നിയന്ത്രണങ്ങൾ ഒഴിഞ്ഞിട്ടും ആളനക്കമില്ലാതെ റൂവി
text_fieldsമസ്കത്ത്: ലോക്ഡൗണിെൻറ ഭാഗമായ സഞ്ചാര നിയന്ത്രണങ്ങൾ ഒഴിഞ്ഞിട്ടും ആളനക്കമില്ലാതെ ഒമാെൻറ വ്യാപാര തലസ്ഥാനമായ റൂവി. പെരുന്നാളിനോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള കോവിഡ് വ്യാപനം തടയാൻ ജൂലൈ 25 മുതൽ അധികൃതർ ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ ലോക്ഡൗണും രാത്രി സഞ്ചാരവിലക്കും ഏർപ്പെടുത്തിയിരുന്നു. ആഗസ്റ്റ് 15 മുതലാണ് രാത്രി സഞ്ചാരവിലക്ക് പൂർണമായി ഒഴിവാക്കിയത്. നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയ ശേഷമുള്ള ആദ്യ വാരാന്ത്യമായിരുന്നു ഇന്നലെ. നിന്ത്രണങ്ങൾ എടുത്തുകളയുന്നതോടെ ആളുകൾ പുറത്തിറങ്ങുമെന്നും വ്യാപാരം മെച്ചപ്പെടുമെന്നുമുള്ള തങ്ങളുടെ പ്രതീക്ഷ തെറ്റിയതായി കച്ചവടക്കാർ പറയുന്നു.
വെള്ളിയാഴ്ചകളിലാണ് റൂവിയിൽ ഏറ്റവും കൂടുതൽ ആളെത്തുന്നത്. ഉൾഭാഗങ്ങളിൽനിന്നും മറ്റും നിരവധി പേർ വെള്ളിയാഴ്ചകളിൽ റൂവിയിലെത്താറുണ്ട്. വീട്ടുജോലിക്കാരും കമ്പനികളിൽ േജാലി ചെയ്യുന്നവരുമടക്കം എത്തുന്നതിനാൽ ഇൗ ദിവസങ്ങളിൽ നല്ലതിരക്കാണ് അനുഭവപ്പെടുന്നത്. ഇത് കച്ചവടക്കാർക്കും വലിയ അനുഗ്രഹമാവാറുണ്ട്. ഒരാഴ്ചക്കാലത്തെ നഷ്ടങ്ങൾ വാരാന്ത്യങ്ങളിലാണ് കച്ചവടക്കാർ നികത്തുന്നത്. എന്നാൽ, ലോക്ഡൗൺ പിൻവലിച്ചശേഷം സംഭവങ്ങൾ ആകെ മാറിയതായി വ്യാപാരികൾ പറയുന്നു. സാധാരണ ദിവസങ്ങളിലെ ആളുകൾ പോലും ഇന്നലെ എത്തിയില്ല.
ഞായർ മുതൽ വ്യാഴം വരെയുള്ള സാധാരണ ദിവസങ്ങളിലാണ് കുറച്ചെങ്കിലും ആളുകളെത്തുന്നത്. ഇൗ സ്ഥിതി തുടർന്നാൽ ഏറെ പ്രയാസം അനുഭവിക്കേണ്ടിവരുമെന്നും വ്യാപാരികൾ പറയുന്നു. നിലവിൽ കടവാടക കൊടുക്കാനും ശമ്പളം നൽകാനും കഴിയാത്ത അവസ്ഥയാണെന്നും പല വ്യാപാരികളും പറയുന്നു.
റൂവിയിൽ എത്തുന്നത് കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന സാധാരണക്കാരാണ്. പാർക്കിങ് അടക്കമുള്ള നിരവധി പ്രശ്നങ്ങൾ കാരണം വാഹനങ്ങളുള്ളവരും ഉയർന്ന തസ്തികകളിലുള്ളവരുമെല്ലാം മാളുകളിലാണ് പോവുന്നത്. എന്നാൽ, കോവിഡ് പ്രശ്നം വന്നതോടെ കമ്പനികൾ ജീവനക്കാരെ ലേബർ ക്യാമ്പിൽനിന്ന് പുറത്തേക്ക് വിടുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ കമ്പനി ബസുകളിലും മറ്റുമാണ് ലേബർ ക്യാമ്പുകളിൽ നിന്നുള്ളവർ റൂവിയിലെത്തിയിരുന്നത്. നിയന്ത്രണങ്ങൾ വന്നതാേടെ ഇത്തരക്കാരെ റൂവിയിൽ കാണാൻതന്നെ ഇല്ലാതായിട്ടുണ്ട്്. മസ്കത്തിെൻറ വിവിധ ഭാഗങ്ങളിലെ വീടുകളിൽ േജാലി ചെയ്യുന്നവരെയും കോവിഡ് ഭീതിയിൽ വീടുകളിൽനിന്ന് പുറത്തുവിടുന്നില്ല. ശമ്പളം കിട്ടാത്തതും ശമ്പളം വെട്ടിക്കുറച്ചതുമൊക്കെ വ്യാപാര മേഖലയെ ബാധിക്കുന്നുണ്ട്.
പൊതുഗതാഗതം പുനരാരംഭിക്കാത്തതാണ് നിലവിൽ റൂവിയിൽ അനുഭവിക്കുന്ന പ്രധാന പ്രശ്നം. യാത്രക്കാർ കുറഞ്ഞതിനാൽ ടാക്സികൾ ആവശ്യത്തിന് ഒാടുന്നില്ല. ഒാടുന്നവർതന്നെ സാമൂഹിക അകലം പാലിച്ചാണ് യാത്രക്കാരെ കൊണ്ടുപോവുന്നത്. ഉയർന്ന നിരക്കുകളാണ് ടാക്സിക്കാർ ഇൗടാക്കുന്നത്. നേരത്തേ 300ഉം 400 ബൈസയും ഇൗടാക്കിയ റൂട്ടുകളിലേക്ക് ഒരു റിയാലും മറ്റുമാണ് ചില ടാക്സിക്കാർ ഇൗടാക്കുന്നത്. അതിനാൽ പൊതുജനങ്ങൾ ടാക്സിയിലും മറ്റും യാത്രചെയ്യാൻ മടിക്കുന്നു. മുവാസലാത്ത് ബസ് സർവിസുകൾ പുനരാരംഭിച്ചാൽ സ്ഥിതി മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്ന വ്യാപാരികളും നിരവധിയാണ്. ഏതായാലും നിലവിലെ അവസ്ഥയിൽ വ്യാപാരികൾ ഏറെ ആശങ്കയിലാണ്. ഇൗ അവസ്ഥയിൽ ഡിസംബർ വരെ പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന് ആശങ്കിക്കുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.