വിനിമയ നിരക്ക് റിയാലിന് 205 രൂപയിലേക്ക്
text_fieldsമസ്കത്ത്: ഒമാൻ റിയാലിന്‍റെ വിനിമയം 205 രൂപ എന്ന ഏറ്റവും ഉയർന്ന നിരക്കിലേക്ക് നീങ്ങുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ 204.15 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ റിയാലിന് കഴിഞ്ഞ ദിവസം നൽകിയത്. വിനിമയ നിരക്ക് ഇനിയും ഉയരാമെന്നും 205 രൂപ വരെ എത്താമെന്നുമാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ, ഇത് താൽക്കാലികമായിരിക്കും. അതേസമയം, റിയാലിന്‍റെ വിനിമയ നിരക്ക് 199-200 രൂപയിൽ സ്ഥിരമായി നിൽക്കാനാണ് സാധ്യതയെന്നും ഇവർ പറയുന്നു. നിരക്ക് അപ്രതീക്ഷിതമായ ഉയർന്ന നിലയിലെത്തിയെങ്കിലും വിനിമയ സ്ഥാപനങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് ധനവിനിമയ സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറയുന്നു. 200 രൂപയിലെത്തിയപ്പോൾ തന്നെ നിരവധിപേർ നാട്ടിലേക്ക് പണം അയച്ചിരുന്നു. പിന്നീട് 2002 എത്തിയപ്പോൾ ബാക്കിയുള്ളവരും അയച്ചിരുന്നു. അതോടൊപ്പം സ്കൂൾ അവധിയായതിനാൽ വലിയ വിഭാഗം പ്രവാസികൾ നാട്ടിലുമാണ്. നാട്ടിൽ പോവുമ്പാൾ പണം അയച്ചവരും നിരവധിയാണ്. അതിനാൽ ഉയർന്ന നിരക്ക് ലഭിച്ചിട്ടും പലർക്കും അത് പ്രയോജനം ചെയ്തിട്ടില്ല. എന്നാൽ രണ്ട് ദിവസത്തിന് ശമ്പളം കിട്ടുന്നതോടെ തിരക്ക് വർധിക്കുമെന്നാണ് വിനിമയ സ്ഥാപനങ്ങൾ പ്രതീക്ഷിക്കുന്നത്.
അമേരിക്കൻ ഡോളർ ശക്തമാവുന്നതാണ് വിനിമയ നിരക്ക് ഉയരാൻ പ്രധാന കാരണം. ഒരു ഡോളറിന് 78.81 രൂപയാണ് ചൊവ്വാഴ്ച നിരക്ക്. ഇത് 80 രൂപവരെ എത്തുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. നിലവിൽ എണ്ണ വില ഉയരുന്നതടക്കമുള്ള നിരവധി കാരണങ്ങളാണ് ഡോളർ ശക്തി പ്രാപിക്കാൻ കാരണം. അമേരിക്കയിൽ പണപ്പെരുപ്പം വർധിക്കാൻ തുടങ്ങിയതോടെ അമേരിക്കൻ ഫെഡറൽ റിസർവ് ശക്തമായ നടപടികളെടുക്കുമെന്ന ധാരണയാണ് ഡോളർ ശക്തമാവാനുള്ള പ്രധാനകാരണം.
അതോടൊപ്പം അമേരിക്കയിൽ പലിശ നിരക്ക് കൂട്ടുന്നതും ഡോളർ ശക്തമാവുന്നതിന്‍റെ പ്രധാന കാരണമാണ്. അടുത്ത മാസം ഇത് സംബന്ധമായ പ്രഖ്യാപനമുണ്ടാവും. പലിശ നിരക്ക് 75 ബേസിക് പോയൻറ് വരെ ഉയരാനാണ് സാധ്യത. ഇത് മുന്നിൽ കണ്ട് വിദേശ നിക്ഷേപകർ ഡോളറിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഓഹരി വിപണിയിൽനിന്ന് വൻ തോതിൽ വിദേശ നിക്ഷേപമാണ് പിൻവലിച്ചത്. ഇത് ഇന്ത്യൻ ഓഹരി വിപണിയിലെ വൻ തകർച്ചയിലേക്ക് നയിക്കുന്നുണ്ട്. റഷ്യ -യുക്രെയ്ൻ യുദ്ധം വൻ സാമ്പത്തിക പ്രതിസന്ധിയാണ് ലോക രാജ്യങ്ങളിൽ ഉണ്ടാക്കുന്നത്. പ്രതിസന്ധി കാരണം എണ്ണ വില കുത്തനെ ഉയരുന്നത് ലോക രാജ്യങ്ങളിൽ വില വർധനക്ക് കാരണമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.