ബലിപെരുന്നാൾ: പരമ്പരാഗത സൂഖുകൾ ഉണർന്നു
text_fieldsസീബ്: ബലിപെരുന്നാൾ അടുത്തെത്തിയതോടെ സൂഖുകളിൽ കച്ചവടക്കാർ ഉൽപന്നങ്ങളുമായി സജീവമായി. പെരുന്നാളാഘോഷത്തിനാവിശ്യമായ വീട്ടുപകരണങ്ങളാണ് വിൽപനക്കെ ത്തിച്ചിട്ടുള്ളത്.
ഒമാനിൽ കൂട്ടുകുടുംബ വാഴ്ച് നിലനിൽക്കുന്നതിനാൽ വലിയ പാത്രങ്ങളും ചെമ്പുകളുമാണ് കൂടുതലും വിറ്റു പോകുക. പെരുന്നാളിന് ബലി അറുക്കാനുള്ള വലുതും ചെറുതുമായ കത്തികൾ ഇറച്ചി തൂക്കിയിടാനുള്ള കൊളുത്ത്, ഇറച്ചി വെട്ടാനുള്ള മരത്തടി, കത്തി മൂർച്ച കൂട്ടാനുള്ള ഇരുമ്പ്, പ്രത്യേകതരം കല്ല് എന്നുവേണ്ട അറവുമായി ബന്ധപ്പെട്ട എല്ലാ സാധനങ്ങളും വിൽക്കുന്ന കടകളില്ലെല്ലാം സ്റ്റോക്കുകൾ ധാരാളമായിയെത്തിയിട്ടുണ്ട്.
സ്വദേശികളുടെ പെരുന്നാൾ വിഭവമായ ഷുവ ഉണ്ടാക്കാനുള്ള സാധങ്ങളായ, പായ, ഇരുമ്പ് നെറ്റ്, കരി, അടുപ്പ് എന്നിവ പെരുന്നാളിനു മുമ്പുതന്നെ ആവശ്യക്കാരെത്തുന്ന സാധനങ്ങളാണ്. ബലി അർപ്പിക്കുക എന്നത് ഈദുൽ അദ്ഹയുടെ മുഖ്യ കർമങ്ങളിലൊന്നാണ്.
ആടുമാടുകളെ വിൽപ്പനക്കുവെക്കുന്ന ചന്തകളും രണ്ട് ദിവസംകൊണ്ട് പൂർണമായി സജീവമാകും. ഒമാനിലേയും മറ്റു രാജ്യങ്ങളിൽനിന്നും എത്തുന്ന അറവുമാടുകൾക്ക് ഈ സീസണിൽ നല്ല വില്പന ഉണ്ടാവും. ഈത്തപ്പഴ കുഴമ്പ്, ഈത്തപ്പഴ ഹൽവ, മറ്റു ഈത്തപ്പഴ ഉല്പന്നങ്ങളും വിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
മന്തിയും മജ്ബൂസും വിളമ്പുന്ന തളുവ, പ്ലെറ്റുകൾ, ഗ്ലാസ്, കപ്പ് അലൂമിനിയം ഫോയിലുകൾ, ഡിസ്പോസിൽ സാധനങ്ങൾ എന്നിവക്കും നല്ല കച്ചവടമാണെന്ന് വ്യപാരികൾ പറഞ്ഞു.
പകൽ സമയങ്ങളിൽ ചൂടുകൂടുതലായതിനാൽ വൈകുന്നേരത്തോടെയാണ് സൂഖ് സജീവമാകുന്നത്.
ഒമാനിൽ ജൂൺ 17നാണ് ബലിപെരുന്നാൾ. സൗദി അടക്കം മറ്റു ഗൾഫ് രാജ്യങ്ങളിൽ 16നാണ്. ബലിപെരുന്നാൾ പൊതുഅവധി പ്രഖ്യാപിച്ചതോടെ കൂടുതൽ ആളുകളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സൂഖിലെ കച്ചവടക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.