വന്നോണം, ആഘോഷിച്ചോണം..
text_fieldsസോഹാർ: കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഓണക്കാലത്ത് പ്രവാസികൾ 'മാസ്കിട്ടോണം', 'സൂക്ഷിച്ചോണം'എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നതെങ്കിൽ ഇത്തവണ അത് 'വന്നോണം', 'ആഘോഷിച്ചോണം'എന്നൊക്കെ ആയിട്ടുണ്ട്. രണ്ടുവർഷത്തെ കൊറോണക്കാല നിശ്ശബ്ദതക്കുശേഷം വന്നെത്തുന്ന പൊന്നോണത്തെ വരവേൽക്കാൻ ആവേശത്തോടെയുള്ള ഒരുക്കത്തിലാണ് പ്രവാസികൾ.
പ്രവാസി സംഘടനകളും കൂട്ടായ്മകളും സ്ഥാപനങ്ങളുമൊക്കെ അവരുടേതായ ആഘോഷങ്ങൾക്കായുള്ള തയാറെടുപ്പിലാണെന്ന് ഇതിന് ചുക്കാൻ പിടിക്കുന്ന പ്രതിനിധികൾ പറയുന്നു. മലയാളികൾ ഏറെയുള്ള മസ്കത്ത്, സോഹാർ, സലാല പോലെയുള്ള സ്ഥലങ്ങളിൽ ഹാളുകളും റിസോർട്ടുകളും ഫാം ഹൗസുകളുമൊക്കെ ബുക്കിങ്ങിൽ ഏറെ മുന്നോട്ടുപോയി. പ്രവാസികളുടെ ഓണാഘോഷ പരിപാടികൾ മാസങ്ങളോളം നീളുന്നതിനാൽ രണ്ടുമാസം വരെയുള്ള വാരാന്ത്യ അവധികളിലൊക്കെ ഓണപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് റസ്റ്റാറന്റ് ഉടമകൾ പറയുന്നു.
ഓണസദ്യയുടെ പുതിയ രുചിക്കൂട്ടുകൾ പരീക്ഷിച്ചാണ് റസ്റ്റാറന്റുകൾ ഓണത്തെ വരവേൽക്കാനൊരുങ്ങുന്നത്. ഓണസദ്യക്കുള്ള അഡ്വാൻസ് ബുക്കിങ് ഉടൻ ആരംഭിക്കുമെന്ന് ഫലജിലെ ഫുഡ് സ്റ്റുഡിയോ ഉടമ റഷീദ് പറയുന്നു. ലുലു, നെസ്റ്റോ പോലുള്ള വലിയ മാളുകളിലും വിപുലമായ ഓണസദ്യ ഒരുക്കാറുണ്ട്. പാർസൽ മാത്രമാണ് നൽകുക. പൂക്കളം ഇടാനുള്ള പൂവിനും ഓണ പരിപാടിക്ക് കൊഴുപ്പേകുന്ന മാവേലിയുടെ വേഷംകെട്ടുന്നവർക്കുമാണ് ഇത്തവണ ഡിമാന്റ് എന്ന് സോഹാറിലെ എള്ളുണ്ട കൂട്ടായ്മയുടെ പ്രവർത്തകൻ ശിവൻ അമ്പാട്ട് പറയുന്നു.
പല വില്ലകളിലും ഫ്ലാറ്റുകളിലും ഓണാഘോഷ പരിപാടികളുടെ റിഹേഴ്സൽ നടക്കുകയാണെന്നു നർത്തകി കൂടിയായ രമ്യ ദ്വിപിൻ പറഞ്ഞു. കൈരളി ആർട്സ് ക്ലബ്, സോഹാർ മലയാളി സംഘം, നവചേതന തുടങ്ങി ചെറുതും വലുതുമായ സംഘടനകളും കൂട്ടായ്മകളും ഓണം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ സജീവമാക്കി. പൂക്കളം, പാചകം, ചിത്രരചന, പ്രഛന്നവേഷം, മാവേലി വരവ് എന്നിങ്ങനെ നിരവധി ഇനങ്ങളിൽ മത്സരവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മസ്കത്ത് ഇന്ത്യന്‍ മീഡിയ ഫോറം മോഡേണ്‍ എക്സ്ചേഞ്ചുമായി സഹകരിച്ച് നടത്തുന്ന പൂക്കള മത്സരം ഈമാസം 26ന് രാവിലെ ഒമ്പതു മുതല്‍ 11.30 വരെ വാദി കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹാളിൽ നടക്കും.
ഈമാസം 23ന് രജിസ്ട്രേഷന് പൂര്‍ത്തിയാകും. ഇത്തവണ വലിയ സ്റ്റേജ് ഷോകൾ ഇല്ലെങ്കിൽപോലും കൊച്ച് ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണെന്ന് സോഹാറിൽ വിപുലമായ കേരളോത്സവവും യുവജനോത്സവും സംഘടിപ്പിക്കുന്ന സോഹാർ മലയാളി സംഘം പ്രസിഡന്റ് വാസുപിട്ടൻ പറഞ്ഞു.
സൗണ്ട് സിസ്റ്റം ഉപയോഗിക്കാൻ കഴിയാതെ രണ്ടുവർഷത്തിന് മുകളിലായി പ്രയാസത്തിലാണ് കടന്നുപോയതെന്നും കൊറോണ നിയന്ത്രണങ്ങൾ മാറിയതോടെ സ്റ്റേജ് പ്രോഗ്രാമുകളും പൊതുപരിപാടിയും സജീവമായിട്ടുണ്ടെന്ന് സോഹാറിൽ വർഷങ്ങളായി സൗണ്ട് സിസ്റ്റം ചെയ്യുന്ന പ്രദീപ് പറയുന്നു. അരങ്ങും ആഘോഷങ്ങളും ഉണരുമ്പോൾ കോവിഡ് ഉയർത്തിയ ഭീതി അകന്നുപോയ സന്തോഷം ഓണാഘോഷങ്ങളുടെ ഒരുക്കങ്ങളിൽ പ്രതിഫലിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.