എമർജിങ് ഏഷ്യകപ്പ്: സ്കോറിങ് പാനലിൽ തിളങ്ങി മലയാളികൾ
text_fieldsമസ്കത്ത്: ലോക ക്രിക്കറ്റിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് കൂടി വിജയകരമായി ഒമാൻ ക്രിക്കറ്റ് അക്കാദമിയിൽ തിരശ്ശീല വീണതോടെ മലയാളിക്കും അഭിമാനിക്കാൻ വകയുണ്ട്. സ്കോർ ബോർഡും അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന എഴു പേരടങ്ങിയ സ്കോറിങ് ടീമിൽ നാല് മലയാളികളായിരുന്നു ഇത്തവണ അടങ്ങിയിരുന്നത്.
ഒമാനിലെ ആദ്യ മലയാളി ഇന്റർനാഷനൽ സ്കോറർ കണ്ണൂർ സ്വദേശി ലത്തീഫ് പറക്കോട്ട്, കൊല്ലം സ്വദേശി സാദിഖ് പീർ മുഹമ്മദ്, തിരുവനന്തപുരത്തുനിന്നുള്ള വേണുഗോപാൽ, തൃശൂർകാരൻ ജയകൃഷ്ണൻ എന്നിവരാണ് ടൂർണമെന്റിൽ ഉടനീളം സ്കോർ ബോർഡും ഓൺലൈൻ സ്കോറിങ് ആപ്പുകളും ചലിപ്പിച്ചത്.
ഇതിൽ ലത്തീഫും സാദിഖും വർഷങ്ങളായി ഈ രംഗത്തുള്ളവരും വേണുഗോപാലും ജയകൃഷ്ണനും ചില അന്താരാഷ്ട്ര മത്സരങ്ങളിൽ മുഖം കാണിച്ചവരുമാണ്. നാലുപേരും ഒരുമിച്ച് പാനലിൽ വരുന്നത് ഇത് ആദ്യമായാണ്.
ഒമാൻ ക്രിക്കറ്റ് നടത്തുന്ന ലീഗ് മത്സരങ്ങൾ സ്ഥിരമായി സ്കോർ ചെയ്യുന്നവരാണ് നാലുപേരും. ടൂർണമെന്റിലെ ഞങ്ങളുടെ സാന്നിധ്യം മറ്റ് മലയാളി സ്കോറർമാർക്ക് പ്രചോദനമാവട്ടെ എന്ന് ഒമാനിൽ ഈ രംഗത്തേക്ക് കടന്നുവന്ന ആദ്യ മലയാളിയായ ലത്തീഫ് പറക്കോട്ട് ‘ഗൾഫ് മാധ്യമത്തോട്’ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.