കോവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടും ടാക്സി ഡ്രൈവർമാർക്ക് ശനിദശ
text_fieldsമസ്കത്ത്: കഴിഞ്ഞ രണ്ടു വർഷത്തിലധികം സർവരെയും പ്രതിസന്ധിയിലാഴ്ത്തിയ കോവിഡ് മഹാമാരിയിൽനിന്ന് ഒമാൻ മുക്തമായി വരുകയാണെങ്കിലും ടാക്സി ഡ്രൈവർമാർ ഇനിയും കരകയറിയിട്ടില്ല. യാത്രക്കാർ കുറഞ്ഞതടക്കമുള്ള നിരവധി കാരണങ്ങളാൽ ടാക്സി ഡ്രൈവർമാർ ഇപ്പോഴും പ്രതിസന്ധി നേരിടുകയാണ്. കോവിഡ് തുടങ്ങിയത് മുതൽ കൂടുതൽ പ്രയാസങ്ങൾ നേരിടേണ്ടി വന്നത് ടാക്സി ഡ്രൈവർമാരാണ്. നീണ്ടകാലം ഇവർക്ക് റോഡിലിറങ്ങാൻതന്നെ കഴിഞ്ഞിരുന്നില്ല.
പ്രതിസന്ധിക്ക് അയവ് വന്ന് ടാക്സികൾ റോഡിൽ ഇറങ്ങാൻ തുടങ്ങിയെങ്കിലും യാത്രക്കാർ ടാക്സികളിൽ കയറാൻ മടിക്കുകയാണ്. കോവിഡിന് മുമ്പുള്ളതിന്റെ പകുതി പോലും വരുമാനം ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് ഡ്രൈവർമാർ പറയുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ പലരും ടാക്സി ഉപേക്ഷിച്ച് മറ്റു ജോലികളിലേക്ക് നീങ്ങിക്കഴിഞ്ഞു. ചിലർ ഉബർപോലുള്ള ഓൺലൈൻ ടാക്സികളിലേക്കും നീങ്ങി. എന്നാലും ഈ മേഖലയിൽ തുടരുന്നവരും നിരവധിയാണ്.
ടാക്സികളിൽ യാത്രക്കാർ നിറയുന്നതിന് നീണ്ടസമയം കാത്തിരിക്കേണ്ടി വരുന്നതും നിരക്കിന്റെ കാര്യത്തിൽ പലപ്പോഴും വിലപേശേണ്ടി വരുന്നതും യാത്രക്കാർ കുറയാൻ പ്രധാന കാരണമാണ്. ഒരു കാലത്ത് ഒമാന്റെ പ്രധാന നഗരമായിരുന്ന റൂവിയിലേക്ക് പല ഭാഗത്തുനിന്നും വിവിധ ആവശ്യങ്ങൾക്കായി വിദേശികൾ വരാറുണ്ടായിരുന്നു. എന്നാൽ, വിവിധ ഭാഗങ്ങളിൽ നഗരങ്ങൾ വികസിക്കാൻ തുടങ്ങിയതോടെ പൊതുജനം റൂവിയിൽ വരുന്നത് കുറഞ്ഞതും ടാക്സികൾക്ക് പ്രതിസന്ധിയായി.
മെയിൽ റോഡിന്റെ പാല ഭാഗങ്ങളിലും യാത്രക്കാർ ടാക്സിക്കായി കാത്തിരിക്കുന്നതും കുറഞ്ഞിട്ടുണ്ട്. ടാക്സിക്കാരുടെ പ്രധാന റൂട്ടായിരുന്നു റുവി-സീബ് റൂട്ട്. ഈ റൂട്ടിൽ ഇപ്പോൾ സ്ഥിരമായി മുവാസലാത്തിന്റെ ബസ് സർവിസുണ്ട്. ബസ് യാത്രക്ക് കൂടുതൽ സൗകര്യകരവും നിരക്ക് കുറവും ആയതിനാൽ യാത്രക്കാർ ഇപ്പോൾ കൂടുതലും ബസിനെയാണ് ആശ്രയിക്കുന്നത്. അതോടൊപ്പം ഒമാനിൽ സിറ്റി ബസ് സർവിസുകൾ വർധിക്കുന്നതും ടാക്സികൾക്ക് തിരിച്ചടിയാവുന്നുണ്ട്. എന്നാൽ, മുവാസലാത്ത് ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രമാണ് നിർത്തുന്നതെന്നും ടാക്സികൾ യാത്രക്കാരന് ആവശ്യമായ ഇടങ്ങളിലെല്ലാം നിർത്താറുണ്ടെന്നും ഡ്രൈവർമാർ പറയുന്നു. ഇത് യാത്രക്കാർക്ക് വലിയ അനുഗ്രഹവുമാണ്.
എന്നിരുന്നാലും പൊതുജനങ്ങൾ ബസുകളെ തന്നെയാണ് ആശ്രയിക്കുന്നത്. കോവിഡിന് ശേഷം യാത്രക്കാരുടെ പകുതിയായി കുറഞ്ഞതും ജീവിതചെലവ് വർധിക്കുന്നതും ഡ്രൈവർമാർക്ക് തിരിച്ചടിയാണ്. ഇത് ഒഴിവാക്കാൻ രാത്രിയിലും മറ്റും സർവിസ് നടത്തിയാണ് പലരും പിടിച്ചുനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.