മത്ര കോട്ടയിൽ എലവേറ്റർ സ്ഥാപിക്കുന്നു; സന്ദർശനം എളുപ്പമാകും
text_fieldsമസ്കത്ത്: ചരിത്ര പ്രസിദ്ധമായ മത്ര കോട്ടയിൽ എലവേറ്റർ സ്ഥാപിക്കുന്നു. ഇതോടെ കോട്ടയിലേക്ക് സന്ദർശകർക്ക് എളുപ്പത്തിൽ എത്തിപ്പെടാനാവും. സൈനിക ആവശ്യങ്ങൾക്കായി 16ാം നൂറ്റാണ്ടിൽ സ്ഥാപിച്ച കോട്ട 2016ലാണ് പുതുക്കിപ്പണിയലിന് ശേഷം വീണ്ടും സന്ദർശകർക്ക് തുറന്നുകൊടുത്തത്. എന്നാൽ, കോട്ടയുടെ മുകളിലെത്തിപ്പെടാനുള്ള നടപടികൾ പ്രായമായവർക്കും അംഗവൈകല്യമുള്ളവർക്കും ചില വിനോദസഞ്ചാരികൾക്കും പ്രയാസം സൃഷ്ടിച്ചിരുന്നു. കോട്ടയിലേക്ക് എലവേറ്റർ സ്ഥാപിക്കാൻ പ്രമുഖ ഗ്രീക്ക് ലിഫ്റ്റ് നിർമാണ കമ്പനിയുമായി ധാരണയിലെത്തിയിരുന്നു. എട്ടുവർഷം മുമ്പുതന്നെ ഇതു സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും അടുത്തിടെയാണ് നിർമാണ പദ്ധതികൾ ആരംഭിച്ചത്. പൈതൃക, സാംസ്കാരിക മന്ത്രാലയമാണ് ഇവയുടെ വികസന പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്.
യുനസ്കോയുടെ മാർഗനിർദേശമനുസരിച്ച് കോട്ടയുടെ രൂപഭംഗിക്ക് മാറ്റംവരാത്ത രീതിയിലാണ് എലവേറ്റർ സ്ഥാപിക്കുക. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള പുരാതന പീരങ്കികൾ ഇവിടുത്തെ പ്രധാന കാഴ്ചയാണ്. ഇവയിൽ പലതും 16ാം നൂറ്റാണ്ടിൽ നിർമിച്ചവയാണ്. 1720ൽ നിർമിച്ച ഇംഗ്ലീഷ് പീരങ്കി ഇതിൽ പ്രധാനപ്പെട്ടതാണ്. 18ാം നൂറ്റാണ്ടിൽ ഇരുമ്പുകൊണ്ട് നിർമിച്ച ഇംഗ്ലീഷ് പീരങ്കികളും ഇവിടെയുണ്ട്. 18ാം നൂറ്റാണ്ടിൽ നിർമിച്ച മറ്റൊരു സ്വീഡിഷ് പീരങ്കിയായ ഫിൻബാൻകർ, ഫ്രഞ്ച് വിപ്ലവാനന്തരം നിർമിച്ച പീരങ്കിയും 1160-1820നും ഇടയിൽ ഇംഗ്ലണ്ടിൽ ഭരണം നടത്തിയ ജോർജ് മൂന്നാമന്റെ കാലത്തെ പീരങ്കികളും കോട്ടയിൽ കാണാൻ കഴിയും. കോട്ടയിലേക്ക് എലവേറ്റർ സ്ഥാപിക്കുന്നത് മത്രയിൽ വിനോദസഞ്ചാര കപ്പലിലെത്തുന്നവർക്കും അനുഗ്രഹമാവും. ഓരോ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ മത്ര തുറമുഖത്ത് കപ്പലിറങ്ങുമെങ്കിലും അവരെല്ലം മത്ര കോട്ടയുടെ സൗന്ദര്യം താഴെ നിന്ന് ആസ്വദിക്കുകയല്ലാതെ സന്ദർശിക്കാറില്ല. കോട്ടയുടെ മുകളിൽ കയറി എത്താനുള്ള പ്രയാസമാണ് ഇതിന് പ്രധാന കാരണം.
മത്രയിലെത്തുന്ന വിനോദസഞ്ചാര കപ്പലിൽ നല്ല ഭാഗം പ്രായമായവരുമാണ്. എലവേറ്റർ സ്ഥാപിക്കുന്നതോടെ ഇത്തരം സഞ്ചാരികളുടെ സന്ദർശക പട്ടികയിലെ മുഖ്യ ഇനം മത്ര കോട്ടയാവും. കോട്ടയുടെ മുകളിലെത്തുവർക്ക് അവിടെ സ്ഥാപിച്ചിട്ടുള്ള പുരാതന പീരങ്കികൾ പ്രധാന ആകർഷകമാവുന്നതോടൊപ്പം കോട്ടയുടെ മുകളിൽനിന്നുള്ള സമുദ്ര കാഴ്ചയും മറ്റും ഏറെ സുന്ദരമാണ്. ഒരുകാലത്ത് കോട്ടയുടെ മുകളിൽ സ്ഥാനമുറപ്പിച്ചാണ് കടലിലൂടെ വരുന്ന ശത്രുക്കളെ ഓടിച്ചിരുന്നത്. കോട്ടയുടെ മുകളിലിരുന്നാൽ കടലിൽ കിലോമീറ്റർ അകലെയുള്ള നീക്കങ്ങൾപോലും നിരീക്ഷിക്കാനാവും. ഇത്തരം ശത്രുക്കളെ നേരിടാനാണ് പീരങ്കികൾ സ്ഥാപിച്ചിരുന്നത്. കോട്ടയുടെ മുകളിലെത്തുന്നവർക്കും മത്ര കടലിന്റെയും മത്ര കോർണീഷിന്റെയും മനോഹര കാഴ്ചകൾ ആസ്വദിക്കാനാവും. രാത്രികാലങ്ങളിൽ ഈ കാഴ്ചയുടെ സൗന്ദര്യം ഏറെ വർധിക്കും. അതോടൊപ്പം കോട്ടക്ക് സമീപം റീഫ്രഷ്മെന്റ് സൗകര്യമടക്കം ഒരുക്കണമെന്ന ആവശ്യവും സന്ദർശകർ ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.