മാധ്യമചരിത്രത്തിലേക്ക് മിഴിതുറന്ന് പ്രദർശനം
text_fieldsമസ്കത്ത്: രാജ്യത്തെ മാധ്യമചരിത്രത്തിലേക്ക് വാതിൽ തുറന്ന് പ്രദർശനം. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ് (ഐ.എഫ്.ജെ) 31ാമത് കോൺഗ്രസിനോടനുബന്ധിച്ച് നാഷനൽ റെക്കോഡ്‌സ് ആൻഡ് ആർക്കൈവ്‌സ് അതോറിറ്റിയാണ് (എൻ.ആർ.എ.എ) ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
1911ൽ ശൈഖ് നാസർ സലേം ആദിം അൽ റവാഹി അൽ ബഹ്‌ലാനി 'അൽ നജാ' ദിനപത്രം സ്ഥാപിച്ചതു മുതൽ ഒമാനി പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ വിലപ്പെട്ട ശേഖരം പ്രദർശനത്തിലുണ്ടെന്ന് എൻ.ആർ.എ.എയുടെ റെക്കോഡ് എക്‌സിബിഷൻസ് വകുപ്പ് ഡയറക്ടർ ഡോ. ഹനൻ മഹ്മൂദ് പറഞ്ഞു.
കിഴക്കൻ ആഫ്രിക്കയിലെ പ്രാദേശിക മാധ്യമങ്ങളായ അൽ ഫലഖ് പത്രം, അന്നഹ്ദ പത്രം, അൽ മരിഫ ദിനപത്രം തുടങ്ങി എഴുപതുകൾ മുതൽ സ്ഥാപിതമായ മറ്റു പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും വാർത്തകളും പ്രദർശനത്തിൽ കാണാവുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാധ്യമങ്ങളിൽ ഒമാനെയും സുൽത്താന്മാരെയും കുറിച്ചുള്ള ലേഖനങ്ങളും വാർത്തകളും പ്രസിദ്ധീകരിച്ചതും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രാദേശിക, അറബ്, ഏഷ്യൻ, യൂറോപ്യൻ, അമേരിക്കൻ പ്രസ് എന്നിവയിൽനിന്നുള്ള വാർത്തകൾ, ലേഖനങ്ങൾ, കത്തിടപാടുകൾ, ഫോട്ടോകൾ, ഡ്രോയിങ്ങുകൾ എന്നിങ്ങനെ 66ലധികം കാര്യങ്ങൾ പ്രദർശനത്തിലുണ്ടെന്ന് ഡോ. ഹനാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.