തടവുകാരുടെ കരവിരുതുകളുടെ നേർക്കാഴ്ചയായി പ്രദർശനം
text_fieldsമസ്കത്ത്: ജയിൽ തടവുകാർ നിർമിച്ച ഉൽപന്നങ്ങളുടെ പ്രദർശനത്തിന് മാൾ ഓഫ് ഒമാനിൽ തുടക്കമായി. അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ഫോർ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് മേജർ ജനറൽ ഖലീഫ ബിൻ അലി അൽ സിയാബി ഉദ്ഘാടനം ചെയ്തു.
പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി എൻജിനിയർ ഇബ്രാഹിം ബിൻ സഈദ് അൽ ഖറൂസിയുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ റോയൽ ഒമാൻ പൊലീസ് ഓഫിസർമാരും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ പ്രതിനിധികളും പങ്കെടുത്തു.
തടവുകാരെ പുനരധിവസിപ്പിക്കുന്നതിനും പരിഷ്കരിക്കുന്നതിനും അവരെ സമൂഹവുമായി സംയോജിപ്പിക്കുന്നതിനുമായ റോയൽ ഒമാൻ പൊലീസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പ്രദർശനമെന്ന് ജനറൽ ഇബ്രാഹിം ബിൻ സഈദ് അൽ ഖറൂസി പറഞ്ഞു. ഏകീകൃത ഗൾഫ് അന്തേവാസി വാരാചരണത്തോടനുബന്ധിച്ച് ‘പരിഷ്കാരത്തിന്റെ പാതയിലേക്ക്’ എന്ന പേരിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 26 വരെ നീളുന്ന പ്രദർശനത്തിൽ കരകൗശല ഉത്പന്നങ്ങൾ, പെയിന്റിങുകൾ, കരകൗശല വസ്തുക്കൾ, വെള്ളി പാത്രങ്ങൾ തുടങ്ങി തടവുകാരുടെ വിവിധ സൃഷ്ടികളാണുള്ളത്.
ജയിൽ തടവുകാരുമായി ആശയവിനിമയം നടത്താനും തങ്ങൾക്കും സമൂഹത്തിനും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ അവരെ പ്രാപ്താരാക്കാനും ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടികളാണ് ഗൾഫ് തടവുകാരുടെ വാരാചരണഭാഗമായി നടക്കുന്നത്. തടവുകാർക്ക് മെച്ചപ്പെട്ട ജീവിതത്തിനും ജീവിതസാഹചര്യത്തിനും യോഗ്യരാക്കുന്നതിനുള്ള പരിശീലനവും വിദ്യാഭ്യാസവും ലക്ഷ്യമിടുന്ന ജയിലുകൾ, അടിസ്ഥാനപരമായി നവീകരണ സ്ഥാപനങ്ങളാണെന്ന ധാരണയോടെയാണ് എല്ലാ ജി.സി.സി രാജ്യങ്ങളിലെയും അംഗങ്ങൾ തടവുകാരുടെ ദിനം ആചരിച്ചുവരുന്നത്.
എല്ലാ അന്തേവാസികൾക്കും സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ്, ഐ.ടി, വ്യക്തിത്വ വികസനം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. പഠന മാധ്യമമായി ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്. ഇങ്ങനെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കാൻ അവരെ പ്രാപ്തരാക്കുന്ന സർട്ടിഫിക്കറ്റുകളും നൽകും. തടവുകാർക്ക് മെച്ചപ്പെട്ട പുനരധിവാസ അവസരങ്ങൾ ഒരുക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം, ഔഖാഫ്, മതകാര്യ മന്ത്രാലയം, സാംസ്കാരിക, കായിക, യുവജന മന്ത്രാലയം എന്നിവയും കൈകോർക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.