വികസന പദ്ധതികൾ വിലയിരുത്താൻ ഉന്നതതല സംഘം ബുറൈമിയിൽ
text_fieldsമസ്കത്ത്: വികസന പദ്ധതികൾ വിലയിരുത്താൻ മന്ത്രിമാരടങ്ങുന്ന ഉന്നതതല സംഘം ബുറൈമി ഗവർണറേറ്റ് സന്ദർശിച്ചു. ഗവൺമെന്റ് ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും ‘ഒമാൻ വിഷൻ 2040’ന് അനുസൃതമായി ഗവർണറേറ്റിന്റെ സാമ്പത്തിക-ടൂറിസം വളർച്ചയെ പിന്തുണക്കാനും ലക്ഷ്യമിട്ടായിരുന്നു സന്ദർശനം.
പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്, തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് ബിൻ അലി ബാവോയ്ൻ, ഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോഅപ്പ് യൂനിറ്റിന്റെ ചെയർമാൻ ഡോ. ഖമീസ് ബിൻ സെയ്ഫ് അൽ ജാബ്രി, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് എന്നിവരായിരുന്നു ഉന്നതതല സംഘത്തിൽ ഉൾപ്പെട്ടിരുന്നത്. ഗവർണറേറ്റിന്റെ സവിശേഷതകൾ, വികസന പദ്ധതികൾ, അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയെക്കുറിച്ച് ഗവർണർ ഡോ. ഹമദ് ബിൻ അഹമ്മദ് അൽ ബുസൈദി വിശദീകരിച്ചു.
സംരംഭകരെയും നിക്ഷേപകരെയും പിന്തുണക്കുന്നതിനുള്ള നിക്ഷേപ അവസരങ്ങളും തന്ത്രങ്ങളും ഉയർത്തിക്കാട്ടുന്ന പ്രവർത്തനങ്ങളെ പറ്റി ഒ.സി.സി.ഐയുടെ ബുറൈമി ബ്രാഞ്ച് ചെയർമാൻ സഹർ ബിൻ മുഹമ്മദ് അൽ കാബിയും സംസാരിച്ചു.
പദ്ധതി നടപ്പാക്കൽ ത്വരിതപ്പെടുത്തുക, നിക്ഷേപം ഉത്തേജിപ്പിക്കുക, ഒമാനി പൗരന്മാർക്ക് സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചർച്ചകൾ. ടൂറിസം മേഖല വികസിപ്പിക്കുക, പൈതൃക ആസ്തികളിൽ നിക്ഷേപിക്കുക, സമഗ്ര വികസനം കൈവരിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വളർത്തുക എന്നിവയുടെ പ്രാധാന്യം പ്രതിനിധി സംഘം ഊന്നിപ്പറഞ്ഞു.
ബുറൈമി ഡൗൺടൗൺ, കൃത്രിമ തടാകം, ഫലജ് അൽ സാറാനി തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികൾ സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും അവയുടെ സാംസ്കാരിക പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനും ഗവർണറേറ്റിന്റെ വികസന പദ്ധതികളിൽ അവയുടെ സംയോജനം ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളും പ്രതിനിധി സംഘം അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.