമങ്ങളായി മാറുന്ന അവധി ദിവസങ്ങളുടെ സന്തോഷത്തിന് ഈദ് അവധികൾ മാറുകയായി. നാട്ടിലെ കുട്ടികളും, കുടുംബ ബന്ധുക്കളും, സുഹൃത്തുക്കളുമായി ഓൺലൈൻ വിഡിയോ കോളുകൾ കൊണ്ട് ഈദിന്റെ സന്തോഷതിരകൾ ഉയർന്നു കഴിഞ്ഞു. രാവേറെ നീളുന്ന ഈദ് ആഘോഷം റമദാൻ ശേഷം വന്നു ചേരുന്ന നോമ്പുകാരന്റെ ആഹ്ലാദമാണ്. ഭൗതികതക്ക് മേൽ ആത്മീയത നേടിയ വിജയം. മനസിന്റെ പരിശീലനത്തിനും ശിക്ഷണത്തിനും ദൈവമാർഗത്തിലുള്ള ഈ അച്ചടക്കവും, അനുസരണവും നിറഞ്ഞ പ്രാർഥനക്ക് കഴിയുമെന്ന് മനസിലാക്കാം.
റമദാനെന്ന വിശ്വാസികളുടെ ആത്മീയ മഹോത്സവത്തിന്റെ തിരിതാഴ്ന്നുവെങ്കിലും സഹവർത്തിത്വത്തിന്റെ മധുരസന്ദേശങ്ങൾ നമ്മിൽ ബാക്കിയാവുന്നു. മതമൗലികതക്കപ്പുറം, മാനവികതയുടെ ആഴം വ്യക്തമാക്കുന്ന വിശുദ്ധ മാസമാണല്ലോ കടന്നുപോയത്. ലോകമെമ്പാടുമുള്ള വിശ്വാസികൾ റമദാൻ നോമ്പ് അനുഷ്ഠിക്കുകയും ആത്മപരിശുദ്ധിയിലേക്ക് കടക്കുകയും ചെയ്യുകയായിരുന്ന മാസം. മതത്തിന്റെ അതിർവരമ്പുകൾ മറികടന്ന്, മാനവികതയുടെ ഐക്യത്തിന്റെ സ്വരലയമായി മാറുകയായിരുന്നു റമദാൻ. വ്യത്യസ്ത ദേശങ്ങളിലും സംസ്കാരങ്ങളിലും പിറന്നവർ ഒരൊറ്റ കുടുംബം പോലെ ഒരുമിക്കുന്ന അത്ഭുത സംഗമം. വിശ്വാസത്തിന്റെ അതിരുകൾ മറികടന്ന് സാമൂഹിക ഏകോപനത്തിന്റെയും, സഹാനുഭൂതിയും ജീവിത ശൈലി കൊണ്ടുവരികയായിരുന്നു റമദാൻ. സക്കാത്ത് ദാനം അർഹരുടെ കൈകളിലൂടെ ദരിദ്രരുടെ കണ്ണീർ തുടക്കമ്പോൾ റമദാൻ മാസം സഹാനുഭൂതിയുടെ തണൽമരമായി മാറുകയായിരുന്നു.
എല്ലാ മതവിഭാഗങ്ങളും റമദാൻ മാസത്തെ ആദരവോടെയാണ് എന്നും കാണാറുള്ളത്. മനുഷ്യജീവിതത്തിൽ ആത്മപരിശോധനയുടെ ആവശ്യകതയെ ഓർമിപ്പിക്കുന്ന ഈ മാസം, മനുഷ്യൻ പരസ്പരം തീർത്ത എല്ലാ വൈജാത്യങ്ങളേയും മറന്ന് ഒരേ നിരയിൽ കൊണ്ടുവരുന്ന ഒരു വലിയ സംഗമമായിരുന്നല്ലോ റമദാൻ. റമദാൻ ഒരു മതാനുഷ്ഠാനത്തിനപ്പുറം, മനുഷ്യത്വത്തിന്റെ ഉത്സവമായി മാറുകയായിരുന്നല്ലോ. വ്രത പരിശുദ്ധിയുടെ സമാപനത്തിലെത്തുന്ന സന്തോഷമാണ് ഈദുൽ ഫിത്ർ. ഈ പെരുന്നാൾ മനുഷ്യസ്നേഹത്തിന്റെ മഹോത്സവമായി മാറുകയാണ്. തനിക്കും, മാനവികതക്കും വേണ്ടി നോമ്പെടുത്തവരുടെ പ്രാർഥനകളെത്ര പവിത്രം.
ഒമാനിലെത്തിയ ആദ്യകാലത്ത് റമദാൻ നിശ്ശബ്ദതയിലെന്നോണം കടകമ്പോളങ്ങളും വ്യാപാരസ്ഥാപനങ്ങളും ഉച്ചയോടെ അടയും. സന്ധ്യക്ക് ശേഷം പിന്നീട് തുറക്കാറുണ്ടായിരുന്നുവെങ്കിൽ ഇന്ന് ആധുനികത ജീവിതത്തിലെ സമയക്രമങ്ങളിലും ജീവിതരീതിയിലും ഒട്ടേറെ മാറ്റങ്ങൾ സമ്മാനിച്ചപ്പോൾ രാവും പകലും ഒരുപോലെയായിത്തീർന്നിട്ടുണ്ട്. കച്ചവട തിരക്കുകൾ കൊണ്ട് വിപണികളിൽ റമദാൻ ഓഫറുകളാൽ മത്സരിക്കുകയാണ്. സംഘടനകളും, കൂട്ടായ്മകളുമെല്ലാം ഇഫ്താർ വിരുന്നുകളാൽ സജീവമായിരുന്നു. പള്ളികളിൽനിന്ന് ഉയരുന്ന ആത്മസാന്നിധ്യത്തിന്റെ മന്ത്രധ്വനിക്ക് അന്നും ഇന്നും ഒരുമാറ്റവുമില്ലാതെ തുടരുകയാണ്. കൽപ്പാന്തകാലത്തോളം കാലത്തിന്റെ കാറ്റിനെ അതിജീവിച്ചു പോരുന്ന ഒരു പവിത്ര സംഗീതം. അല്ലാഹു അക്ബർ ...അല്ലാഹു അക്ബർ .. ദൈവമെത്ര മഹോന്നതൻ. പെരുന്നാൾ പിറ കാണുമ്പോൾ ഉയരുന്നതും അതേ നാദം തന്നെ.. ദൈവമേ നീയെത്ര മഹോന്നതൻ. സ്തുതികൾ അഖിലവും നിനക്കാണ്.. അല്ലാഹു അക്ബർ .. വലില്ലാഹിൽ ഹംദ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.