എമര്‍ജിങ് ടീംസ് ഏഷ്യ കപ്പ്: ഇന്ത്യ സെമിയിൽ, ഒമാൻ പുറത്ത്
text_fieldsമസ്കത്ത്: എമര്‍ജിങ് ടീംസ് ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടർച്ചയായ രണ്ടാം വിജയവുമായി ഇന്ത്യ എ ടീം സെമിയിൽ കടന്നു. ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന കളിയിൽ യു.എ.ഇയെ ഏഴ് വിക്കറ്റിനാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 16.5 ഓവറിൽ 107 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 55 പന്ത് ബാക്കി നിൽക്കെ വിജയം നേടുകയായിരുന്നു.
ബൗളർമാരുടെ മിന്നും പ്രകടനമാണ് യു.എ.ഇയെ കുറഞ്ഞ സ്കോറിന് പുറത്താക്കാൻ സഹായിച്ചത്. 24 ബാളിൽ 58 റൺസ് നേടിയ അഭിഷേക് ശർമ, തിലക് വർമ (21) എന്നിവർ ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങി. ആറ് ബൗണ്ടറിയും നാല് സിക്സറും അടങ്ങുന്നതായിരുന്നു അഭിഷേക് ശർമയുടെ ഇന്നിങ്സ്.
രണ്ട് ഓവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റാസിഖ് സലാമാണ് യു.എ.ഇ ബാറ്റിങ് നിരയെ വരിഞ്ഞ് മുറുക്കിയത്. രണ്ട് വിക്കറ്റെടുത്ത രമൺദീപ് സിങ്, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ അൻശുൽ കമ്പോജ്, വൈഭവ് അരോറ, അഭിഷേക് ശർമ, നേഹാൽ വദേര എന്നിവരും പിന്തുണ നൽകി.
രാഹുൽ ചോപ്ര (50), ക്യാപ്റ്റനും മലയാളിയുമായ ബാസിൽ ഹമീദ് (22) എന്നിവർ നടത്തിയ ഒറ്റയാൾ പ്രകടനമാണ് യു.എ.ഇക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വിഷ്ണു സുകുമാരൻ, മുഹമ്മദ് ഫാറൂഖ്, ഒമിദ് റഹ്മാൻ എന്നിവർ യു.എ.ഇക്കുവേണ്ടി ഓരോ വിക്കറ്റും സ്വന്തമാക്കി.
അതേസമയം, തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് ഒമാൻ ടൂർണമെന്റിൽനിന്ന് പുറത്തായി. വിജയം അനിവാര്യമായ മത്സരത്തിൽ പാകിസ്താൻ എയോട് 74 റൺസിനാണ് ഒമാൻ പരാജയപ്പെട്ടത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ ഉയർത്തിയ 185 റൺസിനെതിരെ ഒമാന്‍ 117 റൺസെടുക്കാനെ സാധിച്ചുള്ളു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്താൻ എ ഹോങ്കോങ്ങിനെയും വൈകീട്ട് 5.30ന് നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക എ ബംഗ്ലാദേശ് എയുമായും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.