നന്മയുടെ മാധുര്യമേറുന്ന നോമ്പുകാലം
text_fieldsനോമ്പെടുക്കുന്നത് ഒരു മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധിക്ക് വേണ്ടിയാണ്. എന്റെ പഠനകാലത്ത് അപൂർവം ചില സന്ദർഭങ്ങളിൽ സുഹൃത്തുക്കളുടെ വീട്ടിൽനിന്ന് നോമ്പ് തുറയിൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. അന്നൊന്നും പുണ്യ റമദാൻ മാസത്തെയും നോമ്പിന്റെ മഹത്ത്വത്തെയും പറ്റി അറിയാൻ കഴിഞ്ഞിരുന്നില്ല.
മസ്കത്തിലെത്തിയതിന് ശേഷം കൂടെ ജോലി ചെയ്തിരുന്ന ഒരു ഒമാനി സുഹൃത്തിന്റെ വീട്ടിലാണ് ആദ്യമായി നോമ്പ് തുറക്ക് പങ്കെടുത്തത്. കൃത്യമായ വ്രതാനുഷ്ഠാനം ഒരു മനുഷ്യനെ നന്മയുള്ള വ്യക്തിത്വത്തിന്റെ ഉടമയാക്കാൻ സഹായിക്കുന്നുണ്ട്. വിശപ്പിന്റെ വില മനസ്സിലാകുന്നതിനോടൊപ്പം സഹജീവികളെ സ്നേഹിക്കാനും നിരാലംബരോട് കരുണ കാണിക്കാനും സമൂഹത്തിൽ നന്മ പ്രവൃത്തികൾ ചെയ്യാനും മനസ്സ് പ്രാപ്തമാകുന്നു. നോമ്പ് എടുക്കുമ്പോൾ ശരീരത്തിനും മനസ്സിനും പ്രത്യേക ഊർജം ലഭിക്കുന്നു. ഇതുവരെ നോമ്പ് എടുത്തിട്ടില്ലെങ്കിലും ഈ വർഷം കുറച്ചു ദിവസമെങ്കിലും എടുക്കണമെന്ന് ആഗ്രഹമുണ്ട്.
എല്ലാ വർഷവും മലയാളം ഒമാൻ ചാപ്റ്റർ സമൂഹ നോമ്പ് തുറ നടത്തിവരാറുണ്ട്. മനസ്സിലെന്നും നിറഞ്ഞു നിൽക്കുന്നത്, മലയാളം ഒമാൻ ചാപ്റ്റർ 2019ൽ മിസ്ഫ വ്യവസായമേഖലയിൽ സാധാരണക്കാരായ തൊഴിലാളികൾക്കായി സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചതിൽ മൂവായിരത്തി അഞ്ഞൂറിൽപരമാളുകൾ പങ്കെടുത്തതാണ്. ഇതാണ് ഞങ്ങൾ സംഘടിപ്പിച്ച ഏറ്റവും വലിയ നോമ്പ് തുറ.
മസ്കത്തിലെ വിവിധ സാംസ്കാരിക സംഘടനകൾ എല്ലാ വർഷവും നടത്താറുള്ള നോമ്പ് തുറകളിൽ പങ്കെടുക്കാൻ സാധിക്കാറുണ്ട്. ഇതിൽ നിന്നെല്ലാം മനസ്സിലാക്കാൻ സാധിച്ചത് ഇത്തരത്തിലുള്ള സമൂഹനോമ്പ് തുറകളിലൂടെ പരസ്പര സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ കഴിയുന്നു എന്നതാണ്. പ്രവാചകൻ നോമ്പിന്റെ മാഹാത്മ്യം വ്യക്തമാക്കിയിട്ടുള്ളത് നോമ്പ് എടുക്കുന്ന ഒരാളുടെ മനസ്സിൽ കരുണയും സ്നേഹവും ആർദ്രതയും നന്മയും നിറയുമെന്നാണ്.
ഈ പുണ്യ റമദാൻ മാസത്തിൽ തിന്മയുടെ കറുത്ത പുക മാഞ്ഞ് നന്മയുടെ പ്രകാശം ഈ ലോകമെങ്ങും പരക്കട്ടെ എന്ന് സർവശക്തനോട് പ്രാർഥിക്കുന്നു.
വായനക്കാർക്ക് തങ്ങളുടെ മറക്കാൻ പറ്റാത്ത നോമ്പനുഭവങ്ങൾ ഗൾഫ് മാധ്യമവുമായി പങ്കുവെക്കാം. 79103221 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ oman@gulfmadhyamam.net എന്ന മെയിലേക്ക് അയക്കുകയോ ചെയ്യാം. തിരഞ്ഞെടുക്കുന്ന കുറിപ്പുകൾ മധുരകാരക്ക കോളത്തിലുടെ പ്രസിദ്ധീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.