വിനിമയ നിരക്ക്; സർവകാല റെക്കോഡിൽ ഒരു റിയാലിന് 217.80 ഇന്ത്യൻ രൂപ
text_fieldsമസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് ഉയർന്ന ചൊവ്വാഴ്ച സർവകാല റെക്കോഡിലെത്തി. ഒരു റിയാലിന് 217.80 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയസ്ഥാപനങ്ങൾ ചൊവ്വാഴ്ച നൽകിയത്. അതായത് ആയിരം രൂപക്ക് 4.591 റിയാൽ നൽകിയാൽ മതിയാവും. ഇത് സർവകാല റെക്കോഡാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് വിനിമയ നിരക്ക് പെട്ടെന്ന് ഉയരാൻ തുടങ്ങിയത്. അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതു കാരണം ഇന്ത്യൻ രൂപയുടെ വില ഇടിഞ്ഞതാണ് വിനിമയ നിരക്ക് ഉയരാൻ കാരണം.
ചൊവ്വാഴ്ച ഒരു ഡോളറിന്റെ വില 83.85 രൂപയാണ്. തിങ്കളാഴ്ച ഒരു ഡോളറിന്റെ വില 83.84 രൂപയായിരുന്നു. വിനിമയ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. റിസർവ് ബാങ്ക് ഇടപെട്ടത് കൊണ്ടാണ് രൂപ കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് മാർക്കറ്റിൽ ഡോളർ ഇറക്കിയിരുന്നു.
ഡോളർ ശക്തി പ്രാപിച്ചതും മറ്റു കറൻസികളെ അപേക്ഷിച്ച് ഡോളർ ഇൻഡക്സ് ഉയർന്നതുമാണ് ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിച്ചത്. 102.9 പോയന്റായിരുന്നു ഡോളർ ഇൻഡക്സ്. ഇതോടെ എല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും കറൻസി തകർച്ച നേരിടുന്നുണ്ട്. 0.1 ശതമാനം മുതൽ 0.9 ശതമാനം വരെയാണ് വിവിധ ഏഷ്യൻ രാജ്യങ്ങളുടെ തകർച്ച നിരക്ക്. ജപ്പാൻ കറൻസി 12 ശതമാനം തകർച്ചയാണ് നേരിട്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ത്യൻ മാർക്കറ്റിൽ നിന്ന് ഡോളർ വിദേശത്തേക്ക് ഒഴുകുകയാണ്. ഇന്ത്യൻ ഒാഹരി വിപണിയെ നിയന്ത്രിക്കുന്ന വിദേശ നിക്ഷേപകർ തിങ്കളാഴ്ച 10,073 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
ചൊവ്വാഴ്ച 3,531 കോടി രൂപയുടെ ഓഹരികളും പിൻ വലിച്ചിരുന്നു. മധ്യ പൗരസ്ഥ്യ ദേശത്ത് ഉരുണ്ട് കൂടുന്ന സംഘാർഷാവസ്ഥയാണ് ഇന്ത്യയിൽ നിന്ന് ഡോളർ പുറത്തേക്ക് ഒഴുകാൻ കാരണം. അമേരിക്കയിൽ റിസഷൻ ഉണ്ടാവുമെന്ന ഭീതിയും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അമേരിക്കയിലെ തൊഴിൽ അവസരങ്ങളുടെ നിരാശപ്പെടുത്തുന്ന കണക്കുകളും തൊഴിലില്ലായ്മ 4.3 ശതമാനമായി ഉയർന്നതും ഇന്ത്യയിൽ നിന്നുള്ള ഡോളർ ഒഴുക്കിന് കാരണമാക്കുന്നുണ്ട്.
റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോഡിലെത്തിയിട്ടും വിനിമയ സ്ഥാപനങ്ങളിൽ വലിയ തിരക്കൊന്നും അനുഭവപ്പെടുന്നില്ലെന്ന് വിനിമയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. സാധാരണ വിനിമയ നിരക്ക് വിനിമയ സ്ഥാപനങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്.
ജീവനക്കാർ അധിക സമയം ജോലി ചെയ്താണ് ഈ തിരക്ക് നിയന്ത്രിച്ചിരുന്നത്. ഇത്തരം ഘട്ടത്തിൽ വലിയ സംഖ്യകളാണ് ഇവർ നാട്ടിലേക്ക് അയക്കുന്നത്. എന്നാൽ പതിവിൽ നിന്ന് വിപരീതമായി വലിയ തിരക്കൊന്നും അനുഭവപ്പെട്ടില്ല. ഉയർന്ന നിരക്കിനായി കാത്തിരുന്ന പലരും വിനിമയ നിരക്ക് 217 കടന്നപ്പോൾ തന്നെ പണം നാട്ടിലേക്ക് അയച്ചിരുന്നു. ഇനിയും പണം നാട്ടിൽ അയക്കാതെ കരുതി വെക്കുന്നവർ ഉയർന്ന നിരക്കിനായി കാത്തിരിക്കുകയാണ്. വിനിമയ നിരക്ക് ഉയർന്ന് ഒരു റിയാലിന് 220 രൂപ എന്ന നിരക്കിലെത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. ഏതായാലും വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ഏറെ സന്തോഷം പകരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.