കെ.എം.സി.സി ഇടപെടലിലൂടെ ദുരിതത്തിനറുതി: ബേപ്പൂർ, മലപ്പുറം സ്വദേശികളായ മത്സ്യത്തൊഴിലാളികൾ നാടണഞ്ഞു
text_fieldsമസ്കത്ത്: മത്സ്യത്തൊഴിലാളികളായി ഒമാനിലെത്തി ദുരിതക്കടലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ബേപ്പൂർ, മലപ്പുറം സ്വദേശികളായ അഞ്ചുപേർ കെ.എം.സി.സി ഇടപെടലിലൂടെ സ്നേഹതീരമണഞ്ഞു.
തൊഴിലുടമയുടെ അനാസ്ഥ മൂലം ഒമാനിലെ മസീറ ദ്വീപിൽ ദുരിതത്തിൽ കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് മസ്കത്തിൽനിന്ന് നാട്ടിലേക്ക് തിരിച്ചത്. കോഴിക്കോട് ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന ഇവർ ആറുമാസം മുമ്പാണ് ഒമാനിൽ എത്തുന്നത്. ഇതിൽ നാല് മാസവും ദുരിതത്തിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
സൗദിയിൽനിന്നും കോവിഡിനുമുമ്പ് പ്രവാസം അവസാനിപ്പിച്ച് തുടങ്ങിയ പലചരക്ക് കട പോലും വിറ്റിട്ടാണ് വിസക്കുള്ള പണം സ്വരൂപിച്ചതെന്ന് മലപ്പുറം സ്വദേശി പറഞ്ഞു. കുടുസ്സായ ബോട്ടിൽ മത്സ്യ ബന്ധനത്തിനുപോകാൻ നിർബന്ധിക്കപ്പെടുകയും മതിയായ ഇന്ധനവും ആഹാരവുംപോലും നിഷേധിക്കപ്പെട്ട് ആഴക്കടലിൽ അകപ്പെടുകയും ചെയ്ത ഇവരെ കടലിൽനിന്നും രക്ഷപ്പെടുത്തിയത് മറ്റു മത്സ്യത്തൊഴിലാളികളാണ്.
നജീബ് കാന്തപുരം എം.എൽ.എയുടെ അഭ്യർഥനയിലാണ് റുവി െക.എം.സി.സി നേതാക്കളുടെ ശ്രദ്ധയിലെത്തിച്ചത്.
മലയാളിയായ മറ്റൊരു മത്സ്യത്തൊഴിലാളിയും മസീറ ദ്വീപിലെ കെ.എം.സി.സി പ്രവർത്തകരുടെയും സഹായത്തോടെ ഇവരെ മസ്കത്തിലെത്തിക്കുകയും റുവി കെ.എം.സി.സിയുടെ നേതൃത്വത്തിൽ താൽക്കാലിക താമസ സ്ഥലമൊരുക്കി. പാസ്പോർട്ടും, താമസരേഖകളും കൈവശമില്ലാത്തതിനാൽ രേഖകൾ ശരിയായി വരാൻ രണ്ട് മാസമെടുത്തു. ഇന്ത്യൻ എംബസിയുടേയും വിവിധ മന്ത്രാലയങ്ങളുടെയും സഹായത്തോടെ തൊഴിലുടമയെ കണ്ടെത്തുകയും നിയമതടസ്സങ്ങൾ നീക്കുന്നതുവരെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്തി കഴിഞ്ഞ ദിവസം കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്കയക്കുകയായിരുന്നുവെന്ന് മസ്കത്തിലെ റുവി കെ.എം.സി. സി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.