സഹകരണം വിപുലപ്പെടുത്തി അംഗോള പ്രസിഡന്റ് മടങ്ങി
text_fieldsമസ്കത്ത്: വിവിധ മേഖലകളിൽ സഹകരണം വിപുലപ്പെടുത്തി ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി അംഗോള പ്രസിഡന്റ് ജോവോ ലോറെൻകോ ഒമാനിൽനിന്ന് മടങ്ങി.
റോയൽ എയർപോർട്ടിൽ നൽകിയ യത്രയയപ്പ് ചടങ്ങിന് ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദി നേതൃത്വം നൽകി. സന്ദർശനത്തിനിടെ സുൽത്താനുമായി കൂടിക്കാഴ്ച നടത്തുകയും ഇരുരാജ്യങ്ങളും തമ്മിൽ കരാറിലും ധാരണപത്രങ്ങളിലും ഒപ്പവെച്ചു.
അംഗോളയിലെ കാറ്റോക്ക, ലുവേൽ ഖനികളിൽ ഓഹരികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കരാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ മേഖലകളിലെ സഹകരണവും സാമ്പത്തിക സംരംഭങ്ങളിലെ സഹകരണത്തിനുള്ള അവസരങ്ങളും പര്യവേക്ഷണം ചെയ്യുന്നതുമാണ് ധാരണ പത്രത്തിലുള്ളത്.
ഔദ്യോഗിക സന്ദർശനത്തിനെത്തിയ അംഗോള പ്രസിഡന്റിനും സംഘത്തിനും ആദരസൂചകമായി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ ആലം പാലസ് ഗസ്റ്റ്ഹൗസിൽ ഔദ്യോഗിക വിരുന്നൊരുക്കിയിരുന്നു. ജോവോ ലോറൻകോയും ഭാര്യയും ഒമാന്റെ ചരിത്രവും പാരമ്പര്യവും പ്രദർശിപ്പിക്കുന്ന സാംസ്കാരിക നാഴികക്കല്ലായ മസ്കത്തിലെ നാഷനൽ മ്യൂസിയം സന്ദർശിച്ചു.
രാജ്യത്തിന്റെ സമുദ്ര പാരമ്പര്യം, വാസ്തുവിദ്യകൾ, പരമ്പരാഗത കരകൗശലത എന്നിവ ഉയർത്തിക്കാട്ടുന്ന മ്യൂസിയത്തിന്റെ പ്രദർശനങ്ങളെക്കുറിച്ച് വിശിഷ്ടാതിഥികൾക്ക് അധികൃതർ വിശദീകരിച്ചു. സുൽത്താനേറ്റിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള മ്യൂസിയത്തിന്റെ ശ്രമങ്ങളെ അംഗോളൻ പ്രസിഡന്റെ അഭിനന്ദിച്ചു.
പരസ്പര താൽപര്യമുള്ള വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം പര്യവേക്ഷണം ചെയ്യുന്നതിനും ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുമായി നിരവധി മന്ത്രിമാരും അണ്ടർ സെക്രട്ടറിമാരും അംഗോളൻ മന്ത്രിമാരും തമ്മിൽ സംയുക്ത യോഗവും മസ്കത്തിൽ നടന്നു.
വിവിധ സാമ്പത്തിക, വ്യാപാര സഹകരണത്തിന്റെ മേഖലകൾ ഇരുപക്ഷവും അവലോകനം ചെയ്യുകയും സംയുക്ത നിക്ഷേപം സുഗമമാക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.