സ്കൂൾ സീസണായിട്ടും സജീവമാകാതെ മത്ര സൂഖ്
text_fieldsമത്ര: സ്കൂൾ സീസൺ കാലമായിട്ടും ഉണരാതെ ആലസ്യത്തിലാണ്ട് മത്ര സൂഖ്. സാധാരണ ബലിപെരുന്നാള്‍ സീസൺ കഴിഞ്ഞാല്‍ തൊട്ടടുത്ത മാസം വിപണിയില്‍ മാന്ദ്യം അനുഭവപ്പെടാറുണ്ട്. എന്നാല്‍, ഇക്കുറി പതിവിന് വിപരീതമായി കടുത്ത കച്ചവടമാന്ദ്യമാണ് നേരിടുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. കനത്ത ചൂടും പെരുന്നാള്‍ കഴിഞ്ഞതിന് ശേഷം ഉപഭോക്താക്കളുടെ കൈയില്‍ പണമില്ലാത്തതും വിപണി സജീവമാകാതിരിക്കാന്‍ കാരണമായി പറയുന്നു.
ഇത്തവണത്തെ ബലിപെരുന്നാള്‍ സീസണിലും കാര്യമായ കച്ചവടം നടന്നില്ലെന്നാണ് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നത്. സ്വദേശി സ്കൂളുകൾ ഈ മാസാവസാനമാണ് തുറക്കുന്നത്. ഇന്ത്യൻ സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചുകഴിഞ്ഞിട്ടുമുണ്ട്. അതിനാല്‍തന്നെ സ്കൂൾ ബാഗ്, ഷൂ, സ്കൂൾ യൂനിഫോം, ഷാള്‍ തുടങ്ങിയവയുടെ വിപണി ഉണരേണ്ട സമയമാണ്. എന്നാൽ, പ്രതീക്ഷിച്ച ഉണർവ് ഇതുവരെയുണ്ടായിട്ടില്ല.
പുതിയ മാസത്തിൽ ശമ്പളം ലഭിക്കുന്നതോടെ വിപണിയില്‍ ചലനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ സാധനങ്ങള്‍ ശേഖരിച്ച് കച്ചവടക്കാര്‍ കാത്തിരിക്കുകയാണ്. ഇത്തവണത്തെ കനത്ത ചൂടും വാരാന്ത്യ അവധി ദിനങ്ങളിലും ഒഴിവുദിനങ്ങളിലും ഉപഭോക്താക്കൾ സൂഖുകളില്‍ കാര്യമായി വരാത്തതിന് കാരണമാണ്. ബിസിനസ് രംഗം പിറകോട്ടടിക്കുന്നത് ചില്ലറ വ്യാപാരികൾക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുന്നതെന്ന് നിരാശയോടെ പങ്കുവെക്കുന്നു. കച്ചവടത്തിലെ കുറവ് വലിയതോതില്‍ ബാധിച്ചതിനാല്‍ ദിവസേനയുള്ള ചെലവുകള്‍ക്കുപോലും പ്രയാസപ്പെടുന്ന അവസ്ഥയാണ് വ്യാപാര മേഖലയിലുള്ളത്. ജീവനക്കാരെ നാട്ടിലയച്ചും
നാട്ടിലുള്ളവരോട് സാവകാശം തിരികെ മടങ്ങിയാല്‍ മതിയെന്നുമൊക്കെ അറിയിച്ചുമാണ് വര്‍ധിച്ചതോതിലുള്ള ചെലവുകളെ കച്ചവടക്കാര്‍ മറികടക്കുന്നത്. വരുംദിവസങ്ങളിലും സൂഖ് സജീവമാകുന്നില്ലെങ്കിൽ നിരവധി പേരാണ് ദുരിതത്തിലാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.