ഇവിടുത്തെ കാറ്റിനു പോലും സുഗന്ധമാണ്....
text_fieldsമത്ര: ലുബാന് എന്ന് അറബികള്‍ വിളിക്കുന്ന കുന്തിരിക്കം ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരിനമാണ്. പെട്രോൾ കണ്ടെത്തുന്നതിന് മുമ്പ് ഒമാന്‍ അറിയപ്പെട്ടിരുന്നത് 'കുന്തിരിക്കത്തിെൻറ നാടെന്നാണ്'. കുന്തിരിക്ക മരങ്ങളില്‍നിന്നും ഊര്‍ന്ന് വരുന്ന കറ ഉണക്കിയെടുത്ത് ലോകത്തിെൻറ നാനാദിക്കുകളിലേക്ക് ഒമാന്‍ കയറ്റി അയച്ചിരുന്നു. കാലം മാറിയെങ്കിലും പാരമ്പര്യവും സംസ്കാരവും മുറുകെപ്പിടിക്കുന്ന ഒമാനികളുടെ നിത്യജീവിതത്തിൽ ഇപ്പോഴും കുന്തിരിക്കമുണ്ട്. അവരുടെ വസ്ത്രങ്ങളില്‍ മാത്രമല്ല, ശ്വാസനിശ്വാസത്തില്‍ പോലും കുന്തിരിക്കത്തിെൻറയും ബഹൂറിെൻറയും ഗന്ധമുണ്ടാകും.
കുന്തിരിക്കം പുകക്കാന്‍ മാത്രമല്ല ഉപയോഗിക്കാറ്. പ്രത്യേകം വേര്‍തിരിച്ചെടുത്ത് ച്യൂയിഗം പോലെ ഒമാനികള്‍ ചവക്കും. അതില്‍ തന്നെ തിന്നുന്ന ലുബാന് വേറെയുമുണ്ട്. വെള്ളത്തിലിട്ട് കുതിര്‍ത്ത് വെറും വയറില്‍ കഴിക്കുന്നതും ഔഷധമാണെന്നും പറയപ്പെടുന്നു. ഹോജരി, ആദി, സാഫി, ദകര്‍ തുടങ്ങിയ ഇനങ്ങളില്‍ ലുബാനുണ്ട്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നും വന്നെത്തുന്നവര്‍ മത്രയില്‍നിന്നും ആദ്യം സ്വന്തമാക്കുക കുന്തിരിക്കമാണ്. കുന്തിരിക്കം സംസ്കാര ഭാഗമായതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിവിധ ഉല്പന്നങ്ങള് മത്ര വിപണിയില്‍ ലഭ്യമാണ്. ഇപ്പോള്‍ സ്പ്രേ പെര്‍ഫ്യൂമും ഓയില്‍ പെര്‍ഫ്യൂമും മസാജ് ഓയിലും തയാറാക്കുന്നു.
മത്രയിലെ 'സുഖുല്‍ അത്തറില്' വന്നാല്‍ കൗതുകമുണര്‍ത്തുന്ന അത്തരം വിവിധ ഉല്പന്നങ്ങള് കാണാം. അതില്‍ ഒരിനമാണ് 'മുബഖര്'. വീട്ടില്‍നിന്നും പുറത്തിറങ്ങുന്നതിന് മുമ്പ് വസ്ത്രത്തില്‍ അല്പം കുന്തിരിക്കത്തിെൻറ പുക കൊള്ളിക്കാന്‍ ഉപയോഗിക്കുന്ന മരത്തട്ടാണ് മുബഖര്. ഇത് തറയില്‍ വെച്ച് താഴെ കുന്തിരിക്കവും ബഹൂറും കത്തിച്ചു വെച്ച ശേഷം അതിനു മേലെ വസ്ത്രം വിരിക്കും. അല്പം കഴിഞ്ഞെടുത്താല്‍ വസ്ത്രം ആകെ കുന്തിരിക്കത്തിെൻറയും ബഹൂറിെൻറയും മണമാകും. രമ്പരാഗത ഒമാനികളുടെ കൈത്തൊഴിലാണ് മുബഖര് നിർമാണം. മരത്തിെൻറ ചെറിയ പട്ടികകള്‍ കൊണ്ട് നിര്‍മിക്കുന്നവയും ഈന്തപ്പനയുടെ പട്ട കൊണ്ടുണ്ടാക്കുന്ന മുബഖറുമുണ്ട്. ഇപ്പോള്‍ ലോഹ നിര്‍മിത മുബഖറുകളും സുലഭമാണ്. ബഹൂറും കുന്തിരിക്കവും പുകക്കാന്‍ കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന മജ്മറാണ് (ചട്ടി) പരമ്പരാഗതമായി ഉപയോഗിച്ചു വരാറുള്ളത്.
ഇപ്പോള്‍ മജ്മറിനും പരിഷ്കരിച്ച പതിപ്പുകള്‍ ലഭ്യമാണ്.ഇലക്ട്രിക്ക് ബര്‍ണറും പ്രോക്ലീന്‍, കോപ്പര്‍, അലൂമിനിയം തുടങ്ങിയ ലോഹക്കൂട്ടുകളാല്‍ തയാറാക്കുന്ന മജ്മറുകളുമാണ് പുതിയ രീതിയില്‍ പുകയ്ക്കാൻ വിപണിയില്‍ ലഭ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.