മത്രയിലെ പ്രവാസികളെ കണ്ണീരിലാഴ്ത്തി മഹാജന് ഭായിയുടെ വിയോഗം
text_fieldsമസ്കത്ത്: സൂഖിലെ ഫാര്‍മസിസ്റ്റായ മഹാജന് ഭായിയുടെ (55) മരണവാര്‍ത്ത മത്രയിലെ പ്രവാസികളെ കണ്ണീരിലാഴ്ത്തി. മഹാരാഷ്ട്ര നാഗ്പുർ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിൽ മരിച്ചത്. ഒരാഴ്ച മുമ്പായിരുന്നു നാട്ടിലേക്ക് തിരിച്ചത്. അനുപമ ഡബാനെയാണ് ഭാര്യ. മകള്‍: തന്വി. തന്റെ സ്ഥാപനത്തിലേക്ക് മരുന്നിനായും മറ്റും വരുന്നവരോട് സൗഹാർദപരമായി ഇടപഴകുന്ന ഇദ്ദേഹം മലയാളികളടക്കമുള്ള മത്രയിലെ പ്രവാസികൾക്കിടയിൽ പ്രിയങ്കരനായിരുന്നു.
രോഗ വിവരങ്ങളെപറ്റി ചോദിച്ചറിഞ്ഞ് അസുഖത്തിന് കാണിക്കേണ്ട ഡോക്ടർമാരെ പറ്റി പറഞ്ഞു കൊടുക്കുകയും പലവിധ ആശങ്കകളാല്‍ കഴിയുന്നവരെ ഇന്നയിന്ന ചികിത്സകള്‍ നടത്തിയാല്‍ ആശ്വാസമുണ്ടാകുമെന്നുപറഞ്ഞ് സമാധാനിപ്പിച്ച് അയക്കുകയും ചെയ്യാറുള്ള ജനകീയനായ ഒരു വ്യക്തിയെയാണ് മത്രക്കാര്ക്ക് നഷ്ടപ്പെട്ടത്.
കോവിഡ് മഹാമാരി കാലത്ത് എല്ലാം നിശ്ചലമായിരുന്ന സൂഖില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടായത് ഫാര്‍മസിക്ക് മാത്രമാണ്. ഡോക്ടര്‍മാരുടെ കുറിപ്പടികളുമായി നീണ്ട ക്യൂവില്‍ ജനങ്ങള്‍ നില്‍ക്കുമ്പോഴും അക്ഷോഭ്യനായി നിലകൊണ്ട് സമീപിക്കുന്നവർക്കൊക്കെ മരുന്നുകള്‍ നല്കി മാത്രമാണ് മഹാജന് ഭായി സ്ഥാപനം അടച്ചുപോകുമായിരുന്നുള്ളൂ. സാധാരണക്കാരുടെ മനസ്സില്‍ ഡോക്ടറുടെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയെയാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം മത്രക്കാര്ക്ക് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.