ഒമാൻ- ബഹ്റൈൻ ചരിത്രത്തിലേക്ക് വാതിൽ തുറന്ന് പ്രദർശനം
text_fieldsമസ്കത്ത്: ഒമാനും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ വിശദീകരിക്കുന്ന പ്രദർശനത്തിന് നാഷനൽ മ്യൂസിയത്തിൽ തുടക്കമായി. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് നാഷനൽ മ്യൂസിയം 'സുൽത്താനേറ്റിന്റെയും ബഹ്റൈൻ രാജ്യത്തിന്റെയും നേതാക്കളുടെ ചരിത്ര ചിത്രങ്ങൾ' എന്ന പേരിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ഒമാനി-ബഹ്റൈൻ സംയുക്ത സമിതിയുടെ എട്ടാമത് സമ്മേളനത്തോടനുബന്ധിച്ചാണ് പ്രദർശനം നടത്തുന്നത്.
ഉദ്ഘാടന ചടങ്ങിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, സാംസ്കാരിക വിദഗ്ധർ, ഇരു രാജ്യങ്ങളിലെയും പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുത്തു.
സുൽത്താൻ തൈമൂർ ബിൻ ഫൈസലിന്റെ കാലഘട്ടം മുതൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആധുനിക ഭരണകാലം വരെയുള്ള ഒമാന്റെയും ബഹ്റൈന്റെയും സാഹോദര്യ ബന്ധത്തെ ഉയർത്തിക്കാട്ടുന്ന ചരിത്രപരമായ ഫോട്ടോഗ്രാഫുകളുടെയും പുരാവസ്തുക്കളുടെയും ശേഖരം പ്രദർശനത്തിലുണ്ട്.
1982ൽ സൗദി അറേബ്യക്കും ബഹ്റൈനും ഇടയിലുള്ള കടൽപ്പാലം പദ്ധതിയുടെ തറക്കല്ലിടൽ വേളയിൽ സുൽത്താൻ ഖാബൂസ് ബിൻ സഈദ് സമ്മാനിച്ച സ്മരണിക കവചവും ബഹ്റൈനിൽനിന്നുള്ള സമ്മാനമായ സുൽത്താൻ ഖാബൂസിന്റെ ശേഖരത്തിൽനിന്നുള്ള ഒരു ആചാരപരമായ കഠാരയും ഇവിടെ കാണാം.
ഒമാനി നാവികൻ അഹമ്മദ് ബിൻ മാജിദ് അൽ-സാദിയുടെ കൈയെഴുത്തുപ്രതി ഉൾപ്പെടുന്ന മ്യൂസിയം പതിപ്പ് 'ദ കലക്ഷൻ ഓഫ് മറൈൻ സയൻസ്’ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ കൈയെഴുത്തു പ്രതിയിൽ ബഹ്റൈനെ പല ഭാഗങ്ങളിലും പരാമർശിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സമുദ്ര ബന്ധത്തിന് അടിവരയിടുന്നതാണിത്.
വർഷങ്ങളായി ഒമാനും ബഹ്റൈനും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയതും സാഹോദര്യവുമായ ബന്ധങ്ങൾ കാണിക്കുന്ന ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ ദൃശ്യാവിഷ്കാരവും ഉദ്ഘാടനച്ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശനം പൊതുജനങ്ങൾക്കും കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.