സുന്ദരമീ മത്ര ‘ദര്‍വാസ’ സ്ക്വയറിലെ സായാഹ്ന കാഴ്ച
text_fieldsമത്ര: സൂഖ് കവാടത്തിലെ കമാനത്തിന് അരികിലെത്തിയാല്‍ പൊലിവുള്ളൊരു പതിവ് സായാഹ്ന കാഴ്ച കാണാം. വിവിധ തുറകളില്‍പെട്ട സ്വദേശി വയോജനങ്ങളും മധ്യവയസ്കരുമൊക്കെ ഒത്തുചേര്‍ന്നുള്ള ആഹ്ലാദവും ഉല്ലാസവും നിറഞ്ഞ സംഗമരംഗമാണിത്.
യുവാക്കളെ വെല്ലുന്ന തരത്തിലുള്ള കളിചിരികളും ആരവങ്ങളും നിറഞ്ഞ ഈ സായാഹ്ന കാഴ്ചകള്‍ക്ക് വല്ലാത്തൊരു മനോഹാരിതയാണ്. ദിവസവും വൈകീട്ട് മൂന്നു മണി പിന്നിടുന്നതോടെ സംഘാംഗങ്ങള്‍ ഓരോരുത്തരായി ‘ദര്‍വാസ’ സ്ക്വയറില്‍ എത്തി സ്ഥലം പിടിക്കും.
വിവിധ മേഖലകളിൽ ജോലി ചെയ്ത് പിരിഞ്ഞവരും പെന്ഷന് പറ്റിയവരും ജോലിയില്‍നിന്ന് വിരമിക്കാനിരിക്കുന്നവരുമൊക്കെ അടങ്ങിയതാണ് ഗ്രൂപ്. മസ്കത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇവര്‍ ഇവിടേക്ക് വരുമ്പോള്‍ തങ്ങളുടെ വാഹനങ്ങളില്‍ സൗകര്യപ്രദമായ ഇരിപ്പിടവും പായയും മറ്റു വിനോദോപാധികളും കൊണ്ടുവരും.
പതിവായി വരുന്നവരൊക്കെ എത്തിയാല്‍ പിന്നെ സന്ധ്യമയങ്ങുംവരെ അവർ മറ്റൊരു ലോകത്താണ്. കളിയും ചിരിയും തമാശകളും വിനോദങ്ങളുമായുള്ള ലോകം.
വാര്‍ധക്യത്തിന്റെ അവശതകളും വിശ്രമ ജീവിതത്തിലെ വിരസതകളുമൊക്കെ മറക്കുന്ന മണിക്കൂറുകളാണ് ദിനേന ഇവിടെ വ്യയം ചെയ്ത് ഇവര്‍ ഊര്ജസ്വലരാക്കുന്നത്. അംഗങ്ങളില്‍ മിക്കവരും മുടങ്ങാതെ ഇവിടെ ഒത്തുചേരും. മേമ്പൊടിക്ക് ഒമാനി ഖഹ്വയും കജൂറും, സാത്തറും ഇഞ്ചിയുമൊക്കെ ഇട്ട് തിളപ്പിച്ച ചായയും തര്മൂസില് ഉണ്ടാകും.
കളി തമാശകളില്‍ ഏർപ്പെട്ടും സൊറ പറയാനും വരുന്നവരെ ലക്ഷ്യമിട്ട് ഒമാനി ഹരീശ് (പായസം പോലുള്ള ഉപ്പുരസമുള്ള ഒരു തരം പാനീയം) വില്പനക്കാരനും കൂട്ടത്തില്കൂടും. 100 ബൈസ കൊടുത്താല്‍ വഴിപോക്കര്‍ക്കും ഇവിടെനിന്നും ഹരീശ് രുചിച്ച് പോകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.