വിനിമയനിരക്ക് റിയാലിന് 217 രൂപയിലേക്ക്
text_fieldsമസ്കത്ത്: റിയാലിന്റെ വിനിമയനിരക്ക് ഉയർന്നു വീണ്ടും ഒരു റിയാലിന് 217 രൂപയിലേക്ക്. ഇന്നലെ ഒമാനിലെ വിനിമയസ്ഥാപനങ്ങൾ ഒരു റിയാലിന് 216.80 രൂപ എന്ന നിരക്കാണ് നൽകിയത്. വിനിമയനിരക്കിന്റെ അന്താരാഷ്ട്ര പേർട്ടലായ എക്സി കറൻസി കൺവെർട്ടർ ഒരു റിയാലിന് 217നു മുകളിലായിരുന്നു കാണിച്ചിരുന്നത്. എന്നാൽ ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ഈ നിരക്ക് നൽകുന്നില്ല. ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഡോളറിന് 83.55 ആണ് വെള്ളിയാഴ്ചത്തെ വില.
ഇന്ത്യൻ രൂപ ശക്തി കുറയുന്നതിനും ഒമാനി റിയാലിന് മൂല്യം വർധിക്കുന്നതിനും നിരവധി കാരണങ്ങളുണ്ട്. അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതാണ് രൂപയുടെ മൂല്യം തകരാൻ പ്രധാന കാരണം.
ഡോളർ ശക്തി പ്രാപിച്ചതോടെ എല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും മൂല്യം കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വർധിക്കുന്നതാണ് ഡോളർ ശക്തിപ്പെടാൻ പ്രധാന കാരണം. എണ്ണ വില വർധിക്കാൻ തുടങ്ങിയതോടെ എണ്ണ ഇറക്കുമതിക്കാർ ഡോളർ വാങ്ങിക്കൂട്ടാൻ തുടങ്ങിയിട്ടുണ്ട്.
അമേരിക്ക സംഭരണത്തിനായി എണ്ണ വാങ്ങുന്നതാണ് എണ്ണക്ക് വില വർധിക്കാൻ പ്രധാന കാരണം. വേനൽ കാലമായതിനാൽ എണ്ണയുടെ ഉപഭോഗം വർധിച്ചതും എണ്ണ വില ഉയരാൻ കാരണമാണ്. ഇതോടെ ഒമാൻ എണ്ണ വിലയും വർധിച്ചിട്ടുണ്ട്. ഒരു ബാരൻ എണ്ണക്ക് 81.97 ഡോളറായിരുന്ന വെള്ളിയാഴ്ച വില.
ഇന്ത്യൻ തെരഞ്ഞെടുപ്പ് ഫലവും രൂപയുടെ മൂല്യത്തെ ബാധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിസ്റ്റ്യുഷനൽ ഇൻവെസ്റ്റേഴ്സ് നിക്ഷേപങ്ങൾ പിൻവലിച്ചതും പണം പുറത്തേക്കൊഴുകിയതും ഓഹരി വിപണി തകർന്നതും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിച്ചിരുന്നു.
വിനിമയസ്ഥാപനങ്ങളിൽ തിരക്കനുഭവപ്പെടുന്നുണ്ട്. പെരുന്നാൾ സീസണിൽ ആളുകൾ നാട്ടിൽ പണമയക്കുന്നതിന്റെയും വേനലവധിക്കു നാട്ടിലേക്കു പോകുമ്പോൾ പണമെടുക്കുന്നതിന്റെയും തിരക്കാണിത്. നിരക്കുകൾകൂടിയതിന്റ തിരക്കനുഭവപ്പെടാൻ തുടങ്ങിയിട്ടില്ലെന്ന് വിനിമയസ്ഥാപനവുമായി ബന്ധപ്പെട്ടവർ പറയുന്നു.
എന്നാൽ നിരക്ക് വർധിക്കുമ്പോൾ പണം അയക്കാൻ കാത്തിരിക്കുന്നവർ കാര്യമയി രംഗത്തെത്തിയിട്ടില്ല. ഇത്തരക്കാരാണ് വലിയ സംഖ്യകൾ നാട്ടിലേക്കയക്കുക.
ഇവർ കൂടുതൽ നല്ല നിരക്കിനായി കാത്തിരിക്കുകയാണ്. ഇക്കൂട്ടത്തിൽ റിയാലിന് 220 രൂപ എന്ന റെക്കോർഡ് നിരക്കിനായി കാത്തിരിക്കുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.