പെരുന്നാൾ: പരമ്പരാഗത സൂഖുകൾ ഉണർന്നു
text_fieldsസീബ്: പെരുന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഒമാനിലെ പരമ്പരാഗത സൂഖുകളിൽ തിരക്കേറി. നെഞ്ചുരുകിയ പ്രാർഥനയുമായി അവസാന വെള്ളിയാഴ്ച്ച നമസ്കാരവും കഴിഞ്ഞ് സ്വദേശികളും വിദേശികളടക്കമുള്ളവർ പെരുന്നാൾ ഒരുക്കത്തിലേക്ക് നീങ്ങിയതോടെ വെള്ളിയാഴ്ച്ച വൈകീട്ട് സൂഖുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഒമാനികളുടെ ഇഷ്ടസാധനങ്ങൾ ലഭ്യമാകുന്ന പരമ്പരാഗത മാർക്കറ്റുകളിൽ പെരുന്നാളിനായി ദിവസങ്ങൾക്ക് മുമ്പേ ഒരുക്കം തുടങ്ങിയിരുന്നു. പെരുന്നാൾ ദിനത്തിൽ പ്രത്യേകം തയാറാക്കുന്ന ഷുവ ചുട്ടെടുക്കാനാവശ്യമായ സാധനങ്ങളാണ് കൂടുതൽ വിറ്റുപോകുന്നത്. വലിയ കുഴിയിലേക്ക് മസാല ചേർത്ത ഇറച്ചി വാഴയിലയിൽ പൊതിഞ്ഞു പായയിൽ കെട്ടി ചാക്കിലേക്ക് മാറ്റിയാണ് കുഴിഅടുപ്പിലേക്ക് ഇറക്കുക.
അതിന്റെ ചാക്ക്, പായ കെട്ടാനുള്ള കയർ,ശബക്ക് എന്നപേരിലെ സ്റ്റീൽ നെറ്റ്, ഇറച്ചി വെട്ടാനുള്ള കത്തി, അതിന്റെ മരക്കുറ്റി, ഇറച്ചിയിൽ തേച്ചു പിടിപ്പിക്കാനുള്ള മസാല, ബ്രഷ്, കത്തിക്കാനുള്ള കരി, മിഷ്കാക്ക് കുത്താനുള്ള കമ്പ്, മിഷ്കാക്ക് പതം വരുത്താനുള്ള ഇടിക്കട്ട, വെളിയിൽ പാകം ചെയ്യാനുള്ള അടുപ്പ്, ചെറിയ ഗ്യാസ് എന്നിവയാണ് കൂടുതലും വിറ്റുപോകുന്നതെന്ന് സീബ് സൂഖിലെ പാരമ്പര്യ ഒമാനി സാധനങ്ങൾ വിൽക്കുന്ന കടയിലെ ജീവനക്കാരൻ യാസർ വാണിമേൽ പറയുന്നു. കുരുകളഞ്ഞ ഈത്തപ്പഴത്തിൽ പൊതിഞ്ഞ് ഇറച്ചി പാകപ്പെടുത്തുന്ന രീതി സ്വദേശികൾക്കിടയിലുണ്ട്. അതിനാവശ്യമായ ഈത്തപ്പഴ പേസ്റ്റ്,
ഈത്തപ്പഴത്തിന്റെ വിവിധതരം ഉൽപന്നങ്ങൾ എന്നിവയും വിൽപനക്കുണ്ട്. അതിഥികൾക്ക് നൽകാനായി വാങ്ങിക്കുന്ന മുന്തിയ ഈത്തപ്പഴങ്ങളും അടുക്കി വെച്ചതിൽ ഉൾപ്പെടുന്നു. ആടുമാടുകളുടെ വിൽപന പല ഇടങ്ങളിലും സജീവമാണ്. വിൽപനക്കായി ഓരോ വിലായത്തിലും പ്രത്യേകം ഇടങ്ങളുണ്ട് . നന്നായി വിറ്റുപോകുന്ന ഇനങ്ങളിൽപെട്ടതാണ് കത്തികൾ.ചെറിയത് മുതൽ വലിയ വെട്ടുകത്തികൾ വരെ പെരുന്നാൾ സീസണോടനുബന്ധിച്ച് മാർക്കറ്റിലെത്തിച്ചിട്ടുണ്ട്.
അലങ്കാര വിളക്കുകൾ, ചെരാതുകൾ, സുഗന്ധവസ്തുക്കൾ, പാത്രങ്ങൾ, കരകൗശലവസ്തുക്കൾ, കുന്തിരിക്കം എന്നുവേണ്ട പാരമ്പര്യ നിർമിതികൾ വാങ്ങിക്കാൻ മാത്രം ദൂരദിക്കുകളിൽനിന്നുപോലും സ്വദേശികൾ എത്തുന്നുണ്ടെന്ന് കച്ചവടക്കാരൻ തലശ്ശേരി സ്വദേശി ഫായിസ് പറയുന്നു. ഇവിടെ വിൽക്കുന്ന ഉൽപന്നത്തിന്റെ പുതിയ നിർമിതി പുറത്തെ വിപണിയിൽ ലഭ്യമാകുമെങ്കിലും ഒമാന്റെ പാരമ്പര്യവും സംസ്കൃതിയും ചേർത്തുപിടിക്കാൻ വേണ്ടി മാത്രമാണ് സ്വദേശികൾ ഇപ്പോഴും സൂഖുകളിൽവന്ന് സാധനങ്ങൾ വാങ്ങുന്നത്. പോയകാലങ്ങളിൽ മുൻ തലമുറ കാട്ടിക്കൊടുത്ത വഴി പിന്തുടരുന്നത് ഒരു സംസ്കാരത്തെ ചേർത്തുപിടിക്കാനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.