വിനിമയ നിരക്ക് കുറഞ്ഞു, റിയാലിന് 215.50 രൂപ
text_fieldsമസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് കുറഞ്ഞ് ഒരു റിയാലിന് 215.50 രൂപ നിരക്കിലെത്തി. ഇത് രണ്ട് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
സമാനമായ വിനിമയ നിരക്ക് കഴിഞ്ഞ മാർച്ച് 21നാണുണ്ടായത്. പിന്നീട് നിരക്ക് വർധിക്കുകയും ഒരു റിയാലിന് 217 രൂപയുടെ അടുത്തെത്തുകയുമായിരുന്നു. കഴിഞ്ഞമാസം 17നാണ് വിനിമയ നിരക്ക് റിയാലിന് 217 രൂപക്ക് അടുത്തെത്തിയത്. പിന്നീട് ഉയർന്നും താഴ്ന്നും 216-217 രൂപക്കും ഇടയിൽ നിൽക്കുകയായിരുന്നു. ബുധനാഴ്ച മുതലാണ് കുത്തനെ താഴാൻ തുടങ്ങിയത്. ചൊവ്വാഴ്ച ഒരു റിയാലിന് 216.60 രൂപയാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയിരുന്നത്. ബുധനാഴ്ച 216.10 രൂപയായി കുറഞ്ഞു. വ്യാഴാഴ്ച 215.75 ആയും വെള്ളിയാഴ്ച 215.50 ആയും താഴ്ന്നു. അഞ്ച് മാസത്തിനുള്ളിൽ ആദ്യമായാണ് ഒരാഴ്ചയിൽ വിനിമയ നിരക്ക് ഇത്രയും കുറയുന്നത്.
ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപ ശക്തി പ്രാപിക്കുന്നതാണ് റിയാലിന്റെ വിനിമയ നിരക്ക് കുറയാൻ പ്രധാന കാരണം. ഒരു ഡോളറിന് 83.0975 രൂപയണ് വെള്ളിയാഴ്ചത്തെ വില. ഇന്ത്യൻ രൂപ 0.2 ശതമാനം വർധനയാണ് കാണിക്കുന്നത്. ഡോളർ ശക്തി പ്രാപിക്കുമ്പോഴും ഇന്ത്യയിലേക്ക് അമേരിക്കൻ ഡോളർ ഒഴുകുന്നതാണ് ഇന്ത്യൻ രൂപ ശക്തിപ്പെടാൻ പ്രധാന കാരണം. ഇന്ത്യൻ വിപണിയെ നിയന്ത്രിക്കുന്ന വിദേശ നിക്ഷേപകർ വ്യാഴാഴ്ച മാത്രം 560 ദശലക്ഷം ഡോളറാണ് ഇന്ത്യയിലേക്ക് ഒഴുക്കിയത്. ഇതോടെ തന്നെ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയിരുന്നു.
വെള്ളിയാഴ്ചയും സമാന രീതിയിൽ ഡോളർ ഇന്ത്യയിലേക്ക് ഒഴുകിയിരുന്നു. ഇതോടെ ഓഹരി വിപണിയും സജീവമാവുകയും നിരക്കുകൾ ഉയരുകയും ചെയ്തു.
അമേരിക്കൻ ഡോളർ മറ്റ് രാജ്യങ്ങളുടെ കറൻസികളെ അപേക്ഷിച്ച് ശക്തി കുറയുന്നതും ഇന്ത്യൻ രൂപക്ക് അനുഗ്രഹമാണ്. അമേരിക്കൻ ഡോളറിന്റെ മൂല്യം കണക്കാക്കുന്ന മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചുള്ള ഡോളർ ഇന്റക്സ് കുറഞ്ഞിരുന്നു. ഡോളർ ഇന്റക്സ് 0.1 ശതമാനമാണ് കുറഞ്ഞ് ഡോളർ ഇന്റക്സ് 104.75 പോയന്റിൽ എത്തി. അമേരിക്കൻ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യതയും ഇതിന് പിന്നിലുണ്ട്.വിനിമയ നിരക്ക് കുറയുന്നത് പ്രവാസികൾക്ക് സന്തോഷം കുറക്കും. മാസാവസാനം അടുത്തതോടെ പ്രവാസികളുടെ ബഹുഭൂരിപക്ഷവും പണം നാട്ടിലേക്ക് അയക്കുന്ന സമയമാണ്. പ്രവാസികൾ മാസാമാസം പണം അയക്കുന്നത് കൊണ്ടാണ് നാട്ടിലെ കുടുംബങ്ങൾ അല്ലലില്ലാതെ കഴിയുന്നത്. വിനിമയ നിരക്ക് കുറയുന്നത് അവരുടെ പണമയക്കലിൽ ചെറിയ കുറവുണ്ടാക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബർ 13നാണ് വിനിമയ നിരക്ക് വല്ലാതെ താഴ്ന്നത്. ഒരു റിയാലിന് 213.50 ആയിരുന്നു അന്ന് വിനിമയ നിരക്ക്. പിന്നീട് വിനിമയ നിരക്ക് പെട്ടെന്ന് വർധിക്കുകയും ആ മാസം തന്നെ 216 കടക്കുകയും ചെയ്തു. അതിനാൽ വിനിമയ നിരക്ക് എപ്പോൾ കുറയുമെന്നും കൂടുമെന്നും പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇറാൻ പ്രസിഡന്റിന്റെ മരണം മൂലം ലോകത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം, ഇസ്രായേൽ-ഫലസ്തീൻ യുദ്ധം തുടങ്ങിയ ഘടകങ്ങളെല്ലാം ലോക സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.