തെരഞ്ഞെടുപ്പ് ആവേശം കൊട്ടിക്കലാശത്തിലേക്ക് : ഇക്കുറി വോട്ട് ചെയ്യാൻ പോയവർ തീരെ കുറവ്
text_fieldsമസ്കത്ത്: കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലെത്താനിരിക്കെ പ്രവാസലോകത്തും തെരഞ്ഞെടുപ്പ് ആവേശം കൊട്ടിക്കലാശത്തിലേക്ക്. പതിവിൽനിന്ന് വിരുദ്ധമായി ഇക്കുറി നാട്ടിൽ വോട്ട് ചെയ്യാൻ പോയവർ തീരെ കുറവാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ഡൗൺ ഏർപ്പെടുത്തിയേക്കാമെന്ന ആശങ്കയാണ് പ്രധാനമായും കാരണം. ഇതിനു പുറമെ ക്വാറൻറീൻ ചട്ടങ്ങളും കോവിഡ് മൂലം ജോലിയിലുള്ള ബുദ്ധിമുട്ടുകളുമടക്കം കാരണങ്ങളും വോട്ട് ചെയ്യാൻ പോകുന്നതിൽനിന്ന് ആളുകളെ പിന്നാക്കം വലിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ഒമാനിലെ പ്രവാസികളും മുന്നിൽതന്നെയുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പരിശ്രമത്തിലാണ് പാർട്ടിയണികൾ. കടുത്ത പാർട്ടിയനുഭാവികൾ അല്ലാത്തവരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചലനങ്ങളെ നിരീക്ഷിക്കുന്നുണ്ട്. പ്രവാസിക്ഷേമ പദ്ധതികളെ പരിശോധിച്ചും നിലവിലെ ഭരണത്തെ വിലയിരുത്തിയും അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ ഇവരും അക്കമിട്ടു നിരത്തുന്നു. ഇടതുഭരണം തുടരുമെന്നും ഭരണമാറ്റം സാധ്യമാകുമെന്നുമുള്ള രണ്ടഭിപ്രായങ്ങളും പ്രവാസലോകത്ത് മുഴങ്ങുന്നുണ്ട്. കേരളം നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ് പ്രവാസലോകത്തെ വിവിധ തുറകളിലുള്ളവർ...
പ്രാധാന്യമേറിയ തെരഞ്ഞെടുപ്പ്
നിയമസഭ തെരഞ്ഞെടുപ്പ് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമേറിയതാണ്. പ്രത്യേകിച്ചും ഗൾഫ് പ്രവാസം ചരിത്രത്തിലെ വലിയ വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ. പ്രവാസികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ അരനൂറ്റാണ്ട് കേരളമെന്നത് പ്രിയപ്പെട്ടവരോടൊത്ത് അവധിക്കാലം ആസ്വദിക്കാനുമുള്ള ഇടമായിരുന്നു. 2021 ആയപ്പോഴേക്കും പ്രവാസിക്ക് കേരളം ഒരു ജീവിതമാർഗം കണ്ടെത്തേണ്ട സ്ഥലമായി മാറി. പ്രവാസ ജീവിതത്തിൽനിന്നും ആർജിച്ച നൈപുണ്യം ഉപയോഗപ്പെടുത്തി കേരളത്തിൽ ജീവസന്ധാരണത്തിനുള്ള ഒരുപാധി കണ്ടെത്താനാവുമോയെന്നാണ് ഓരോ പ്രവാസിയും അന്വേഷിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലെ അനുഭവത്തിെൻറ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ ഈ രംഗത്ത് നമുക്ക് ഉപയോഗിക്കാവുന്ന സാധ്യതകളൊന്നും നമ്മളിതുവരെ പ്രയോജനപ്പെടുത്തിയില്ലെന്ന അഭിപ്രായമാണെനിക്കുള്ളത്. കേരളത്തിെൻറ ഭൂപ്രകൃതിയും അറബ് ജനതയുമായുള്ള നൂറ്റാണ്ടുകളുടെ ബന്ധവും കേരളത്തിൽനിന്നുള്ള പ്രഫഷനലുകളുടെ മികവുമൊക്കെ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന അറബ് യുവതയെ കേരളത്തിലേക്ക് ആകർഷിക്കാൻ പര്യാപ്തമാണ്. ഇക്കോ ടൂറിസം, മെഡിക്കൽ ടൂറിസം മുതലായവയിലൊക്കെ അനന്തമായ സാധ്യതകളാണ്. മനസ്സുവെച്ചാൽ നമ്മുടെ പെരുമഴക്കാലം പോലും ടൂറിസം സീസണാക്കാൻ കഴിയും. മഴയെ അത്ര തീവ്രമായി ഇഷ്ടപ്പെടുന്നവരാണ് അറബ് ജനത. വിദ്യാഭ്യാസം, വിനോദസഞ്ചാരം, ചികിത്സ തുടങ്ങിയ മേഖലകളിലെ ഉപഭോക്താക്കളായും ബിസിനസ് മേഖലകളിലെ സംരംഭകരായുമൊക്കെ അറബ് ജനതയെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളാണ് നമുക്ക് വേണ്ടത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസ ലോകം ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. സ്വയം പര്യാപ്ത കേരളം നമ്മുടെ ഏറെക്കാലമായുള്ള സ്വപ്നമാണ്. അത് യാഥാർഥ്യമാക്കാൻ പുതിയ ഭരണാധികാരികൾക്ക് കഴിയട്ടെ.
നോക്കിക്കാണുന്നത് ആകാംക്ഷയോടെ
മിക്ക പ്രവാസികളെയുംപോലെ വളരെ ആകാംക്ഷയോടെയാണ് ഞാൻ ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. കേരളത്തിെൻറ ഭാഗധേയം ഇതുവരെ എന്നും തീരുമാനിച്ചത് രാഷ്ട്രീയത്തിന് അതീതമായി നല്ലതും മോശവും വേർതിരിച്ചുകാണുന്ന സാധാരണക്കാരാണ്. അതുകൊണ്ടുതന്നെ ഈ മുന്നണി ഒരിക്കൽകൂടി അധികാരത്തിൽ വരണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു പ്രവാസിയാണ് ഞാൻ. പൊതുജനങ്ങളുടെ ഒാരോ കാര്യത്തിലുമുള്ള കരുതലിനു പുറമെ ആരോഗ്യം, വിദ്യാഭ്യാസം, വികസനം എന്നീ മൂന്നു മേഖലകളിൽ ഈ മുന്നണി കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയ പുരോഗതി മാത്രം വിലയിരുത്തിയാൽ മതി. ഒരു പ്രവാസി എന്ന നിലയിൽ, ഈ സർക്കാർ പ്രവാസി ക്ഷേമനിധിയിൽ കൊണ്ടുവന്ന മാറ്റങ്ങളും, 2019ൽ കൊണ്ടുവന്ന പ്രവാസി ഡിവിഡൻറ് ഫണ്ടും എടുത്തു പറയേണ്ടതാണ്. ഒരു ഭരണത്തുടർച്ച അടുത്ത അഞ്ചുവർഷങ്ങളിൽ കേരളജനതയുടെ ജീവിതനിലവാരം അടിമുടി മാറ്റിമറിക്കുമെന്നു നിസ്സംശയം പറയാം.
ജനാധിപത്യം തുടച്ചുനീക്കപ്പെടുന്നു
തെരഞ്ഞെടുപ്പ് കോലാഹലം കാണുമ്പോൾ ഭീതിയാണ് തോന്നുന്നത്. കാര്യം നമ്മുടെ മതേതരത്വത്തിെൻറ സ്വത്വം ഉൾക്കൊള്ളുന്നത് ജനാധിപത്യത്തിലാണ്. അത് അൽപാൽപമായി തുടച്ചുനീക്കപ്പെടുകയാണ്. ഓരോരുത്തരെ നമ്മുടെ പക്ഷത്തു ചേർത്ത് ജനാധിപത്യത്തെ കാലക്രമേണ ഇല്ലായ്മചെയ്യുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കയാണ്. അതാണ് ചില നേതാക്കന്മാരുടെ പ്രസംഗത്തിൽ കുറഞ്ഞ സീറ്റിൽ മാത്രം ജയിച്ചാൽ മതി ഭരണം പിടിക്കാൻ നമുക്കാവും എന്ന് മടികൂടാതെ പറയാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം. യഥാർഥത്തിൽ പുരോഗമന ചിന്താഗതിയുള്ള പ്രസ്ഥാനത്തിനുപോലും പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ലഭിക്കില്ല. വോട്ടർമാർ ബോധവാന്മാരാകണം, ബോധവത്കരണത്തിലൂടെയേ ഈ അപചയത്തിൽനിന്ന് രക്ഷനേടാൻ ആവൂ. ഇന്ത്യയും മതേതരത്വവും എന്ന മഹത്തായ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാൻ നാം മുന്നോട്ടുവരണം.
പ്രവാസികൾക്കുവേണ്ടി ഏറെ കാര്യങ്ങൾ ചെയ്ത സർക്കാർ
ഇടതുമുന്നണി സർക്കാർ കഴിഞ്ഞ അഞ്ചു വർഷം നടപ്പാക്കിയ നാല് മിഷനുകളിലൂടെ ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, കൃഷി, പാർപ്പിടം എന്നീ മേഖലകളിൽ വലിയ വികസനക്കുതിപ്പാണുണ്ടായത്. വികസനവും ക്ഷേമവും കൈകോർത്തുപിടിച്ചു മുന്നോട്ടു പോയി. റോഡുകളും പാലങ്ങളും ബൈപാസുകളും മെട്രോയും എല്ലാം നമ്മുടെ തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന പശ്ചാത്തല സൗകര്യങ്ങളാണ്. ഇത് ടൂറിസം, കൃഷി, വാണിജ്യം, വ്യവസായം, തൊഴിൽ തുടങ്ങിയ സർവ മേഖലകളെയും പുരോഗതിയിലേക്കു നയിക്കും. ഒന്നരലക്ഷം പേർക്ക് തൊഴിൽ കൊടുത്ത സർക്കാറാണ് ഇത്. രണ്ടര ലക്ഷം കുടുംബങ്ങൾക്ക് വീട്, 58 ലക്ഷം വയോജനങ്ങൾക്ക് വർധിപ്പിച്ച ക്ഷേമപെൻഷൻ തുടങ്ങിയവ മറ്റു നേട്ടങ്ങളാണ്. പ്രവാസി ക്ഷേത്തിന് ബജറ്റ് വിഹിതം മൂന്നിരട്ടിയാക്കി. പ്രവാസികളുടെക്ഷേമനിധി അംഗത്വം അഞ്ച് ഇരട്ടിയോളമാക്കി. പ്രവാസി പെൻഷനും വർധിപ്പിച്ചു. പ്രവാസികൾക്കുവേണ്ടി ഇത്രമാത്രം കാര്യങ്ങൾ ചെയ്ത മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല.
യു.ഡി.എഫ് അധികാരത്തിലെത്തും
മലയാളിയോട് എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എൽ.ഡി.എഫ് അഞ്ചു വർഷം ഭരിച്ചിട്ടും ഒന്നും ശരിയാക്കാത്ത അവസ്ഥയാണ്. വീണ്ടും ജനങ്ങളോട് ഉറപ്പാണ് എൽ.ഡി.എഫ് എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത് പരിഹാസ്യ അവസ്ഥയായി. നിരാശയിൽ കഴിയുന്ന പ്രബുദ്ധ ജനങ്ങൾ യു.ഡി.എഫിന് വോട്ട് ചെയ്യും. ഉയർത്തിക്കാണിക്കാൻ യാതൊരു വികസന പദ്ധതിയും ഇല്ലാത്തതിനാലാണ് കിറ്റിെൻറ പേരിൽ എൽ.ഡി.എഫ് വോട്ട് ചോദിക്കുന്നത്. കേരളം ദരിദ്രരാജ്യമാണെന്ന സന്ദേശമാണ് ഇതുവഴി നൽകുന്നത്. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രതീക്ഷ യു.ഡി.എഫിലാണ്. ലക്ഷക്കണക്കിന് യുവാക്കളാണ് തൊഴിൽ തേടി പി.എസ്.സിയുടെ കനിവ് കാത്തിരിക്കുന്നത്. വർഗീയത ഇത്രമാത്രം ഉപയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഇതിനുമുമ്പ് കേരളം കണ്ടിട്ടില്ല. അതുകൊണ്ട് ഇനി ഒരു കൈയബദ്ധം മലയാളികൾക്ക് സംഭവിക്കില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
പ്രവാസികൾക്ക് മധുരമായി തിരിച്ചടിക്കാനുള്ള അവസരം
ഒരു പ്രവാസി എന്ന നിലയിലും പൊതുരംഗത്തു പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിലും ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുമ്പോൾ പ്രവാസികൾക്കും അവരുടെ കുടുംബത്തിനും മധുരമായി തിരിച്ചടിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്. ഈ സർക്കാർ പ്രവാസികളോട് കാണിച്ച സമീപനം പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ്. മുഖ്യമന്ത്രിയുടെ ദുബൈ പ്രസംഗം മുതൽ കോവിഡ് വ്യാപനം മൂർധന്യത്തിൽ നിൽക്കുേമ്പാൾ പ്രവാസികളെ മരണവ്യാപാരികൾ എന്ന് പറഞ്ഞ് ആക്ഷേപിച്ചതും ഉദാഹരണങ്ങളാണ്. രണ്ടു ലക്ഷം ക്വാറൻറീൻ കേന്ദ്രങ്ങൾ ഒരുക്കിയെന്നു പറയുകയും കേവലം 24,000 പേർക്കുള്ള സൗകര്യം മാത്രം ഒരുക്കി പ്രവാസികളെ വട്ടംകറക്കിയ സർക്കാറാണിത്. ജനുവരിക്കുശേഷം നാട്ടിൽ പോകുന്ന പ്രവാസിക്ക് 5000 രൂപ ആശ്വാസധനം നൽകുമെന്ന് പറഞ്ഞു 10,000ത്തിൽ താഴെ പേർക്കുമാത്രം നൽകുകയും ബാക്കിയുള്ളവർക്ക് നൽകാതിരിക്കുകയും ചെയ്ത സർക്കാറിനെ താഴെയിറക്കാനുള്ള പ്രതിഷേധ വോട്ട് ആവട്ടെ ഈ തെരഞ്ഞെടുപ്പ്.
ജനാധിപത്യത്തിലെ പ്രധാനപ്പെട്ട പ്രക്രിയ
ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. അത് സുതാര്യവും സത്യസന്ധവുമായി നടത്തുമ്പോഴാണ് ആ ജനാധിപത്യ സംവിധാനത്തോട് നീതി പുലർത്തുന്നത് അഥവാ ആദരവ് പുലർത്തുന്നത്. പതിനഞ്ചു വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന എനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് വേളയിൽ നാട്ടിലെത്താൻ കഴിയാറില്ല. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന വേളയിൽ എല്ലാ സ്ഥാനാർഥികൾക്കും വിജയാശംസകൾ.
രാഷ്ട്രമാദ്യം പിന്നെ രാഷ്ട്രീയം
രാഷ്ട്രമാദ്യം പിന്നെ രാഷ്ട്രീയം എന്ന അടിസ്ഥാന തത്ത്വത്തിന് ഊന്നൽ കൊടുക്കുന്ന വ്യക്തിയാണ് ഞാൻ. എങ്കിലും എല്ലാ രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളെയും അടുത്തുനിന്ന് മനസ്സിലാക്കാനും വ്യക്തമായ കാഴ്ചപ്പാടോടെ സമീപിക്കാനും ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. ഏതെങ്കിലും ഒരുപക്ഷം പിടിക്കാതെതന്നെ വിഷയാധിഷ്ഠിതമായി ശരിയുടെ പക്ഷത്ത് നിൽക്കുന്ന രാഷ്ട്രീയത്തെയും ജനനന്മക്കു മാത്രം മുൻഗണന കൊടുത്ത് പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരെയും എന്നും അംഗീകരിക്കാനും ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും അന്ധമായ രാഷ്ട്രീയ വിരോധം മലീമസപ്പെടുത്തുന്ന നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അത്തരം ശരികളുടെ പക്ഷത്ത് നിന്നതിെൻറ പേരിൽ സൈബർ ആക്രമണം നേരിടേണ്ട സാഹചര്യവും എനിക്കുണ്ടായിട്ടുണ്ട്. സ്ത്രീപക്ഷ രാഷ്ട്രീയത്തിന് കേരളം പോലുള്ള രാഷ്ട്രീയ/സാമൂഹിക കാഴ്ചപ്പാടുകളിൽ മുൻപന്തിയിലെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളിൽപോലും ഇനിയും ഏറെ മുന്നേറാനുണ്ടെന്നാണ് എെൻറ പക്ഷം. വനിത സംവരണം തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പ്രകടമായ മാറ്റം കൊണ്ടുവന്നെങ്കിലും, അതിന് മേലേക്ക് കടന്നുവരാൻ സ്ത്രീകൾക്ക് അവസരങ്ങൾ നന്നേ കുറവാണ്. ആസന്നമായിരിക്കുന്ന നിയമസഭ െതരഞ്ഞെടുപ്പിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥിപ്പട്ടികതന്നെ അതിന് ഉദാഹരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.