സമരമവസാനിച്ചിട്ടും യാത്ര പഴയപടിയായില്ല
text_fieldsമസ്കത്ത്: എയർ ഇന്ത്യ ജീവനക്കാരുടെ സമരമവസാനിച്ചിട്ടും യാത്ര പഴയപടിയായില്ല. വെള്ളിയാഴ്ചയും മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്കുള്ള നിരവധിപേരുടെ യാത്രകൾ മുടങ്ങി. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്.
അത്യാവശ്യകാര്യങ്ങൾക്കായി ടിക്കറ്റെടുത്തവരാണ് ഏറെ ബുദ്ധിമുട്ടിലായത്. ചിലർ മറ്റ് വിമാനക്കമ്പനികളിൽ ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്തും, മസ്കത്ത്-ദുബൈ-ചെന്നൈ വഴി നാട്ടിലെത്തിയവരും ഏറെയായിരുന്നു. വിവാഹം, മരണാനന്തര ചടങ്ങുകൾ, ചികിത്സ തുടങ്ങി അത്യാവശ്യങ്ങളിൽ പങ്കെടുക്കാനാണ് പ്രവാസികൾ ഈ സാഹസിക വഴികൾ തേടിയത്.
മറ്റ് വിമാനക്കമ്പനികളിൽ അടുത്ത ദിവസങ്ങളിൽ ടിക്കറ്റില്ലാത്തതും ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതും പലർക്കും യാത്രക്ക് വിലങ്ങു തടിയാകുന്നുണ്ട്. മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഈമാസം 13വരെ സലാം എയറിൽ ടിക്കറ്റില്ല. അവിടെനിന്ന് മസ്ക്കത്തിലേക്കും ഈമാസം 15 വരെ ടിക്കറ്റ് കിട്ടാനില്ല.
വിസ കാലാവധി കഴിയുന്നവരെയും ഉടൻ ജോലിയിൽ പ്രവേശിക്കേണ്ടവരെയുമാണ് യാത്ര പ്രതിസന്ധി ബുദ്ധിമുട്ടിക്കുന്നത്.എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസ് നിലച്ചത് മറ്റ് വിമാനക്കമ്പനികളായ സലാം എയർ, ഒമാൻ എയർ എന്നിവയുടെ നിരക്കുകൾ കുത്തനെ വർധിക്കാൻ കാരണമായി.
ഒമാനിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിനാൽ നൂറ് കണക്കിന് ഒമാനികൾ ഇന്ത്യയിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. ഇവരിൽ പലരും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ചികിത്സ തേടിയും മറ്റും പോയതായിരുന്നു.
അതേസമയം, ശനിയാഴ്ചമുതൽ യാത്രകൾ പഴയതുപോലെയാകുമെന്നാണ് കരുതുന്നതെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.