തൊഴിൽ നിയമം: പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് മന്ത്രാലയം
text_fieldsമസ്കത്ത്: തൊഴിൽ നിയമ വ്യവസ്ഥകൾ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടിക്രമങ്ങൾ നിശ്ചയിക്കുന്നത് സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങളിറക്കി തൊഴിൽ മന്ത്രാലയം. പുതിയ തീരുമാനമനുസരിച്ച് തൊഴിലുടമകളോ തൊഴിലാളികളോ തൊഴിൽ നിയമലംഘനം നടത്തിയാൽ അവ രജിസ്റ്റർ ചെയ്യേണ്ടതും ലംഘനങ്ങൾ നിയന്ത്രിക്കേണ്ടതും ജുഡീഷ്യറി നിയമ എൻഫോഴ്സ്മെന്റ് ഓഫിസറുടെ ഉത്തരവാദിത്തമാണ്.
കൂടാതെ അധികാരികൾ അവരുടെ പദവികളും മറ്റും സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള തിരിച്ചറിയൽ രേഖ കൈവശം കരുതിയിരിക്കുകയും വേണം. ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ജുഡീഷ്യൽ ഓഫിസർമാരായി പ്രവർത്തിക്കാൻ അധികാരമുള്ളവർ ഒരു നിയമലംഘന റിപ്പോർട്ട് തയാറാക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നുണ്ട്.
ലംഘനം നടന്നു എന്നതിനുള്ള തെളിവ് ഉൾപ്പെടുത്തി ഓഫിസർ മെമ്മറാണ്ടം തയാറാക്കണമെന്നും അത് ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കണമെന്നും മന്ത്രാലയത്തിന്റെ പുതിയ നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
തൊഴിലുടമയോ തൊഴിലാളികളോ നടത്തുന്ന ലംഘനം തെളിയിക്കപ്പെട്ടാൽ മന്ത്രാലയം അവർക്ക് അനുവദിക്കുന്ന സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കുമെന്നും ഇതിൽ ഉൾപ്പെടുന്നു.
പ്രവാസി തൊഴിലാളികൾക്ക് അനുവദിച്ച വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിൽ നിന്നും പുതിയത് അനുവദിക്കുന്നതിൽനിന്നും തടയുന്നത് ഈ സേവനങ്ങളിൽ ഉൾപ്പെടുന്നതാണ്. നിയമം നിഷ്കർഷിക്കുന്ന പിഴയടച്ചതിനുശേഷമോ ശിക്ഷാ കാലാവധിക്ക് ശേഷമോ മാത്രമേ മന്ത്രാലയം നിർത്തലാക്കിയ സർവിസുകൾ പുനരാരംഭിക്കുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.