ഒമാനിൽ ദ്വിദിന സന്ദർശനത്തിനായി കുവൈത്ത് അമീർ നാളെ എത്തും
text_fieldsമസ്കത്ത്: കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ദ്വിദിന ഒമാൻ സന്ദർശനത്തിനായി ചൊവ്വാഴ്ച എത്തുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. അധികാരം ഏറ്റെടുത്തതിനു ശേഷം ആദ്യമായിട്ടാണ് അമീർ ഒമാനിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വിപുലപ്പെടുത്തുന്നതിനും സന്ദർശനം വഴിയൊരുക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായും കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച നടക്കുന്ന ദുകം റിഫൈനറി- പെട്രോകെമിക്കൽ ഇൻഡസ്ട്രീസിന്റെ ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് അമീറും സുൽത്താനും പങ്കെടുക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ വിവിധ മേഖലകളിൽ ശ്രദ്ധേയമായ വളർച്ചയും സഹകരണവും കൈവരിച്ചിട്ടുണ്ട്. സ്വകാര്യ മേഖല തങ്ങളുടെ പൊതു താൽപര്യങ്ങൾ നേടിയെടുക്കുന്നതിനായി സഹകരണത്തിന്റെയും പരസ്പര നിക്ഷേപത്തിന്റെയും മേഖലകൾ വികസിപ്പിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. ഒമാനും കുവൈത്തും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് കഴിഞ്ഞ അഞ്ചു വർഷമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.
2019ൽ ഏകദേശം 115.4 ദശലക്ഷമായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം നവംബർ അവസാനത്തോടെ ഇത് 789.3 ദശലക്ഷം റിയാലിലെത്തിയതായി ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെ സുൽത്താനേറ്റിലെ കുവൈത്ത് സ്വകാര്യ മേഖലയിലെ നിക്ഷേപത്തിന്റെ അളവ് ഏകദേശം 922.3 ദശലക്ഷം റിയാൽ ആണ്. ഇരുരാജ്യങ്ങളും തുല്യമായി പങ്കിടുന്ന സംയുക്ത നിക്ഷേപ പദ്ധതിയാണ് ദുകം റിഫൈനറി പ്രൊജക്റ്റ്.
ഒമാനെയും കുവൈത്തിനെയും ഒരുമിച്ചു കൊണ്ടുവരുന്ന സാഹോദര്യ ബന്ധത്തിന്റെ ആഴത്തിലൂന്നിയ പ്രകടനങ്ങളിലൊന്നാണിതെന്നു നിരവധി ഒമാനി, കുവൈത്ത് വ്യവസായികൾ സാക്ഷ്യപ്പെടുത്തുന്നു. ദുകം റിഫൈനറി പ്രൊജക്റ്റ് മേഖലയിലെ ഏറ്റവും വലിയ ഊർജ പദ്ധതികളിലൊന്നായാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.