പരിസ്ഥിതി പ്രവർത്തകർ കൈകോർത്തു: 200 കിലോ മത്സ്യബന്ധനവലകൾ നീക്കി
text_fieldsമസ്കത്ത്: ലോക സമുദ്രദിനാചരണ ഭാഗമായി ദിമാനിയത്ത് ദ്വീപുകളിലെ പവിഴപ്പുറ്റുകളിൽ കുടുങ്ങിയ മത്സ്യബന്ധനവലകൾ നീക്കംചെയ്തു. നിരവധി പേർ ശുചീകരണ യജ്ഞത്തിൽ പങ്കാളയായി. ഒമ്പതു മുങ്ങൽ വിദഗ്ധരും മറ്റു വളന്‍റിയർമാരും രണ്ടു മണിക്കൂറിലേറെ അധ്വാനിച്ചാണ് പവിഴപ്പുറ്റുകളിൽ കുടുങ്ങിയ പ്ലാസ്റ്റിക്കുകൾ നീക്കിയത്.
ഇതിനിടെ 10 മീറ്റർ ആഴത്തിൽ വലയിൽ കുടുങ്ങിയ മത്സ്യങ്ങളെ പുറത്തെടുക്കാനും സംഘത്തിന് കഴിഞ്ഞു. പവിഴപ്പുറ്റുകളിലും മറ്റും കുടുങ്ങിയ 200 കിലോയിലധികം വരുന്ന വലകളാണ് കടലിന്‍റെ മടിത്തട്ടിൽനിന്ന് സാഹസികമായി ശേഖരിച്ചത്. ഓരോ വർഷവും ശരാശരി 5,00,000 മുതൽ ഒരു ദശലക്ഷം ടൺ വരെ മത്സ്യബന്ധന ഉപകരണങ്ങൾ കടലിൽ ഉപേക്ഷിക്കപ്പെടുന്നുണ്ടെന്ന് വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്‍റെ റിപ്പോർട്ടിൽ പറയുന്നു. 2018ൽ എർത്ത് ഡോട്ട് ഒആർജി (Earth.Org) പങ്കുവെച്ച കണക്കുകൾപ്രകാരം ഓരോ വർഷവും ഉപേക്ഷിക്കപ്പെട്ട വലകൾ മൂലം 6,50,000 വരെ സമുദ്രജീവികൾ കൊല്ലപ്പെടുന്നുണ്ടെന്നാണ്.
ഒമാനികൾക്ക് ജലവുമായി അതുല്യമായ ബന്ധമുണ്ടെന്നും കടലിലും കരയിലും വസിക്കുന്ന ആയിരക്കണക്കിന് സമുദ്രജീവികളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഒമാൻ സെയിൽ സി.ഇ.ഒ ഡോ. ഖമീസ് അൽ ജാബ്രി പറഞ്ഞു. ഒമാൻ സെയിൽ സഹോദര കമ്പനിയായ സീ ഒമാൻ, ഔദ്യോഗിക ലോജിസ്റ്റിക് പ്രൊവൈഡർ ഡി.ബി ഷെങ്കർ ഒമാൻ, എൻവയൺമെന്റ് സൊസൈറ്റി ഓഫ് ഒമാൻ (ഇ.എസ്.ഒ), എൻവയൺമെന്റ് അതോറിറ്റി എന്നിവരുമായി സഹകരിച്ചായിരുന്നു സമുദ്രദിനാചരണം നടത്തിയത്.
വളന്‍റിയർമാരെ പിന്തുണക്കാനായി സീ ഒമാൻ പവർ ബോട്ടുകൾ, ഡൈവിങ് ഉപകരണങ്ങൾ, മുങ്ങൽ വിദഗ്ധർ, കട്ടിങ് ടൂളുകൾ എന്നിവ നൽകി.
പരിസ്ഥിതി അതോറിറ്റി സന്ദർശന പെർമിറ്റുകളുടെ ചെലവ് ഒഴിവാക്കുകയും വലകൾ നീക്കംചെയ്യുന്നതിൽ സഹായിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.