പരിസ്ഥിതി നിയമ ലംഘനം: നടപടി ശക്തമാക്കി പരിസ്ഥിതി അതോറിറ്റി, 120 കേസ് രജിസ്റ്റർ ചെയ്തു
text_fieldsമസ്കത്ത്: ഈ വർഷത്തിന്‍റെ ആദ്യപാദത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 120 പരിസ്ഥിതി നിയമ ലംഘനം റിപ്പോർട്ട് ചെയ്തതായി പരിസ്ഥിതി അതോറിറ്റി (ഇ.എ) അറിയിച്ചു. ഈ വർഷത്തെ ആദ്യമൂന്നു മാസത്തിൽ വിവിധ സ്ഥലങ്ങളിലായി 6,212 പരിശോധന നടത്തി. വാദികളിൽ മാലിന്യം തള്ളുക, നിരോധിത പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം, അനുമതിയില്ലാതെ കുഴി എടുക്കുക തുടങ്ങിയ ലംഘനമാണ് കണ്ടെത്തിയത്. മസ്കത്ത് ഗവർണറേറ്റിൽ 38 കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ 25എണ്ണം നിരോധിത പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ചതിനാണ്.
പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാമ്പയിൻ നടത്തി. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, വാണിജ്യ, വ്യവസായവും നിക്ഷേപ പ്രോത്സാഹന മന്ത്രാലയം തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു കാമ്പയിൻ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാസ്റ്റിക് ബാഗുകൾക്ക് ജനുവരി ഒന്ന് മുതൽ രാജ്യത്ത് നിരോധനമുണ്ട്. തീരുമാനം ലംഘിക്കുന്നവർക്ക് 100 റിയാലിൽ കുറയാത്തതും 2,000 ൽ കൂടാത്തതുമായ പിഴ ചുമത്തും.
ബാത്തിനയിൽ 95 പാരിസ്ഥിതിക അനുമതി
മസ്കത്ത്: വ്യക്തികൾക്ക് മരം മുറിക്കുന്നതിനടക്കം കഴിഞ്ഞ വർഷം തെക്കൻ ബാത്തിനയിൽ 95 പാരിസ്ഥിതിക അനുമതി നൽകിയതായി പരിസ്ഥിതി അതോറിറ്റി (ഇ.എ) പ്രസ്താവനയിൽ അറിയിച്ചു. ഇതിൽ 71 എണ്ണം മരം മുറിക്കുന്നതിനും 24 എണ്ണം വന്യജീവികളെ വളർത്തുന്നതിനുമാണ്. ഇതിനു പുറമെ 13,000 തൈ നടുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അനുവാദവും കൊടുത്തു. ഗവർണറേറ്റിൽ ഹരിത ഇടങ്ങൾ സ്ഥാപിക്കാൻ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ് ഡയറക്ടർ സലിം ബിൻ സഈദ് അൽ മസ്കാരി പറഞ്ഞു.
റുസ്താഖ് വിലായത്തിലെ അൽ അറാഖിയിൽ പരിസ്ഥിതി വകുപ്പ് ഏകദേശം 3.724 മില്യൺ ചതുരശ്ര മീറ്റർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഡെയ്‌മാനിയത്ത് ദ്വീപുകളുടെ നേച്ചർ റിസർവിലെ വനനശീകരണം കുറക്കാനും ഡൈവിങ് പരിമിതപ്പെടുത്താനും പരിസ്ഥിതി വകുപ്പ് 128 ബോധവത്കരണ പരിപാടി നടത്തി. ബീച്ച് ശുചീകരണ കാമ്പയിനുൾപ്പെടെ പരിസ്ഥിതി സംരക്ഷണത്തിന് സമൂഹത്തിന്‍റെ സഹകരണം അത്യാവശ്യമാണെന്ന് സലിം ബിൻ സഈദ് അൽ മസ്കാരി പറഞ്ഞു.
പരിസ്ഥിതി അതോറിറ്റി അധികൃതർ കടകളിൽ പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.