വേനൽമാസങ്ങളിലെ വൈദ്യുതി ബില്ലിന് സബ്സിഡി 30 ശതമാനം വരെ ഉയർത്തും
text_fieldsമസ്കത്ത്: വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതൽ വർധിക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങൾ വൈദ്യുതി ബില്ലിന് സബ്സിഡി വർധിപ്പിക്കാൻ പബ്ലിക് സർവിസ് റഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു. ഈ വിഷയത്തിൽ മന്ത്രിസഭ നൽകിയ നിർദേശമനുസരിച്ചാണ് സബ്സിഡി വർധിപ്പിക്കുന്നത്. നിലവിൽ നൽകുന്ന 15 ശതമാനത്തിൽനിന്ന് 30 ശതമാനം സബ്സിഡി നൽകാനാണ് തീരുമാനം. താമസ വിഭാഗത്തിൽ ഉൾപ്പെടുന്ന എല്ലാ വിഭാഗങ്ങൾക്കും സബ്സിഡി ബാധകമായിരിക്കും.
പുതിയ മാർഗനിർദേശമനുസരിച്ച് സ്വദേശികൾക്കൊപ്പം വിദേശ താമസക്കാർക്കും സബ്സിഡി ലഭിക്കും. വൈദ്യുതി ബിൽ സംബന്ധമായ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് മന്ത്രിസഭ വിഷയം പഠിക്കാൻ കമീഷനെ നിശ്ചയിച്ചിരുന്നു. കമീഷൻ വിഷയം വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിന് സ്ഥായിയായ പരിഹാരം കാണണമെന്ന തീരുമാനത്തിലെത്തിയിരുന്നു. ഇതേതുടർന്നാണ് പബ്ലിക് സർവിസ് റഗുലേറ്ററി അതോറിറ്റി സബ്സിഡി നൽകാൻ തീരുമാനിച്ചത്. വേനൽകാല മാസങ്ങളിൽ വൈദ്യുതി ബിൽ കുത്തനെ ഉയരുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ സ്വദേശികളുടെ നേതൃത്വത്തിൽ ഹാഷ്ടാഗ് കാമ്പയിനും നടന്നിരുന്നു. നിരക്കുകൾ മൂന്നും നാലും ഇരട്ടിയായി വർധിച്ചത് സ്വദേശികൾക്കും വിദേശികൾക്കും പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. 15 ശതമാനം സബ്സിഡി നിലവിലുണ്ടെങ്കിലും എല്ലാ വിഭാഗങ്ങൾക്കും ലഭിച്ചിരുന്നില്ല. നിരക്കുകൾ കുത്തനെ വർധിച്ചത് പലർക്കും താങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ വിദേശികളിൽ കുറഞ്ഞ വരുമാനക്കാരായ ചിലർ കുടുംബങ്ങളെ നാട്ടിൽ അയക്കുകയും ചെയ്തിരുന്നു. ഏതായാലും വൈദ്യുതി ബില്ലുകൾക്ക് സബ്സിഡി വർധിപ്പിക്കാനും സ്വദേശികൾക്കൊപ്പം വിദേശികൾക്കും ആനുകൂല്യം വ്യാപിപ്പിക്കാനുമുള്ള തീരുമാനം പരക്കെ സ്വാഗതം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.