വിനിമയ നിരക്ക് വീണ്ടും റെക്കോഡിൽ
text_fieldsമസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് സർവകാല റെക്കോഡിലെത്തി. തിങ്കളാഴ്ച രാവിലെ ഒരു റിയാലിന് 215.80 രൂപ വരെയാണ് വിനിമയ സ്ഥാപനങ്ങൾ നൽകിയത്. ഇത് ഇനിയും വർധിച്ച് 216 ആകാൻ സാധ്യതയുണ്ടെന്നാണ് ഒമാനിലെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനങ്ങളിലെ മാനേജർമാർ അഭിപ്രായപ്പെടുന്നത്. അന്താരാഷ്ട്ര വിനിമയ നിരക്ക് പേർട്ടലായ ‘എക്സ് ഇ എക്സ്ചേഞ്ച്’ ഒരു ഒമാനി റിയാലിന് 216 രൂപയിൽ കൂടുതൽ നിരക്കാണ് തിങ്കളാഴ്ച കാണിക്കുന്നത്.
നിരക്ക് ഉയർന്നതോടെ വിനിമയ സ്ഥാപനങ്ങളിൽ പണം അയക്കാൻ കൂടുതൽ പ്രവാസികൾ എത്തിയത് തിരക്ക് വർധിക്കാൻ കാരണമായി. പ്രത്യേകിച്ച് ഓണം അടുത്തെത്തിയതോടെ മലയാളികൾ അടക്കമുള്ളവർ നാട്ടിലേക്ക് പണമയക്കുന്ന സമയമാണ്. കഴിഞ്ഞ കുറച്ച് ദിവസമായി വിനിമയ നിരക്ക് ഉയർന്നുതന്നെ നിൽക്കുന്നുണ്ട്. ജൂൺ മാസത്തിൽ വിനിമയ നിരക്ക് 212.20 വരെ താഴ്ന്നിരുന്നു. എന്നാൽ, ജൂലൈ മുതൽ നിരക്ക് വീണ്ടും ഉയരാൻ തുടങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 20നാണ് ഇതിന് മുമ്പ് വിനിമയ നിരക്ക് സർവകാല റെക്കോഡിൽ എത്തിയത്. റിയാലിന് 215.50നടുത്താണ് അന്ന് നിരക്ക് എത്തിയത്.
അമേരിക്കൻ ഡോളർ ശക്തിയായതാണ് ഇന്ത്യൻ രൂപയുടെ മൂല്യം തകരാനും വിനിമയ നിരക്ക് ഉയരാനും പ്രധാന കാരണം. ഫെഡറൽ റിസർവ് നടത്തിയ സാമ്പത്തിക പരിഷ്കരണങ്ങളാണ് അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കാനിടയാക്കിയത്. ഇന്ത്യയിൽ വിദേശ നിക്ഷേപകരുടെ സാന്നിധ്യം ഓഹരി വിപണിയെ ശക്തിപ്പെടുത്തുമെങ്കിലും എണ്ണവില ഇനിയും ഉയരുകയാണെങ്കിൽ വിനിമയ നിരക്കും ഉയരാൻ കാരണമാകും. ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് ഇടപെടാനും സാധ്യതയുണ്ട്.
അക്കൗണ്ട് കമ്മി ഉയരുന്നതും യു.എസ് ഡോളർ ശക്തിപ്പെടുന്നതും പണപ്പെരുപ്പം ഉയരുന്നതും അടക്കമുള്ള കാരണങ്ങളാണ് രൂപ ദുർബലമാകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ വിലയും ഈ വർഷം ആദ്യം മുതൽ കുത്തനെ ഉയർന്നിട്ടുണ്ട്. ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും വിദേശ ഫണ്ടുകളുടെ ഒഴുക്കും രൂപയെ ബാധിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.